ഖത്തർ ലോകകപ്പ് നഷ്‌ടമാകാൻ സാധ്യതയുള്ള അഞ്ച് പ്രധാന താരങ്ങൾ

2022 ഫിഫ ലോകകപ്പിനായി ഇനി ഒരു മാസത്തിലധികം മാത്രമേ ബാക്കിയുള്ളൂ. ഓരോ ടീമും ടൂർണ്ണമെന്റിനായി മികച്ച രീതിയിൽ തയ്യാറെടുപ്പുകൾ പൂർത്തിയാക്കി വരികയാണ്. ഇത്തവണ ക്ലബ് ഫുട്ബോൾ സീസണിന്റെ ഇടയിലാണ് ലോകകപ്പ് നടക്കുന്നത് എന്നതിനാൽ തന്നെ ഷെഡ്യൂൾ കൃത്യമായി പൂർത്തീകരിക്കാൻ കൂടുതൽ മത്സരങ്ങൾ ടീമുകൾക്ക് കളിക്കേണ്ടി വരുന്നുണ്ട്. നിരവധി താരങ്ങൾക്ക് പരിക്കു പറ്റുന്നതിനും ഇതു കാരണമാകുന്നു. ഈ സീസണിൽ തന്നെ പല താരങ്ങളും പരിക്കേറ്റു ലോകകപ്പ് നഷ്‌ടമാകുമെന്ന ആശങ്കയിൽ നിൽക്കുന്നുണ്ട്. നിലവിൽ പരിക്കു മൂലം ലോകകപ്പ് നഷ്‌ടമാകാൻ സാധ്യതയുള്ള അഞ്ചു പ്രധാന താരങ്ങളെയാണ് ഇവിടെ വെളിപ്പെടുത്തുന്നത്.

ചെൽസിയിൽ കളിക്കുന്ന ഫ്രഞ്ച് താരമായ എൻഗോളോ കാന്റെ കഴിഞ്ഞ ഓഗസ്റ്റ് മുതൽ പരിക്കേറ്റു പുറത്താണ്. 2018 ലോകകപ്പ് ഫ്രാൻസിന് നേടിക്കൊടുക്കാൻ നിർണായക പങ്കു വഹിച്ച കളിക്കാരനായിരുന്നു കാന്റെ. എന്നാൽ നിരന്തരമായ പരിക്കുകൾ ഇത്തവണ താരത്തിന്റെ ലോകകപ്പ് മോഹങ്ങൾക്കു തിരിച്ചടി നൽകിയിട്ടുണ്ട്. എൻഗോളോ കാന്റെ എന്നാണു പരിക്കിൽ നിന്നും മുക്തനായി പരിശീലനം ആരംഭിക്കുകയെന്ന കാര്യത്തിൽ വ്യക്തതയില്ലെന്നും തങ്ങൾക്കും നിരാശയുണ്ടെന്നുമാണ് ഇതേക്കുറിച്ച് ചെൽസി പരിശീലകൻ ഗ്രഹാം പോട്ടർ പറഞ്ഞത്.

പരിക്കു മൂലം ലോകകപ്പ് നഷ്‌ടമാകാൻ സാധ്യതയുള്ള മറ്റൊരു പ്രധാന താരം അർജന്റീനയുടെ മുന്നേറ്റനിരയിലെ പൗലോ ഡിബാലയാണ്. ഈ സീസണിൽ റോമക്കു വേണ്ടി 11 മത്സരങ്ങളിൽ നിന്നും ഏഴു ഗോളും രണ്ട് അസിസ്റ്റും സ്വന്തമാക്കി തകർപ്പൻ ഫോമിൽ നിൽക്കെയാണ് സീരി എയിൽ ലെച്ചെക്കെതിരെയുള്ള മത്സരത്തിൽ താരം പരിക്കേറ്റു പുറത്തു പോയത്. സ്കൈ സ്പോർട്ട്സിന്റെ റിപ്പോർട്ടുകൾ പ്രകാരം ഏതാണ്ട് ആറ് ആഴ്‌ചയോളം പുറത്തിരിക്കേണ്ടി വരുന്ന മുൻ യുവന്റസ് താരത്തിന് ലോകകപ്പ് നഷ്‌ടമാകാൻ തന്നെയാണ് സാധ്യത.

