ഇന്തോനേഷ്യയിൽ വെച്ചു നടക്കുന്ന U17 ലോകകപ്പിന്റെ ക്വാർട്ടർ ഫൈനലിൽ അർജന്റീന നേടിയ വിജയത്തിൽ താരമായത് ടീമിന്റെ പത്താം നമ്പർ താരവും നായകനുമായ ക്ലൗഡിയോ എച്ചെവെരിയാണ്. അർജന്റൈൻ ക്ലബായ റിവർപ്ലേറ്റിൽ കളിക്കുന്ന താരത്തിന്റെ ഹാട്രിക്ക് മികവിലാണ് അർജന്റീന നിലവിലെ ചാമ്പ്യന്മാരായ ബ്രസീലിനെ കീഴടക്കിയത്. പതിനേഴു വയസുള്ള എച്ചെവെരി മൂന്നു ഗോളുകൾ നേടിയതെന്നതിനു പുറമെ ആ മൂന്നു ഗോളുകളും അതിമനോഹരമായിരുന്നു എന്നതാണ് ഏറ്റവും പ്രധാനപ്പെട്ട കാര്യം.
മധ്യവരക്കപ്പുറത്തു നിന്നും തുടങ്ങിയ ഒറ്റയാൻ നീക്കത്തിൽ ബ്രസീലിന്റെ താരങ്ങളെ മറികടന്നതിനു ശേഷം ബോക്സിന് പുറത്തു നിന്നുള്ള ഷോട്ടിലൂടെയാണ് എച്ചെവെരി ആദ്യ ഗോൾ നേടിയത്. രണ്ടാമത്തെ ഗോളിലും താരം തന്റെ പ്രതിഭ തെളിയിച്ചു. ബോക്സിനുള്ളിൽ വെച്ച് രണ്ടു ഡിഫെൻഡർമാരെ സമർത്ഥമായി വെട്ടിച്ച് വല കുലുക്കിയ താരം ഒരു ലോങ്ങ് പാസ് സ്വീകരിച്ചാണ് മൂന്നാം ഗോൾ നേടിയത്. ലയണൽ മെസി ബ്രസീലിനെതിരെ നേടിയ ഗോളിന്റെ ആവർത്തനമായിരുന്നു ആ ഹാട്രിക്ക് ഗോൾ.
Lionel Messi vs. Brazil 🤝 Claudio Echeverri vs. Brazilpic.twitter.com/c63H3Tbr0f
— Roy Nemer (@RoyNemer) November 24, 2023
ലയണൽ മെസിക്ക് ശേഷം അർജന്റീന ടീമിൽ ഒഴിഞ്ഞു കിടക്കാൻ പോകുന്ന സിംഹാസനത്തിൽ ഇരിക്കാൻ ആരാണ് യോഗ്യനെന്നതിനുള്ള മറുപടിയാണ് എച്ചെവെരിയുടെ ഇന്നലത്തെ പ്രകടനം. 2016ൽ റിവർപ്ലേറ്റ് അക്കാദമിയിൽ എത്തിയ താരം കഴിഞ്ഞ വർഷം ഡിസംബറിലാണ് പ്രൊഫെഷണൽ കോണ്ട്രാക്റ്റ് ടീമുമായി ഒപ്പിടുന്നത്. ടീമിനായി ഇതുവരെ നാല് മത്സരങ്ങൾ മാത്രം കളിച്ച താരം ഒരു ഗോൾ പോലും നേടിയിട്ടില്ലെങ്കിലും ഇനി അതിനേക്കാൾ മികച്ച പ്രകടനം വരാനിരിക്കുന്നതേയുള്ളൂവെന്നതിൽ സംശയമില്ല.
🎥 Claudio “El Diablito” Echeverri vs Brazil.
💭 What a player! He has a bright future ahead of him. Hopefully Barça scouts were paying attention
— Barça Spaces (@BarcaSpaces) November 24, 2023
പന്ത് സ്വീകരിക്കുന്നതിലും അതുമായി മുന്നേറുന്നതിലും ഡ്രിബിൾ ചെയ്യാനും മുന്നേറാനുമുള്ള സ്പേസുകൾ കണ്ടെത്തുന്നതിലും മികച്ച രീതിയിൽ പാസുകൾ കൈമാറുന്നതിലുമെല്ലാം ലയണൽ മെസിയെ അനുസ്മരിപ്പിക്കുന്ന താരമാണ് എച്ചെവെരി. ഫ്രീകിക്കിലും മിടുക്കനായ താരം ടൂർണമെന്റിൽ ഒരു ഫ്രീകിക്ക് ഗോൾ നേരത്തെ നേടിക്കഴിഞ്ഞു. മെസിയും എച്ചെവെരിയും തമ്മിൽ ഒരു വ്യത്യാസമുള്ളത് സ്ട്രോങ്ങ് ഫൂട്ടിന്റെ കാര്യത്തിലാണ്. എച്ചെവെരിയുടെ സ്ട്രോങ്ങ് ഫൂട്ട് വലതു കാലാണ്.
✅Claudio Echeverri vs Japan U17
✅Thiago Almada vs Japan U23
No.10s scoring a brilliant free kick for their respective Argentina's team.pic.twitter.com/EdWCLn25C4
— Sivan John 🇦🇷 ⭐⭐⭐ (@SivanJohn_) November 18, 2023
ഒരു കാലത്ത് ഫുട്ബോൾ ലോകം ഭരിച്ചിരുന്ന പൊസിഷനാണ് പത്താം നമ്പർ. സിനദിൻ സിദാൻ, ലയണൽ മെസി തുടങ്ങിയ താരങ്ങൾ എല്ലാ രീതിയിലും അന്വർത്ഥമാക്കിയ ആ പൊസിഷനിൽ അതിനെ വെല്ലാൻ കഴിയുന്ന ഒരു താരം ഉണ്ടായിട്ടില്ല. എന്നാൽ എച്ചെവെരിക്ക് അതിനു കഴിയുമെന്ന് താരത്തിന്റെ പ്രകടനം തെളിയിക്കുന്നു. പത്താം നമ്പർ എന്ന പൊസിഷൻ ആധുനിക ഫുട്ബോളിൽ നിന്നും മറഞ്ഞു കൊണ്ടിരിക്കുന്ന ഈ കാലത്ത് അതിനെ തിരിച്ചു കൊണ്ടുവരാനും താരത്തിനാകും.
എച്ചെവെരിയുടെ പ്രകടനം ഇപ്പോൾ തന്നെ യൂറോപ്പിലെ വമ്പൻ ടീമുകളുടെ കണ്ണിൽ പതിഞ്ഞിട്ടുണ്ടാകും എന്ന കാര്യത്തിൽ സംശയമില്ല. ജനുവരി ജാലകത്തിൽ തന്നെ താരത്തിനായി മികച്ച ഓഫറുകളും യൂറോപ്പിൽ നിന്നും വരാൻ സാധ്യതയുണ്ട്. നിലവിൽ അഞ്ചു ഗോളുകളുമായി അർജന്റീന ടീമിലെ തന്നെ സഹതാരമായ അഗസ്റ്റിൻ റോബർട്ടോക്കൊപ്പം ടൂർണമെന്റിലെ ടോപ് എച്ചെവെരി. ആദ്യ മത്സരത്തിൽ സെനഗലിനോട് തോറ്റെങ്കിലും അതിനു ശേഷം മികച്ച പ്രകടനം നടത്തുന്ന അർജന്റീനക്ക് സെമിയിൽ ജർമനിയാണ് എതിരാളികൾ.
Echeverri Proves He Is The Successor Of Messi