അമേരിക്കൻ ജനതയെ കടുത്ത ഫുട്ബോൾ ആരാധകരാക്കി മാറ്റുന്ന ലയണൽ മെസി, കഴിഞ്ഞ മത്സരത്തിൽ അവിശ്വസനീയ നേട്ടം | Lionel Messi

യൂറോപ്പിൽ നിന്നും അമേരിക്കൻ ഫുട്ബോളിലേക്കുള്ള ലയണൽ മെസിയുടെ ചേക്കേറൽ ഇപ്പോഴും ആരാധകർക്ക് പൂർണമായി ഉൾക്കൊള്ളാൻ കഴിഞ്ഞിട്ടില്ല. ഖത്തർ ലോകകപ്പിൽ മിന്നുന്ന പ്രകടനം നടത്തി അർജന്റീനക്ക് കിരീടം സ്വന്തമാക്കി നൽകിയതിന് പിന്നാലെയാണ് ലയണൽ മെസി യൂറോപ്പ് വിട്ട് അമേരിക്കൻ ക്ലബായ ഇന്റർ മിയാമിയിലേക്ക് ചേക്കേറിയത്.

എന്നാൽ ലയണൽ മെസിയുടെ വരവോടെ അമേരിക്കയിൽ ഫുട്ബോളിനു വലിയ കുതിപ്പുണ്ടാകുന്നുണ്ടെന്ന കാര്യത്തിൽ സംശയമില്ല. കഴിഞ്ഞ ദിവസം കാൻസാസ് സിറ്റിയും ഇന്റർ മിയാമിയും തമ്മിൽ നടന്ന മത്സരം അതിനുദാഹരണമാണ്. ലയണൽ മെസി കളിക്കുമെന്ന് അറിഞ്ഞതോടെ ചെറിയ സ്റ്റേഡിയത്തിൽ നിന്നും എഴുപത്തിനായിരത്തിലധികം കപ്പാസിറ്റിയുള്ള സ്റ്റേഡിയത്തിലേക്ക് മത്സരം മാറ്റിയിരുന്നു.

അത് മാത്രമല്ല, ഫുട്ബോളിന് വമ്പൻ വേരോട്ടമില്ലാത്ത അമേരിക്കയിൽ ഈ വർഷം ഏറ്റവുമധികം കാണികൾ എത്തിയ രണ്ടാമത്തെ മത്സരമാണതെന്ന പ്രത്യേകത കൂടിയുണ്ട്. 72755 കാണികൾ എത്തിയ റെസിൽമാനിയ എക്‌സ്എൽ നൈറ്റ് 2 ഒന്നാം സ്ഥാനത്തു നിൽക്കുമ്പോൾ രണ്ടാമതുള്ള ഇന്റർ മിയാമിയും കാൻസാസ് സിറ്റിയും തമ്മിലുള്ള മത്സരത്തിന് 72610 കാണികളാണ് എത്തിയത്.

മത്സരത്തിൽ ലയണൽ മെസി ഗംഭീര പ്രകടനമാണ് നടത്തിയത്. ഇന്റർ മിയാമി രണ്ടിനെതിരെ മൂന്നു ഗോളുകൾക്ക് വിജയം നേടിയ മത്സരത്തിൽ ലയണൽ മെസി ഒരു ഗോളും ഒരു അസിസ്റ്റും സ്വന്തമാക്കിയിരുന്നു. ബോക്‌സിന് പുറത്തു നിന്നും ഒരു മിന്നൽ ഷോട്ടിലൂടെ താരം നേടിയ ഗോളും ലോകകപ്പിൽ ഹോളണ്ടിനെതിരെ നൽകിയത് പോലെയുള്ള അസിസ്റ്റും ആരാധകരെ വിസ്‌മയിപ്പിക്കുന്നതായിരുന്നു.

പരിക്കിന്റെ ബുദ്ധിമുട്ടുകൾ പലപ്പോഴും അലട്ടുന്നുണ്ടെങ്കിലും ഇന്റർ മിയാമിക്കായി ഗംഭീര പ്രകടനമാണ് ലയണൽ മെസി നടത്തുന്നത്. ഈ സീസണിൽ കളിച്ച മത്സരങ്ങളിലെല്ലാം ഗോൾ നേടാനോ അസിസ്റ്റ് സ്വന്തമാക്കാനോ താരത്തിന് കഴിഞ്ഞിട്ടുണ്ട്. ലീഗിൽ ഇതുവരെ താരം അഞ്ചു ഗോളുകൾ നേടിയപ്പോൾ ഇന്റർ മിയാമി തന്നെയാണ് ഒന്നാം സ്ഥാനത്തു നിൽക്കുന്നത്.

Lionel Messi Effect In USA Is Unreal