അർജന്റീനയുടെ തന്നെ മറ്റൊരു പ്രധാന താരമായ ഏഞ്ചൽ ഡി മരിയയും ലോകകകപ്പ് നഷ്‌ടമാകുമെന്ന ആശങ്കയിൽ നിൽക്കുകയാണ്. കോപ്പ അമേരിക്ക ഫൈനലിലും ഫൈനലൈസിമ പോരാട്ടത്തിലും ഗോൾ നേടിയ താരത്തിന് യുവന്റസും മക്കാബി ഹൈഫയും തമ്മിലുള്ള മത്സരത്തിനിടെയാണ് പരിക്കു പറ്റിയത്. താരത്തിന്റെ പരിക്കിന്റെ കൂടുതൽ വിശദാംശങ്ങൾ പരിശോധനകൾ പൂർത്തിയായാലേ അറിയാൻ കഴിയൂ. ഏഞ്ചൽ ഡി മരിയക്ക് ലോകകപ്പ് കളിക്കാൻ കഴിയുമെന്നും ഇല്ലെന്നുമുള്ള വാർത്തകൾ ഇപ്പോൾ ഉയർന്നു കേൾക്കുന്നുണ്ട്.

റൈറ്റ് ബാക്കുകളെ ഇഷ്‌ടപ്പെടുന്ന പരിശീലകനായ സൗത്ത്‌ഗേറ്റിനു ഇത്തവണ ലോകകപ്പിൽ ഇംഗ്ലണ്ട് ടീമിലെ ഏറ്റവും മികച്ച റൈറ്റ് ബാക്കിനെ നഷ്‌ടപെടാൻ സാധ്യത കൂടുതലാണ്. എസി മിലാനെതിരായ ചാമ്പ്യൻസ് ലീഗ് മത്സരത്തിനിടെ പരിക്കേറ്റ റീസ് ജെയിംസാണ് ലോകകകപ്പ് നഷ്‌ടമാകാൻ സാധ്യതയുള്ള ഇംഗ്ലണ്ട് താരം. കാൽപ്പാദത്തിനു പരിക്കേറ്റ താരം ലോകകപ്പിനു മുൻപ് തിരിച്ചെത്തുമെന്ന പ്രതീക്ഷ ചെൽസി പരിശീലകനുണ്ടെങ്കിലും അതിൽ പൂർണമായും ഉറപ്പു പറയാൻ കഴിയാത്ത സാഹചര്യമാണ് ഇപ്പോഴുള്ളത്.

ഈ സീസൺ ആരംഭിച്ചതിനു ശേഷം ഒരു മത്സരം പോലും കളിച്ചിട്ടില്ലാത്ത താരമാണ് പോൽ പോഗ്ബ. യുവന്റസിനൊപ്പം പ്രീ സീസൺ പര്യടനത്തിനിടെയാണ് താരത്തിന് പരിക്കേറ്റത്. ലോകകകപ്പിനു മുൻപ് പോഗ്ബയുടെ പരിക്ക് മാറുമെങ്കിലും സീസണിൽ ഒരു മത്സരം പോലും കളിക്കാതെ, മാച്ച് ഫിറ്റ്നസ് വീണ്ടെടുക്കാത്ത പോഗ്ബയെ ദെഷാംപ്‌സ് ടീമിലേക്ക് പരിഗണിക്കാനുള്ള സാധ്യത കുറവാണ്. കഴിഞ്ഞ ലോകകപ്പ് ഫ്രാൻസിന് നേടിക്കൊടുക്കാൻ മികച്ച പ്രകടനം നടത്തിയ താരമാണ് പോഗ്ബയെന്നത് മാത്രമാണ് താരത്തിന് അനുകൂലമായ കാര്യം.

Angel Di MariaArgentinaEnglandFranceNgolo KantePaul PogbaPaulo DybalaQatar World CupReece James
Comments (0)
Add Comment