കലിംഗ സൂപ്പർ കപ്പിൽ കേരള ബ്ലാസ്റ്റേഴ്‌സ് പുറത്തു പോയത് ആരാധകർക്ക് നിരാശ നൽകിയെങ്കിലും ഐഎസ്എൽ ആരംഭിക്കുമ്പോൾ അവർ വീണ്ടും മികച്ച പ്രകടനത്തിലേക്ക് തിരിച്ചു വരുമെന്ന പ്രതീക്ഷയുണ്ട്. സൂപ്പർ കപ്പിനു പ്രാധാന്യം നൽകുന്നില്ലെന്നു തന്നെയാണ് അവസാന മത്സരത്തിൽ തോൽവി വഴങ്ങിയതിനു ശേഷം കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ പറഞ്ഞ വാക്കുകളും വ്യക്തമാക്കുന്നത്.
ഐഎസ്എൽ ഇടവേളക്ക് പിരിയുമ്പോൾ ബ്ലാസ്റ്റേഴ്‌സ് മികച്ച പ്രകടനമാണ് നടത്തിയിരുന്നത്. പന്ത്രണ്ടു മത്സരങ്ങൾ കളിച്ച ടീം അതിൽ എട്ടു വിജയവും രണ്ടു സമനിലയും രണ്ടു തോൽവിയുമായി ഒന്നാം സ്ഥാനത്താണ് നിൽക്കുന്നത്. അഡ്രിയാൻ ലൂണ ഇല്ലെങ്കിലും തുടർച്ചയായ മൂന്നു മത്സരങ്ങളിൽ ഒരു ഗോൾ പോലും വഴങ്ങാതെ വിജയം നേടിയ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് വലിയ പ്രതീക്ഷ നൽകുന്നുണ്ട്.
ബ്ലാസ്റ്റേഴ്‌സിന്റെ ഈ കുതിപ്പിന് പിന്നിലുള്ളത് ടീമിനായി മികച്ച പ്രകടനം നടത്തുന്ന താരങ്ങൾ തന്നെയാണ്. അതുകൊണ്ടു തന്നെ പല താരങ്ങളും ഐഎസ്എൽ പട്ടികയിൽ ഒന്നാം സ്ഥാനത്തുണ്ട്. അതിൽ തന്നെ പ്രധാനി ഐഎസ്എല്ലിൽ ഈ സീസണിൽ ഏറ്റവുമധികം ഗോളുകളിൽ പങ്കാളിയായ ദിമിത്രിയോസാണ്. പത്ത് മത്സരങ്ങളിൽ നിന്നും ഒൻപത് ഗോളുകളിലാണ് താരം പങ്കാളിയായിരിക്കുന്നത്.
ഏഴു ഗോളുകളും രണ്ട് അസിസ്റ്റുകളുമുള്ള ദിമിത്രിയോസിനു പിന്നിൽ പന്ത്രണ്ടു മത്സരങ്ങളിൽ എട്ടു ഗോളുകളിൽ പങ്കാളിയായ റോയ് കൃഷ്‌ണ, ക്രിവല്ലേറോ എന്നിവരുമുണ്ട്. നാലാം സ്ഥാനത്തു നിൽക്കുന്നത് അഡ്രിയാൻ ലൂണയാണ്. ഡിസംബർ പകുതിക്ക് ശേഷം ഒരു മത്സരം പോലും കളിച്ചിട്ടില്ലാത്ത താരം ഒൻപത് മത്സരങ്ങളിൽ നിന്നും ഏഴു ഗോളുകളിൽ പങ്കാളിയായി നാലാം സ്ഥാനത്തു നിൽക്കുന്നു.
ഈ താരങ്ങളുടെ മികച്ച പ്രകടനം ബ്ലാസ്റ്റേഴ്‌സിനു പ്രതീക്ഷ നൽകുന്ന ഒന്നാണെങ്കിലും സൂപ്പർ കപ്പിലെ തോൽവിയിൽ നിന്നും കരകയറേണ്ടത് വളരെ അത്യാവശ്യമാണ്. ലീഗാണ് പ്രധാന ലക്ഷ്യമെന്ന് ആശാൻ വ്യക്തമാക്കിയതാണ് ആരാധകരുടെ പ്രതീക്ഷ. അതിനു പുറമെ ലിത്വാനിയൻ താരമായ ഫെഡോർ ടീമിലേക്ക് വരുന്നതും ആത്മവിശ്വാസം നൽകും.
Dimitrios Leads In Goals Plus Assist Chart In ISL