ഇന്ത്യയുടെ എമിലിയാനോ മാർട്ടിനസ് വീണ്ടും രക്ഷകനായി, സാഫ് ചാമ്പ്യൻഷിപ്പ് കിരീടം ഇന്ത്യക്ക് സ്വന്തം | India

സാഫ് കപ്പിന്റെ ഫൈനലിൽ കരുത്തരായ കുവൈറ്റിനെ കീഴടക്കി ഇന്ത്യക്ക് കിരീടം. നിശ്ചിത സമയത്തും അധിക സമയത്തും രണ്ടു ടീമുകളും ഓരോ ഗോളടിച്ച മത്സരത്തിൽ പെനാൽറ്റി ഷൂട്ടൗട്ടാണ് വിജയികളെ നിർണയിച്ചത്. ഒരു കിക്ക് തടഞ്ഞിട്ട് ഒരിക്കൽക്കൂടി ഗുർപ്രീത് ഇന്ത്യയുടെ രക്ഷകനായി മാറിയപ്പോൾ ഇന്ത്യ ഒരു മാസത്തിനിടെ രണ്ടാമത്തെ കിരീടമാണ് സ്വന്തമാക്കിയത്.

രണ്ടു ടീമുകളും കരുതലോടെയാണ് കളിച്ചതെങ്കിലും ആദ്യപകുതി ആവേശകരമായിരുന്നു. ഇന്ത്യയുടെ പ്രെസ്സിങ് ഗെയിമിനെതിരെ പ്രത്യാക്രമണം കൊണ്ട് മറുപടി നൽകിയ കുവൈറ്റ് പതിനാലാം മിനുട്ടിൽ തന്നെ മനോഹരമായൊരു നീക്കത്തിനൊടുവിൽ ഗോൾ നേടി. അബ്ദുല്ലാ അൽ ബലൂസിയുടെ പാസിൽ നിന്നും സാഹിബ് അൽ ഖാൽദിയാണ് കുവൈറ്റിന്റെ ഗോൾ നേടിയത്.

അതിനു പിന്നാലെ ആക്രമണം വർധിപ്പിച്ച ഇന്ത്യക്കായി ഛേത്രി ഒരു ലോങ്ങ് റേഞ്ചർ ഉതിർത്തെങ്കിലും ഗോൾകീപ്പർ രക്ഷകനായി. പിന്നീട് കുറച്ചു സമയം കുവൈറ്റിന് മുൻതൂക്കമുണ്ടായിരുനെങ്കിലും മുപ്പത്തിയെട്ടാം മിനുട്ടിൽ ഇന്ത്യയുടെ മറുപടി വന്നു. ആഷിഖ് നടത്തിയ നീക്കത്തിനൊടുവിൽ ഛേത്രിയിൽ നിന്നും പാസ് സ്വീകരിച്ച് സഹൽ നൽകിയ അസിസ്റ്റിൽ ചാങ്‌തെയാണ് ഇന്ത്യയുടെ ഗോൾ നേടിയത്.

രണ്ടാം പകുതിയിൽ രണ്ടു ടീമുകളും വലിയ അവസരങ്ങളൊന്നും എതിരാളികൾക്ക് നൽകാതെയാണ് കളിച്ചത്. ആക്രമണങ്ങൾ ബോക്‌സിലേക്കെത്താതെ പ്രതിരോധിക്കാൻ രണ്ടു ടീമുകൾക്കും കഴിഞ്ഞു. മികച്ചൊരു അവസരം ലഭിച്ചത് ആദ്യഗോൾ നേടിയ ചാങ്‌ത്തേക്കായിരുന്നു എന്നാൽ താരത്തിന് അത് കൃത്യമായി ലക്ഷ്യത്തിലെത്തിക്കാൻ കഴിയാഞ്ഞത് നിരാശയായി.

എക്‌സ്ട്രാ ടൈമിലും ഒരുപോലെ തന്നെയായിരുന്നു രണ്ടു ടീമുകളും കളിച്ചത്. ആദ്യപകുതിയിൽ കുവൈറ്റ് മുന്നിട്ടു നിന്നപ്പോൾ രണ്ടാം പകുതിയിൽ ഇന്ത്യയായിരുന്നു ആക്രമണങ്ങളിൽ മികച്ചു നിന്നത്. അവസാന മിനിറ്റുകളിൽ ചാങ്‌തെക്ക് ലഭിച്ച അവസരം നഷ്‌ടമായത് ഇന്ത്യക്ക് അവിശ്വസനീയമായ ഒന്നായിരുന്നു.

പെനാൽറ്റി ഷൂട്ടൗട്ടിൽ ആദ്യത്തെ കിക്ക് സുനിൽ ഛേത്രി ഗോളാക്കി മാറ്റിയപ്പോൾ കുവൈറ്റ് താരത്തിന്റെ കിക്ക് ബാറിലടിച്ച് പുറത്തു പോയി. അതിനു ശേഷം ജിങ്കാനും ചാങ്‌ത്തെയും ഇന്ത്യക്കായി ഗോൾ നേടിയപ്പോൾ കുവൈറ്റിന്റെ രണ്ടു താരങ്ങളും ലക്‌ഷ്യം കണ്ടു. നാലാമത്തെ കിക്ക് ഉദാന്ത പുറത്തേക്കടിച്ചതോടെ ഇന്ത്യക്ക് സമ്മർദ്ദമേറി. അതിനു ശേഷമുള്ള കിക്കുകളെല്ലാം ലക്‌ഷ്യം കണ്ടതോടെ മത്സരം സഡൻ ഡെത്തിലേക്ക് നീങ്ങി.

സഡൻ ഡെത്തിൽ ഗുർപ്രീത് വീണ്ടും ഇന്ത്യയുടെ രക്ഷക്കെത്തി. മഹേഷ് സിങ് ഇന്ത്യക്കായി ആദ്യടെ കിക്ക് ലക്ഷ്യത്തിലേക്ക് എത്തിച്ചപ്പോൾ ഇബ്രാഹിം എടുത്ത കിക്ക് ഇടതുവശത്തേക്ക് ചാടി ഗുർപ്രീത് രക്ഷപ്പെടുത്തി. ഇതോടെ തുടർച്ചയായ രണ്ടാമത്തെ കിരീടം ഇന്ത്യക്ക് സ്വന്തം.

India Won SAFF Championship Beating Kuwait