ആർക്കാണ് കൂടുതൽ നേട്ടം, റൊണാൾഡോയും മെസിയും ചേക്കേറിയ രണ്ടു ലീഗുകളെ താരതമ്യം ചെയ്യാം | Messi Ronaldo

ക്രിസ്റ്റ്യാനോ റൊണാൾഡോയും ലയണൽ മെസിയും ആരാധകരെ ഞെട്ടിച്ചാണ് യൂറോപ്യൻ ഫുട്ബോൾ വിട്ട് സൗദി പ്രൊ ലീഗിലേക്കും അമേരിക്കൻ ലീഗിലേക്കും ചേക്കേറിയത്. റൊണാൾഡോ ലോകകപ്പിന് പിന്നാലെ സൗദി ക്ലബ്ബിലേക്ക് ചേക്കേറിയപ്പോൾ ലയണൽ മെസി പിഎസ്‌ജി കരാർ അവസാനിച്ചതോടെ ഇന്റർ മിയാമിയിൽ എത്തുകയായിരുന്നു. അതിനു ശേഷം എംഎൽഎസിനേക്കാൾ മികച്ചതാണ് സൗദി ലീഗെന്ന ഒരു അഭിപ്രായം റൊണാൾഡോ പ്രകടിപ്പിക്കുകയുണ്ടായി. ഈ രണ്ടു താരങ്ങളും ചേക്കേറിയ ലീഗുകളെ നമുക്ക് താരതമ്യം ചെയ്യാം.

പണത്തിന്റെയും പ്രതിഫലത്തിന്റെയും കാര്യങ്ങൾ എടുത്തു നോക്കിയാൽ റൊണാൾഡോക്കാണ് കൂടുതൽ മികച്ച കരാർ ലഭിച്ചിരിക്കുന്നത്. ഇരുനൂറു മില്യൺ ഡോളർ റൊണാൾഡോക്ക് ഒരു സീസണിൽ സൗദി ലീഗിൽ നിന്നും പ്രതിഫലമായി ലഭിക്കുമ്പോൾ ഇന്റർ മിയാമിയിൽ മെസിയുടെ പ്രതിഫലം അതിന്റെ നാലിലൊന്നായ അമ്പതു മില്യൺ ഡോളറോളമാണ്. അമേരിക്കൻ ലീഗിൽ ഉയർന്ന വേതനം നൽകുന്നതിന് നിയമപരമായി പരിമിതികളുണ്ട് എന്നതു കൊണ്ട് കൂടിയാണ് ഈ സ്ഥിതിവിശേഷമുണ്ടായത്.

അമേരിക്ക സാങ്കേതികപരമായി വളരെ ഉയർന്ന രാജ്യമായതിനാൽ ഒരു താരത്തിന് തന്റെ ബ്രാൻഡിന്റെ മൂല്യം ഉയർത്തുന്നതിന് വലിയ സാധ്യതകളുണ്ട്. മെസിയും റൊണാൾഡോയും ഓരോ ബ്രാൻഡുകൾ ആണെങ്കിലും അർജന്റീന താരത്തിന് അഡിഡാസ്, ആപ്പിൾ, പെപ്‌സി എന്നിവയിൽ നിന്നും കൂടുതൽ പണം നേടാനുള്ള സാധ്യതയുണ്ട്. പ്രധാന കമ്പനികളെല്ലാം അമേരിക്കയിലുണ്ടെന്നതും ഇക്കാര്യത്തിൽ മെസിക്ക് കൂടുതൽ സാധ്യത നൽകുന്നു.

മത്സരങ്ങളുടെ ഘടനയും നിലവാരവും നോക്കുമ്പോൾ അമേരിക്കൻ ലീഗ് രണ്ടു കോൺഫറൻസുകളായി വിഭജിക്കപ്പെട്ടിരിക്കുന്നു. പതിനഞ്ചു ടീമുകളുള്ള ഓരോ കോൺഫറൻസിൽ നിന്നും ആദ്യ എട്ടു സ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ പ്ലേ ഓഫിലേക്ക് മുന്നേറും. ഈ കോൺഫറൻസുകളിൽ നിന്നും ക്ലബുകൾ തരം താഴ്ത്തപ്പെടില്ല. ലയണൽ മെസിയുടെ ക്ലബായ ഇന്റർ മിയാമി നിലവിൽ ഈസ്റ്റേൺ കോൺഫറൻസിൽ അവസാന സ്ഥാനത്താണ് നിൽക്കുന്നത്.

