റൊണാൾഡോയെ ആശ്രയിച്ചല്ല പോർച്ചുഗൽ ടീം നിൽക്കുന്നത്, താരത്തിന്റെ സുവർണകാലഘട്ടം കഴിഞ്ഞുവെന്ന് ജോവോ കാൻസലോ | Cristiano Ronaldo

പോർച്ചുഗൽ നായകനും ഫുട്ബോളിലെ സൂപ്പർതാരവുമായ ക്രിസ്റ്റ്യാനോ റൊണാൾഡോയെ പോർച്ചുഗൽ ടീം പൂർണമായി ആശ്രയിക്കുന്നില്ലെന്ന് ദേശീയ ടീമിലെ സഹതാരമായ ജോവോ കാൻസലോ. ഇന്റർനാഷണൽ ബ്രേക്കിൽ സ്വീഡനെതിരെ നടക്കാനിരിക്കുന്ന മത്സരത്തിനുള്ള സ്‌ക്വാഡിൽ നിന്നും റൊണാൾഡോയെ ഒഴിവാക്കിയതിനു പിന്നാലെയാണ് ജോവോ കാൻസലോയുടെ പരാമർശം.

കഴിഞ്ഞ സീസണിൽ മാഞ്ചസ്റ്റർ യുണൈറ്റഡിലും ഖത്തർ ലോകകപ്പിലും നിരാശപ്പെടുത്തുന്ന പ്രകടനമാണ് റൊണാൾഡോ നടത്തിയത്. അതിനു പിന്നാലെ റൊണാൾഡോ സൗദി അറേബ്യൻ ക്ലബായ അൽ നസ്റിലേക്ക് ചേക്കേറി. അൽ നസ്‌റിനൊപ്പം ഗോളുകൾ അടിച്ചു കൂട്ടിയ റൊണാൾഡോ കഴിഞ്ഞ വർഷം ഏറ്റവുമധികം ഗോളുകൾ കുറിച്ച താരമെന്ന നേട്ടവും സ്വന്തമാക്കിയെങ്കിലും കാൻസലോ അതൊന്നും പരിഗണിക്കുന്നില്ല.

“അദ്ദേഹം ഒരു പ്രധാനപ്പെട്ട താരമാണ്, കഴിഞ്ഞ പതിനഞ്ചു വർഷം ലയണൽ മെസിക്കൊപ്പം ബാലൺ ഡി ഓർ പോരാട്ടത്തിനുണ്ടായിരുന്നു. എന്നാൽ ഒരു ഫുട്ബോൾ താരത്തിന്റെ കരിയറിന്റെ സുവർണകാലഘട്ടം ഇരുപത്തിയഞ്ചു മുതൽ മുപ്പത്തിരണ്ട് വയസു വരെയാണ്. റൊണാൾഡോ ഞങ്ങൾക്ക് പ്രധാനപ്പെട്ട താരമാണ്. പക്ഷെ, ദേശീയ ടീം താരത്തെ പൂർണമായി ആശ്രയിക്കുന്നില്ല.” കാൻസലോ പറഞ്ഞു.

കാൻസലോയുടെ വാക്കുകൾ ഇങ്ങനെയാണെങ്കിലും പോർച്ചുഗൽ ടീമിനൊപ്പവും റൊണാൾഡോ ഗംഭീര പ്രകടനമാണ് നടത്തുന്നത്. ലോകകപ്പിന് ശേഷം നടന്ന എല്ലാ മത്സരങ്ങളിലും വിജയം നേടിയ പോർച്ചുഗൽ ടീമിനു വേണ്ടി ഏറ്റവുമധികം ഗോളുകൾ നേടിയ താരമാണ് റൊണാൾഡോ. പത്ത് ഗോളുകൾ നേടിയ താരം യൂറോ യോഗ്യത റൗണ്ടിലെ ടോപ് സ്‌കോറർ പട്ടികയിൽ രണ്ടാമത് നിൽക്കുന്നു.

അതേസമയം റൊണാൾഡോയെ സ്വീഡനെതിരായ മത്സരത്തിൽ നിന്നും ഒഴിവാക്കിയത് വിശ്രമം നൽകുന്നതിന് വേണ്ടിയാണെന്നാണ് സൂചനകൾ. സ്ലോവേനിയക്കെതിരെ താരം കളിച്ചേക്കും. തനിക്കെതിരായ വിമർശനങ്ങളെ വരുന്ന യൂറോ കപ്പിലെ മികച്ച പ്രകടനം നടത്തി റൊണാൾഡോ ഇല്ലാതാക്കുമെന്നാണ് ആരാധകരുടെ പ്രതീക്ഷ. അതിനു കഴിഞ്ഞില്ലെങ്കിൽ ദേശീയ ടീമിൽ താരത്തിന്റെ സ്ഥാനത്തിന് ഇളക്കം വരാനിടയുണ്ട്.

Cristiano Ronaldo Is Past His Peak Says Cancelo

Cristiano RonaldoJoao CanceloPortugal
Comments (0)
Add Comment