കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ വളരെ ആവേശത്തോടെയാണ് ഈ സീസണിലെ ഡ്യൂറൻഡ് കപ്പിനെ കാണുന്നത്. ടൂർണമെന്റിൽ മികച്ച ടീമിനെ തന്നെ ഇറക്കിയ കേരള ബ്ലാസ്റ്റേഴ്‌സ് കിരീടം നേടാൻ സാധ്യത കൽപ്പിക്കുന്ന ടീമുകളിൽ ഒന്നാണ്. ഗ്രൂപ്പ് ഘട്ടത്തിൽ നടത്തിയ മികച്ച പ്രകടനം കിരീടം നേടുമെന്നുള്ള ആരാധകരുടെ പ്രതീക്ഷകളെ കൂടുതൽ സജീവമാക്കുന്നു.
ഗ്രൂപ്പ് ഘട്ടത്തിലെ മൂന്നു മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ വിജയവും ഒരെണ്ണത്തിൽ സമനിലയും വഴങ്ങിയ കേരള ബ്ലാസ്റ്റേഴ്‌സ് മൊത്തം പതിനാറു ഗോളുകളാണ് അടിച്ചു കൂട്ടിയത്. ക്ലബിന്റെ ചരിത്രത്തിൽ ആദ്യമായാണ് ബ്ലാസ്റ്റേഴ്‌സ് ഒരു മത്സരത്തിൽ എട്ടും മറ്റൊരു മത്സരത്തിൽ ഏഴും ഗോളുകൾക്ക് വിജയിക്കുന്നത്. ഇതൊക്കെ കൊണ്ടു തന്നെയാണ് ആരാധകരിൽ പ്രതീക്ഷ വല്ലാതെ ഉയരുന്നതും.
കഴിഞ്ഞ ദിവസം ഡ്യൂറൻഡ് കപ്പിൽ ഏറ്റവുമധികം ഗോൾ പങ്കാളിത്തമുള്ള താരങ്ങളുടെ ലിസ്റ്റ് ട്രാൻസ്‌ഫർമാർക്കറ്റ് ഇന്ത്യ പുറത്തു വിടുകയുണ്ടായി. പത്ത് താരങ്ങളുടെ ലിസ്റ്റിൽ ആദ്യത്തെ അഞ്ചു പേരിൽ മൂന്നും ബ്ലാസ്റ്റേഴ്‌സ് താരങ്ങളാണ്. അതിൽ തന്നെ നോഹ സദോയി ഒന്നാം സ്ഥാനത്തും ക്വാമേ പെപ്ര രണ്ടാം സ്ഥാനത്തും നിൽക്കുന്നു.
മൂന്നു മത്സരങ്ങളിൽ രണ്ടു ഹാട്രിക്കുകളും രണ്ട് അസിസ്റ്റുകളുമടക്കം എട്ടു ഗോളിൽ നോഹ പങ്കാളിയായപ്പോൾ അത്രയും മത്സരങ്ങളിൽ നിന്നും ഒരു ഹാട്രിക്ക് അടക്കം നാല് ഗോളുകളും നാല് അസിസ്റ്റുകളുമടക്കം എട്ടു ഗോളുകളിൽ പെപ്രയും പങ്കാളിയായി. ലിസ്റ്റിലുള്ള മറ്റൊരു ബ്ലാസ്റ്റേഴ്‌സ് താരം നാല് ഗോളിൽ പങ്കാളിയായി അഞ്ചാം സ്ഥാനത്തുള്ള മുഹമ്മദ് അയ്‌മനാണ്.
ഗ്രൂപ്പ് ഘട്ടത്തിലെ രണ്ടു മത്സരങ്ങളിൽ ചെറിയ ടീമിനെയാണ് ബ്ലാസ്റ്റേഴ്‌സിനു ലഭിച്ചതെന്നത് ഈ താരങ്ങളുടെ പ്രകടനത്തെ സഹായിച്ചിട്ടുണ്ട്. ഇതേ പ്രകടനം ക്വാർട്ടർ ഫൈനലിൽ കാണുമോയെന്നാണ് ഇനിയറിയേണ്ടത്. ക്വാർട്ടർ ഫൈനലിൽ ബെംഗളൂരു എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ. ഇരുപത്തിമൂന്നിനാണ് രണ്ടു ടീമുകളും തമ്മിൽ ഏറ്റുമുട്ടുന്നത്.