ഇംഗ്ലണ്ടിൽ എഫ്എ കപ്പുള്ളതു പോലെ മെക്‌സിക്കോയിൽ നിന്നുള്ള ടീമുകൾ ഉൾപ്പെടുന്ന യുഎസ് കപ്പ് അമേരിക്കയിലുണ്ട്. അതിനു പുറമെ സെൻട്രൽ അമേരിക്ക, കരീബിയൻ ടീമുകൾ ഉൾപ്പെടുന്ന, യൂറോപ്പിലെ ചാമ്പ്യൻസ് ലീഗ് പോലെയുള്ള കോൺകകാഫ് ചാമ്പ്യൻഷിപ്പും അമേരിക്കയിലുണ്ട്. ഇതിൽ വിജയം നേടാൻ കഴിഞ്ഞാൽ ലയണൽ മെസിയുടെ ടീമിന് ക്ലബ് ലോകകപ്പിൽ കളിക്കാൻ കഴിയും. അതേസമയം സൗദിയിൽ ലീഗ് എഎഫ്‌സി ചാമ്പ്യൻസ് ലീഗ്, അറബ് ചാമ്പ്യൻസ് കപ്പ്, കിങ്‌സ് കപ്പ് എന്നീ ടൂർണമെന്റുകളും ഉണ്ട്.

താരങ്ങളുടെ നിലവാരം നോക്കുകയാണെങ്കിൽ അമേരിക്കൻ ലീഗിൽ മികച്ച താരങ്ങൾ കളിച്ചിട്ടുണ്ട്. തിയറി ഹെൻറി, വെയ്ൻ റൂണി, ബെക്കാം, സ്ലാട്ടൻ ഇബ്രാഹിമോവിച്ച് എന്നിവരെല്ലാം അതിലുൾപ്പെടുന്നു. അതേസമയം സൗദി ലീഗിൽ കളിക്കുന്ന ആദ്യത്തെ സൂപ്പർതാരം ക്രിസ്റ്റ്യാനോ റൊണാൾഡോയാണ്. എന്നാൽ ഈ സമ്മറിൽ തന്നെ നിരവധി വമ്പൻ താരങ്ങളെ റാഞ്ചിയ സൗദി ലീഗ് മാറ്റത്തിന്റെ പാതയിലാണ്.

ജീവിതശൈലിയും നിയമങ്ങളും നോക്കുമ്പോൾ സൗദി കർശനമായ നിയമങ്ങളുള്ള രാജ്യമാണ്. റൊണാൾഡോക്ക് വേണ്ടി അവർ ചില നിയമങ്ങൾ കണ്ടില്ലെന്നു നടിക്കുന്നുണ്ടെന്നും പറയാതെ വയ്യ. അതേസമയം അമേരിക്കയും ലയണൽ മെസി ചേക്കേറിയ മിയാമിയും കുറച്ചുകൂടി സ്വതന്ത്രമായ നിയമങ്ങളും ചിന്തകളുമുള്ള ഇടമാണ്. ഇതിൽ ഏതു ലീഗാണ് കൂടുതൽ മികച്ചതെന്ന് കൃത്യമായി വിലയിരുത്താൻ കഴിയില്ലെങ്കിലും രണ്ടു ലീഗിലും വലിയ രീതിയിലുള്ള മാറ്റങ്ങൾ വരുമെന്നത് തീർച്ചയാണ്.

Comparing Saudi MLS Leagues After Messi Ronaldo

Cristiano RonaldoLionel MessiMLSSaudi Pro League
Comments (0)
Add Comment