ഈ സീസണിലെ ആദ്യ മൂന്നു മത്സരങ്ങളിലും വിജയം നേടാൻ കഴിയാതിരുന്ന ഇറ്റാലിയൻ ക്ലബായ റോമ കഴിഞ്ഞ ദിവസം എംപോളിക്കെതിരായ മത്സരത്തിൽ തകർപ്പൻ തിരിച്ചു വരവാണ് നടത്തിയത്. ആദ്യത്തെ മൂന്നു മത്സരങ്ങളിൽ രണ്ടെണ്ണത്തിൽ തോൽക്കുകയും ഒരെണ്ണത്തിൽ സമനില വഴങ്ങുകയും ചെയ്ത റോമ ഇന്നലെ എതിരില്ലാത്ത ഏഴു ഗോളുകൾക്കാണ് വിജയം നേടിയത്. അർജന്റീന താരം ഡിബാല മത്സരത്തിൽ തിളങ്ങുകയും ചെയ്തു.
രണ്ടാം മിനുട്ടിൽ തന്നെ ദിബാലയുടെ ഗോളിൽ റോമ മുന്നിലെത്തിയിരുന്നു. പെനാൽറ്റിയിലൂടെ ഡിബാല വല കുലുക്കിയപ്പോൾ സഹതാരമായ പരഡെസ് നടത്തിയ ആഹ്ലാദപ്രകടനം അർജന്റീന താരങ്ങൾ തമ്മിലുള്ള കെട്ടുറപ്പുള്ള ബന്ധം വ്യക്തമാക്കുന്നതായിരുന്നു. അതിനു ശേഷം എട്ടാം മിനുട്ടിൽ റെനാറ്റോ സാഞ്ചസ് നേടിയ ഗോളിന്റെയും പിന്നീട് മുപ്പത്തിയഞ്ചാം മിനുട്ടിൽ പിറന്ന സെൽഫ് ഗോളിന്റെയും പിൻബലത്തിൽ ആദ്യപകുതിയിൽ തന്നെ റോമ മൂന്നു ഗോളുകൾക്ക് മുന്നിലായിരുന്നു.
Dybala what a goal 🇦🇷 👑 pic.twitter.com/87PnKIKJ4l
— ZIAD IS HAPPY FOREVER 🇦🇷 (@Ziad_EJ) September 17, 2023
രണ്ടാം പകുതിയിലും ഡിബാലയാണ് ഗോൾവേട്ടക്ക് തുടക്കമിടുന്നത്. മനോഹരമായ ഗോളായിരുന്നു താരത്തിന്റേത്. ബോക്സിന്റെ പുറത്തു നിന്നും പന്ത് സ്വീകരിച്ച ഡിബാല ബോക്സിലേക്ക് കയറിയ ഉടനെ മികച്ചൊരു ഡ്രിബിളിംഗിലൂടെ രണ്ട് എംപോളി താരങ്ങളെ നിഷ്പ്രഭരാക്കി ഗോൾകീപ്പറെ കീഴടക്കി ഗോൾ നേടുകയായിരുന്നു. അതിനു പിന്നാലെ അറുപത്തിനാലാം മിനുട്ടിൽ താരത്തെ പരിശീലകനായ മൗറീന്യോ പിൻവലിക്കുകയും ചെയ്തു.
Look what Dybala’s goal means to Leandro Paredes 👊🏼 pic.twitter.com/doO706OZoi
— Lupo TV 🐺🇮🇹 (@LupoTV_) September 17, 2023
പിന്നീട് എഴുപത്തിയൊമ്പതാം മിനുട്ടിൽ ബ്രയാൻ ക്രിസ്റ്റന്റെയും എൺപത്തിരണ്ടാം മിനുട്ടിൽ പുതിയ സൈനിങായ റൊമേലു ലുക്കാക്കുവും റോമക്കായി ഗോളുകൾ കുറിച്ചു. ഡിബാലക്ക് പകരക്കാരനായി ഇറങ്ങിയ ആന്ദ്രേ ബെലോട്ടിയാണ് രണ്ടു ഗോളുകൾക്കും വഴിയൊരുക്കിയത്. എൺപത്തിയാറാം മിനുട്ടിൽ ക്രിസ്റ്റന്റെയുടെ അസിസ്റ്റിൽ ജിയാൻലൂക്ക മാൻസിനിയും ഗോൾ നേടിയതോടെ പട്ടിക പൂർത്തിയായി. ഡിബാലക്കു പുറമെ ഒരു ഗോളും രണ്ട് അസിസ്റ്റും നൽകിയ ക്രിസ്റ്റന്റെയും മത്സരത്തിൽ തിളങ്ങി.
ഈ സീസണിലെ ആദ്യത്തെ വിജയം ആധികാരികമായി തന്നെ സ്വന്തമാക്കാൻ കഴിഞ്ഞത് റോമക്ക് വളരെ ആത്മവിശ്വാസം നൽകുമെന്നതിൽ സംശയമില്ല. ലുക്കാക്കുവിനെ പോലൊരു മികച്ച താരത്തെ ടീമിലെത്തിക്കാൻ കഴിഞ്ഞത് ടീമിന് കൂടുതൽ ആത്മവിശ്വാസം നൽകിയിട്ടുണ്ട്. ഡിബാല പരിക്കിൽ നിന്നും പൂർണമായും മോചിതനാണെങ്കിൽ റോമയിൽ നിന്നും ഈ സീസണിൽ മികച്ച പ്രകടനം തന്നെ പ്രതീക്ഷിക്കാമെന്ന് ഇന്നലത്തെ മത്സരം അടിവരയിട്ടു തെളിയിക്കുന്നു.
Dybala Scored Superb Goal For Roma