മെസിയുടെ റെക്കോർഡ് തകരാതിരിക്കാനോ ഹാലൻഡിനെ പിൻവലിച്ചത്, ഗ്വാർഡിയോളയുടെ തീരുമാനത്തോട് പ്രതിഷേധിച്ച് താരം

മാഞ്ചസ്റ്റർ സിറ്റിയും ലീപ്‌സിഗും തമ്മിൽ നടന്ന ചാമ്പ്യൻസ് ലീഗ് മത്സരം ഹാലണ്ടിന്റെ സ്വന്തമായിരുന്നു. മാഞ്ചസ്റ്റർ സിറ്റി ഏഴു ഗോളുകൾക്ക് വിജയം നേടിയ മത്സരത്തിൽ അഞ്ചു ഗോളുകളും താരത്തിന്റെ വകയായിരുന്നു. ഇതോടെ ചാമ്പ്യൻസ് ലീഗിൽ ഒരു മത്സരത്തിൽ അഞ്ചു ഗോളുകൾ നേടുന്ന മൂന്നാമത്തെ താരമായി ഹാലാൻഡ് മാറി.

മത്സരത്തിൽ അൻപത്തിയേഴു മിനുട്ട് പിന്നിട്ടപ്പോൾ തന്നെ ഹാലാൻഡ് അഞ്ചു ഗോളുകൾ നേടിയിരുന്നു. ഒരു ഗോൾ നേടിയാൽ ഡബിൾ ഹാട്രിക്ക് അടിക്കാൻ അവസരമുണ്ടായിരുന്നിട്ടും അറുപത്തിമൂന്നാം മിനുട്ടിൽ താരത്തെ പിൻവലിച്ച് പെപ് ഗ്വാർഡിയോള പകരക്കാരനായി ഹൂലിയൻ അൽവാരസിനെ ഇറക്കിയിരുന്നു.

തനിക്ക് ഡബിൾ ഹാട്രിക്ക് അടിക്കാൻ ആഗ്രഹം ഉണ്ടായിരുന്നുവെന്നും പെപ് തന്നെ പിൻവലിച്ചതിനു എന്ത് ചെയ്യാൻ കഴിയുമെന്നുമാണ് ഹാലാൻഡ് മത്സരത്തിന് ശേഷം പ്രതികരിച്ചത്. അതേസമയം ചാമ്പ്യൻസ് ലീഗിൽ അഞ്ച് ഗോളുകൾ നേടിയ താരമെന്ന മെസിയുടെ റെക്കോർഡ് തകരാതിരിക്കാൻ വേണ്ടിയാണ് ഗ്വാർഡിയോള അത് ചെയ്‌തതെന്നും ആരാധകർ പറയുന്നുണ്ട്.

മത്സരത്തിന് ശേഷം ഇതേക്കുറിച്ച് ചോദിച്ചപ്പോൾ വിചിത്രമായ മറുപടിയാണ് പെപ് നൽകിയത്. ഇരുപത്തിമൂന്നാം വയസിൽ തന്നെ ആറു ഗോളുകൾ നേടിയാൽ അത് ബോറായിരിക്കുമെന്നും ഇപ്പോൾ താരത്തെ സംബന്ധിച്ച് ആ നേട്ടം സ്വന്തമാക്കുക എന്നൊരു ലക്ഷ്യമുണ്ടെന്നും അതിനാണ് പിൻവലിച്ചതെന്നുമാണ് ഗ്വാർഡിയോള പറഞ്ഞത്.

ലയണൽ മെസി ലെവർകൂസനെതിരെ നടത്തിയ പ്രകടനത്തിന്റെ സമയത്ത് അത് തനിക്ക് തോന്നിയിരുന്നില്ലെന്നും ടീമിലെ എല്ലാ താരങ്ങൾക്കും അവസരം നൽകേണ്ടത് ഉത്തരവാദിത്വമാണെന്നും ഗ്വാർഡിയോള പറഞ്ഞു. മത്സരത്തിൽ കൂടുതൽ ടച്ചുകൾ നടത്തിയ നോർവേ താരത്തിന്റെ പ്രകടനത്തെ ഗ്വാർഡിയോള പ്രശംസിക്കുകയും ചെയ്‌തു.

ഇതിനു മുൻപ് രണ്ടു താരങ്ങൾ മാത്രമാണ് ചാമ്പ്യൻസ് ലീഗിൽ അഞ്ചു ഗോളുകൾ നേടിയിട്ടുള്ളത്. ലയണൽ മെസി, ലൂയിസ് അഡ്രിയാനോ എന്നിവരാണ് ആ താരങ്ങൾ. ഇന്നലത്തെ മത്സരത്തിൽ മുഴുവൻ സമയവും കളിപ്പിച്ചിരുന്നെങ്കിൽ ഈ റെക്കോർഡ് ഹാലാൻഡ് തീർച്ചയായും മറികടക്കുമായിരുന്നു എന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല.

ഇരുപത്തിരണ്ടാം മിനുട്ടിൽ തന്റെ ഗോൾവേട്ട ആരംഭിച്ച ഹാലാൻഡ് അൻപത്തിഏഴാം മിനുട്ടിൽ അഞ്ചാം ഗോൾ നേടി. വെറും മുപ്പത്തിയഞ്ചു മിനുട്ടിന്റെ ഇടയിലാണ് താരം അഞ്ചു ഗോളുകൾ നേടിയത്. ചാമ്പ്യൻസ് ലീഗിൽ മുപ്പതു ഗോളുകൾ പിന്നിട്ട താരം ഈ നേട്ടം സ്വന്തമാക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ കളിക്കാരനായും മാറിയിരുന്നു.

Champions LeagueErling HaalandLionel MessiPep GuardiolaUEFA Champions League
Comments (0)
Add Comment