ലയണൽ മെസി വന്നതിനു ശേഷം നടന്ന ആദ്യത്തെ ഫൈനലിൽ നാഷ്‌വില്ലേയെ തോൽപ്പിച്ച് കിരീടം സ്വന്തമാക്കി ഇന്റർ മിയാമി. ഇന്ന് നടന്ന ഫൈനലിൽ രണ്ടു ടീമുകളും നിശ്ചിത സമയത്ത് ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞപ്പോൾ പതിനൊന്നു വീതം കിക്കുകൾ എടുക്കേണ്ടി വന്ന ഷൂട്ടൗട്ടിലാണ് ഇന്റർ മിയാമിയുടെ വിജയം. രണ്ടു പെനാൽറ്റി കിക്കുകൾ തടഞ്ഞിട്ട ഇന്റർ മിയാമി ഗോൾകീപ്പറും മത്സരത്തിൽ ഹീറോയായി.
രണ്ടു ടീമുകളും കരുതലോടെയാണ് കളിച്ചത് എന്നതിനാൽ തന്നെ കൂടുതൽ അവസരങ്ങളൊന്നും ആദ്യപകുതിയിൽ ഉണ്ടായില്ല. ഇരുപത്തിമൂന്നാം മിനുട്ടിൽ ലയണൽ മെസി ഇന്റർ മിയാമിയെ മുന്നിലെത്തിച്ചു. ആൽബ നൽകിയ പന്ത് ബോക്‌സിനു പുറത്തു നിന്നും സ്വീകരിച്ച താരം നാഷ്‌വില്ലേ താരങ്ങളെ വെട്ടിച്ചതിനു ശേഷം നിറയൊഴിക്കുകയായിരുന്നു. ആദ്യപകുതിയിൽ ഇന്റർ മിയാമിയുടെ ലീഡോടു കൂടിയാണ് മത്സരം ഇടവേളക്കായി പിരിഞ്ഞത്.
LIONEL MESSI
OH MY GOD
WHAT A GOAL
— All About Argentina 🛎🇦🇷 (@AlbicelesteTalk) August 20, 2023
അതേസമയം ഇന്റർ മിയാമിയെ സംബന്ധിച്ച് കടുപ്പമേറിയതായിരുന്നു രണ്ടാം പകുതി. അവസരങ്ങൾ ഉണ്ടാക്കിയെടുക്കാൻ അവർ ബുദ്ധിമുട്ടി. അതിനിടയിൽ അൻപത്തിയേഴാം മിനുട്ടിൽ ഒരു കോർണറിനു ശേഷമുണ്ടായ കൂട്ടപ്പൊരിച്ചിലിൽ നാഷ്‌വില്ലേ സമനില ഗോൾ നേടി. അതിനു ശേഷം ലയണൽ മെസിയുടെ ഒരു ശ്രമം പോസ്റ്റിൽ തട്ടി തെറിച്ചു പോവുകയുണ്ടായി. ഒരു മികച്ച അവസരം നാഷ്‌വില്ലേ താരവും തുലച്ചു കളഞ്ഞു. മത്സരത്തിന്റെ അവസാന മിനുട്ടിൽ കാമ്പാന ഒരു അവസരം തുലച്ചത് അവിശ്വസനീയമായിരുന്നു.