പ്രതിരോധത്തിലേക്ക് കൊളംബിയൻ കരുത്ത്, ലാറ്റിനമേരിക്കയിലെ വമ്പൻ ക്ലബുകളിൽ കളിച്ച ഡിഫൻഡർ കേരളത്തിലേക്ക്

കേരളത്തിന്റെ അഭിമാനമായ ഫുട്ബോൾ ക്ലബുകളിലൊന്നാണ് ഗോകുലം കേരള. രണ്ടു തവണ ഐ ലീഗ് കിരീടം സ്വന്തമാക്കിയിട്ടുള്ള ടീം കഴിഞ്ഞ സീസണിൽ കിരീടം നേടാനും ഐഎസ്എല്ലിലേക്ക് പ്രൊമോഷൻ ലഭിക്കാനും പൊരുതിയെങ്കിലും മൂന്നാം സ്ഥാനത്താണ് വന്നത്. കൊൽക്കത്ത ക്ലബായ മൊഹമ്മദൻസാണ് ഐ ലീഗ് കിരീടം സ്വന്തമാക്കി ഐഎസ്എല്ലിലേക്ക് എത്തിയത്.

വരുന്ന സീസണിൽ ഐ ലീഗ് കിരീടം സ്വന്തമാക്കാനുള്ള പദ്ധതികൾ ഗോകുലം കേരള ആവിഷ്‌കരിച്ചു കൊണ്ടിരിക്കുകയാണ്. ടീമിന്റെ പ്രതിരോധത്തിലെ കരുത്തുറ്റ സാന്നിധ്യമായ ആമിനു ബൂബ സീസൺ അവസാനിച്ചപ്പോൾ ക്ലബ് വിട്ടിരുന്നു. ഇപ്പോൾ അതിനു പകരക്കാരനായി ലാറ്റിനമേരിക്കയിൽ നിന്നും ഒരു താരത്തെ സ്വന്തമാക്കിയിരിക്കുകയാണ് ഗോകുലം കേരള.

റിപ്പോർട്ടുകൾ പ്രകാരം കൊളംബിയ താരമായ ജോസെ ലൂയിസ് മൊറേനോയെയാണ് ഗോകുലം കേരള സ്വന്തമാക്കിയിരിക്കുന്നത്. ഇരുപത്തിയേഴു വയസുള്ള കൊളംബിയൻ താരം കൊളംബിയ, പാരഗ്വായ്, വെനസ്വാല, എന്നീ ലാറ്റിനമേരിക്കൻ രാജ്യങ്ങളിലെ ടോപ് ഡിവിഷൻ ക്ലബുകൾക്ക് വേണ്ടി കാലിച്ചതിനു പുറമെ സ്‌പാനിഷ്‌ ക്ലബ് വലൻസിയയുടെ റിസർവ് ടീമിലും ഇറങ്ങിയിട്ടുണ്ട്.

കൊളംബിയയുടെ അണ്ടർ 20 താരം കൂടിയായിരുന്ന ലൂയിസ് മൊറേനോ ജനുവരി മുതൽ ഫ്രീ ഏജന്റാണ്. ഈ സാഹചര്യം മുതലെടുത്താണ് താരത്തെ ഗോകുലം കേരള സ്വന്തമാക്കിയത്. ട്രാൻസ്‌ഫർ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും താരം എത്തുമെന്ന് തന്നെയാണ് റിപ്പോർട്ടുകൾ. ബൂബയുടെ പകരക്കാരനാവാൻ കഴിയുന്ന താരത്തെ തന്നെയാണ് ഗോകുലം ടീമിലെത്തിച്ചിരിക്കുന്നത്.

നേരത്തെ ചർച്ചിൽ ബ്രദേഴ്‌സിന്റെ യുറുഗ്വായ് താരമായ മാർട്ടിൻ ഷാവേസിനെ ഗോകുലം കേരള സ്വന്തമാക്കിയിരുന്നു. അതിനു പുറമെ മൈക്കൽ സൂസൈരാജിനെയും ടീം സ്വന്തമാക്കിയിട്ടുണ്ട്. വരുന്നേ സീസണിൽ കിരീടം സ്വന്തമാക്കാൻ വേണ്ടിയുള്ള തയ്യാറെടുപ്പുകൾ നടത്തുന്ന ഗോകുലത്തിനു അതിനു കഴിഞ്ഞാൽ കേരളത്തിൽ നിന്നും രണ്ടു ടീമുകൾ ഐഎസ്എല്ലിൽ കളിക്കും.