മിശിഹായുടെ വരവിൽ പുതിയ ചരിത്രം പിറന്നു, ആദ്യകിരീടം സ്വന്തമാക്കി ഇന്റർ മിയാമി | Inter Miami

ലയണൽ മെസി വന്നതിനു ശേഷം നടന്ന ആദ്യത്തെ ഫൈനലിൽ നാഷ്‌വില്ലേയെ തോൽപ്പിച്ച് കിരീടം സ്വന്തമാക്കി ഇന്റർ മിയാമി. ഇന്ന് നടന്ന ഫൈനലിൽ രണ്ടു ടീമുകളും നിശ്ചിത സമയത്ത് ഓരോ ഗോൾ വീതം നേടി സമനിലയിൽ പിരിഞ്ഞപ്പോൾ പതിനൊന്നു വീതം കിക്കുകൾ എടുക്കേണ്ടി വന്ന ഷൂട്ടൗട്ടിലാണ് ഇന്റർ മിയാമിയുടെ വിജയം. രണ്ടു പെനാൽറ്റി കിക്കുകൾ തടഞ്ഞിട്ട ഇന്റർ മിയാമി ഗോൾകീപ്പറും മത്സരത്തിൽ ഹീറോയായി.

രണ്ടു ടീമുകളും കരുതലോടെയാണ് കളിച്ചത് എന്നതിനാൽ തന്നെ കൂടുതൽ അവസരങ്ങളൊന്നും ആദ്യപകുതിയിൽ ഉണ്ടായില്ല. ഇരുപത്തിമൂന്നാം മിനുട്ടിൽ ലയണൽ മെസി ഇന്റർ മിയാമിയെ മുന്നിലെത്തിച്ചു. ആൽബ നൽകിയ പന്ത് ബോക്‌സിനു പുറത്തു നിന്നും സ്വീകരിച്ച താരം നാഷ്‌വില്ലേ താരങ്ങളെ വെട്ടിച്ചതിനു ശേഷം നിറയൊഴിക്കുകയായിരുന്നു. ആദ്യപകുതിയിൽ ഇന്റർ മിയാമിയുടെ ലീഡോടു കൂടിയാണ് മത്സരം ഇടവേളക്കായി പിരിഞ്ഞത്.

അതേസമയം ഇന്റർ മിയാമിയെ സംബന്ധിച്ച് കടുപ്പമേറിയതായിരുന്നു രണ്ടാം പകുതി. അവസരങ്ങൾ ഉണ്ടാക്കിയെടുക്കാൻ അവർ ബുദ്ധിമുട്ടി. അതിനിടയിൽ അൻപത്തിയേഴാം മിനുട്ടിൽ ഒരു കോർണറിനു ശേഷമുണ്ടായ കൂട്ടപ്പൊരിച്ചിലിൽ നാഷ്‌വില്ലേ സമനില ഗോൾ നേടി. അതിനു ശേഷം ലയണൽ മെസിയുടെ ഒരു ശ്രമം പോസ്റ്റിൽ തട്ടി തെറിച്ചു പോവുകയുണ്ടായി. ഒരു മികച്ച അവസരം നാഷ്‌വില്ലേ താരവും തുലച്ചു കളഞ്ഞു. മത്സരത്തിന്റെ അവസാന മിനുട്ടിൽ കാമ്പാന ഒരു അവസരം തുലച്ചത് അവിശ്വസനീയമായിരുന്നു.

മുഴുവൻ സമയത്തും മത്സരം സമനിലയിൽ പിരിഞ്ഞതോടെ പെനാൽറ്റി ഷൂട്ടൗട്ടിലേക്ക് നീണ്ടു. ലയണൽ മെസി ആദ്യത്തെ കിക്ക് കൂളായി ഗോളാക്കി മാറ്റി ഇന്റർ മിയാമി താരങ്ങൾക്ക് ആത്മവിശ്വാസം നൽകി. അതിനു ശേഷം വന്ന മൂന്ന് ഇന്റർ മിയാമി താരങ്ങളും ഗോൾ നേടിയപ്പോൾ നാഷ്‌വില്ലേയുടെ രണ്ടാമത്തെ കിക്ക് മിയാമി ഗോൾകീപ്പർ തടഞ്ഞിട്ടു. വിജയം ഉറപ്പിക്കാമായിരുന്ന ഇന്റർ മിയാമിയുടെ അവസാനത്തെ കിക്ക് ഗോൾകീപ്പർ തടഞ്ഞിട്ടതോടെ മത്സരം സഡൻ ഡെത്തിലേക്ക് നീങ്ങി.

സഡൻ ഡെത്തിൽ രണ്ടു ടീമുകളുടെയും ആദ്യത്തെ കിക്ക് ഗോളായിരുന്നു. അതിനു ശേഷമെടുത്ത മൂന്നു കിക്കുകളും രണ്ടു ടീമിലെയും താരങ്ങൾ ലക്‌ഷ്യം കണ്ടതോടെ ഷൂട്ടൗട്ട് വീണ്ടും മുന്നോട്ടു പോയി. രണ്ടു ടീമുകളിലെയും താരങ്ങൾ പത്ത് കിക്ക് വീതം എടുത്തതോടെ ഗോൾകീപ്പർമാരും പെനാൽറ്റി കിക്ക് എടുക്കുകയുണ്ടായി. ഇന്റർ മിയാമി കീപ്പർ ലക്‌ഷ്യം കണ്ടപ്പോൾ നാഷ്‌വില്ലേ കീപ്പറുടെ കിക്ക് തടഞ്ഞിട്ടതോടെ വിജയവും കിരീടവും ഇന്റർ മിയാമിക്ക് സ്വന്തം.

Inter Miami Won Leagues Cup