ആ സ്ഥാനത്തിരിക്കാൻ ഐഎം വിജയന് യോഗ്യതയില്ല, ഇന്ത്യൻ ഫുട്ബോൾ മേധാവികൾക്കെതിരെ സ്റ്റിമാച്ച്

ഇന്ത്യൻ ഫുട്ബോൾ ടീം പരിശീലകസ്ഥാനത്തു നിന്നും പുറത്താക്കപ്പെട്ടതിനു പിന്നാലെ എഐഎഫ്എഫ് മേധാവികൾക്കെതിരെ രൂക്ഷമായ പ്രതികരണവുമായി ക്രൊയേഷ്യൻ മാനേജർ ഇഗോർ സ്റ്റിമാച്ച്. ലോകകപ്പ് യോഗ്യതക്ക് വേണ്ടിയുള്ള മൂന്നാം റൗണ്ടിലേക്ക് ഇന്ത്യക്കു മുന്നേറാൻ കഴിയാത്തതിനെ തുടർന്നാണ് സ്റ്റിമാച്ചിനെ ഇന്ത്യ പുറത്താക്കിയത്.

നേരത്തെ സ്റ്റിമാച്ചിന്റെ തന്ത്രങ്ങളാണ് ഇന്ത്യയുടെ മോശം പ്രകടനത്തിന് കാരണമെന്നാണ് ഏവരും കരുതിയതെങ്കിലും അദ്ദേഹം നടത്തിയ വിമർശനങ്ങൾ മാറിചിന്തിക്കാൻ പ്രേരിപ്പിക്കുന്നതാണ്. ഇന്ത്യൻ ഫുട്ബോൾ അസോസിയേഷൻ മേധാവികൾ യാതൊന്നും ഫുട്ബോളിന്റെ വളർച്ചക്ക് വേണ്ടി ചെയ്യുന്നില്ലെന്നു പറഞ്ഞ അദ്ദേഹം കല്യാൺ ചൗബേ, ഐഎം വിജയൻ എന്നിവരെ വിമർശിച്ചു.

“ഐഎം വിജയൻ ഇന്ത്യ കണ്ട മികച്ച ഫുട്ബോളർമാരിൽ ഒരാളാണ്, രാജ്യത്തിന്റെ ഇതിഹാസമാണ്. എന്നാൽ അദ്ദേഹം ഒരിക്കലും ടെക്‌നിക്കൽ കമ്മറ്റിയുടെ തലപ്പത്തിരിക്കാൻ യോഗ്യനല്ല.” സ്റ്റിമാച്ച് പറഞ്ഞു. അതിനു പുറമെ എഐഎഫ്എഫ് പ്രസിഡന്റ് കല്യാൺ ചൗബെക്കെതിരെ രൂക്ഷമായ വിമർശനവും ക്രൊയേഷ്യൻ പരിശീലകൻ നടത്തി.

“കല്യാൺ ചൗബേയാണ് കള്ളങ്ങൾ പറഞ്ഞു കൊണ്ടിരുന്നത്. അദ്ദേഹം എത്രയും വേഗത്തിൽ ഇന്ത്യൻ ഫുട്ബോൾ ഫെഡറേഷന്റെ തലപ്പത്തു നിന്നും പോയാൽ, ഇന്ത്യൻ ഫുട്ബോളിന് അതത്രയും നല്ലതാണ്. ഫുട്ബോൾ ലോകത്തിലെ തന്നെ ഏറ്റവും പോപ്പുലർ സ്പോർട്ട്സാണ്. പക്ഷെ ഇന്ത്യയിൽ മാത്രം അതിനു വളർച്ചയില്ല.” കല്യാൺ ചൗബേ വ്യക്തമാക്കി.

ഇന്ത്യൻ ഫുട്ബോൾ മേധാവികൾ ഈ കായികഇനത്തിന്റെ വളർച്ചക്ക് വേണ്ടി യാതൊന്നും ചെയ്യുന്നില്ലെന്ന് നേരത്തെ വ്യക്തമായിട്ടുള്ളതാണ്. ഇപ്പോൾ സ്റ്റിമാച്ചിനെ വെളിപ്പെടുത്തലോടെ ഇക്കാര്യത്തിൽ കൂടുതൽ വ്യക്തത വന്നിരിക്കുകയാണ്. ഇന്ത്യൻ ഫുട്ബോൾ വളരണമെങ്കിൽ വലിയൊരു മാറ്റം തന്നെ വേണ്ടി വരുമെന്ന് ഇതിൽ നിന്നും വ്യക്തമാകുന്നു.