ഖത്തർ ലോകകപ്പിൽ അർജന്റീനയെ കിരീടത്തിലേക്ക് നയിച്ചതോടെ ലയണൽ മെസി തന്റെ കരിയറിനെ പൂർണതയിലെത്തിക്കുകയുണ്ടായി. 2014ൽ ഫൈനലിൽ എത്തിയെങ്കിലും കിരീടം നഷ്ടമായ ലയണൽ മെസി തന്റെ മുപ്പത്തിയഞ്ചാം വയസിലാണ് ടീമിനെ മുന്നിൽ നിന്നു നയിച്ച് ഫുട്ബോളിലെ ഏറ്റവും വലിയ കിരീടം കൂടി തന്റെ പേരിലാക്കിയത്. അർജന്റീനക്കു വേണ്ടി തകർപ്പൻ പ്രകടനം നടത്തി ലോകകപ്പിലെ മികച്ച കളിക്കാരനുള്ള ഗോൾഡൻ ബോൾ സ്വന്തമാക്കിയ താരം ക്ലബ് തലത്തിലും രാജ്യാന്തര തലത്തിലും സാധ്യമായ എല്ലാ കിരീടനേട്ടങ്ങളും സ്വന്തം പേരിലാക്കി.
പെലെ, മറഡോണ എന്നീ താരങ്ങൾക്കൊപ്പം ചേർത്തു വെച്ച് നേരത്തെ തന്നെ ചരിത്രത്തിലെ ഏറ്റവും മികച്ച താരമെന്ന് മെസിയെ വിശേഷിപ്പിക്കാറുണ്ടെങ്കിലും ലോകകപ്പ് നേടുന്നതിനു പലരും അതിനെ എതിർത്തിരുന്നു. ലോകകപ്പ് നേടാതെ മെസി ഇതുപോലൊരു വിശേഷണത്തിന് അർഹനല്ലെന്നായിരുന്നു എതിർക്കുന്നവർ വാദിച്ചിരുന്നത്. ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം നേടിയതോടെ ഈ വാദങ്ങളെല്ലാം അവസാനിച്ചു. ലയണൽ മെസിയുടെ സമകാലീനനായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പിന്തുണച്ചിരുന്നവർ പോലും മെസി ചരിത്രത്തിലെ മികച്ച താരമാണെന്ന് സമ്മതിക്കുകയുണ്ടായി.
എന്നാൽ ലയണൽ മെസി ചരിത്രത്തിലെ മികച്ച താരമാണെന്ന് ഇപ്പോഴും സമ്മതിക്കാത്ത ചിലരുണ്ട്. അതിലൊരാളാണ് റയൽ മാഡ്രിഡ് പരിശീലകനായ കാർലോ ആൻസലോട്ടി. റയൽ വയ്യഡോളിഡിനെതിരെ നടക്കാനിരിക്കുന്ന ലാ ലിഗ മത്സരത്തിനു മുന്നോടിയായി മാധ്യമങ്ങളോട് സംസാരിക്കുമ്പോഴാണ് ആൻസലോട്ടി തന്റെ അഭിപ്രായം പ്രകടിപ്പിച്ചത്. തന്റെ വായിൽ നിന്നൊരിക്കലും ലയണൽ മെസി മികച്ച താരമാണെന്ന് കേൾക്കാൻ കഴിയില്ലെന്നും മറഡോണ, ക്രൈഫ് തുടങ്ങിയ മികച്ച താരങ്ങളെ കണ്ട തനിക്കാത് പറയാൻ കഴിയില്ലെന്നും ആൻസലോട്ടി പറയുന്നു.
Carlo Ancelotti won't call Lionel Messi the best of all-time. 😯 pic.twitter.com/QcV8uNLPj8
— CBS Sports Golazo ⚽️ (@CBSSportsGolazo) December 29, 2022
“അത് പറയുക ബുദ്ധിമുട്ടുള്ള കാര്യമാണ്, ലോകകപ്പ് നേടിയാലും ഇല്ലെങ്കിലും താരത്തിന്റെ കരിയർ തുടരും. മെസി ചരിത്രത്തിലെ മികച്ച താരമാണോ? എനിക്കറിയില്ല. വളരെ കരുത്തുറ്റ താരങ്ങളുള്ള ഒരു കാലഘട്ടത്തിലാണ് ഞാൻ ഉണ്ടായിരുന്നത്, ഒരുപാട് പേരുണ്ടായിരുന്നു. മെസി ചരിത്രത്തിലെ മികച്ച താരമാണെന്ന് എന്നിൽ നിന്നും നിങ്ങൾ കേൾക്കില്ല. ഞാൻ മറഡോണ, ക്രൈഫ് എന്നിവരെ കണ്ടിട്ടുണ്ട്. ബാലൺ ഡി ഓർ നേടിയ താരത്തെയാണ് പരിശീലിപ്പിക്കുന്നത്. ചരിത്രത്തിലെ മികച്ച താരമാരാണെന്ന് എനിക്കറിയില്ല.” ആൻസലോട്ടി പറഞ്ഞു.
Ancelotti: You won't hear me saying 'Messi is the best ever' https://t.co/B4Wy6jeVXd
— SPORT English (@Sport_EN) December 29, 2022
കഴിഞ്ഞ സീസണിൽ റയൽ മാഡ്രിഡിനൊപ്പം ലാ ലിഗയും ചാമ്പ്യൻസ് ലീഗും നേടിയ കാർലോ ആൻസലോട്ടി ആ നേട്ടം ഈ സീസണിൽ ആവർത്തിക്കാനുള്ള ശ്രമത്തിലാണ്. നിലവിൽ ബാഴ്സലോണക്ക് പിന്നിൽ രണ്ടാം സ്ഥാനത്തുള്ള റയൽ മാഡ്രിഡ് അതിനെ മറികടക്കാൻ കഴിയുമെന്ന പ്രതീക്ഷയിലാണ് സീസണിന്റെ രണ്ടാം ഘട്ടത്തിനായി ഇറങ്ങുന്നത്. ചാമ്പ്യൻസ് ലീഗിലും ടീമിന് കിരീടപ്രതീക്ഷയുണ്ട്.
carlo ancelotti wont call lionel messi the best in history