ടോപ് സ്‌കോറർ ദിമിത്രിയോസിനെ റാഞ്ചി ഐഎസ്എല്ലിലേക്ക് മാസ് എൻട്രി, ബ്ലാസ്റ്റേഴ്‌സിന് തിരിച്ചടിയാകുന്ന നീക്കവുമായി ബംഗാൾ ക്ലബ് | Dimitrios

ഇന്ത്യൻ സൂപ്പർ ലീഗിൽ കഴിഞ്ഞ സീസണിൽ എത്തിയ ഗ്രീക്ക് സ്‌ട്രൈക്കർ ദിമിത്രിയോസ് ഡയമന്റക്കൊസ് മിന്നുന്ന പ്രകടനമാണ് നടത്തുന്നത്. കഴിഞ്ഞ സീസണിൽ പത്ത് ഗോളുകൾ നേടിയ താരം ഐഎസ്എല്ലിൽ വരവറിയിച്ചെങ്കിൽ ഈ സീസണിൽ പതിമൂന്നു ഗോളുകൾ നേടി ലീഗിലെ ടോപ് സ്കോററായി മാറാൻ ദിമിത്രിയോസിനു കഴിഞ്ഞിട്ടുണ്ട്.

എന്നാൽ ദിമിത്രിയോസ് കേരള ബ്ലാസ്റ്റേഴ്‌സിൽ തുടരുമോയെന്ന കാര്യത്തിൽ സംശയങ്ങൾ തുടരുകയാണ്. ഈ സീസണോടെ കരാർ അവസാനിക്കുന്ന താരത്തിന് ബ്ലാസ്റ്റേഴ്‌സ് ഓഫർ നൽകിയെങ്കിലും അത് ദിമി സ്വീകരിച്ചിട്ടില്ല. രണ്ടു സീസണുകളിലും ബ്ലാസ്റ്റേഴ്‌സിനായി ഗംഭീര പ്രകടനം നടത്തിയ തനിക്ക് കൂടുതൽ മെച്ചപ്പെട്ട ഓഫർ നൽകണമെന്നാണ് താരത്തിന്റെ ആവശ്യം.

എന്നാൽ ദിമിത്രിയോസിന്റെ ആവശ്യം ബ്ലാസ്റ്റേഴ്‌സ് നേതൃത്വം ഇതുവരെ പരിഗണിച്ചിട്ടില്ല. പുതിയ ഓഫർ നൽകിയില്ലെങ്കിൽ ബ്ലാസ്റ്റേഴ്‌സുമായി കരാർ ഒപ്പിടില്ലെന്നാണ് ദിമിയുടെ തീരുമാനം. അതുകൊണ്ടു തന്നെ താരത്തെ സ്വന്തമാക്കാൻ ക്ലബുകൾ രംഗത്തുണ്ട്. ഐ ലീഗ് കിരീടം നേടിയ ബംഗാൾ ക്ലബായ മൊഹമ്മദൻസും താരത്തിനായി രംഗത്തുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഈ സീസണിൽ ഗംഭീര പ്രകടനമാണ് മൊഹമ്മദൻ ഐ ലീഗിൽ നടത്തിയത്. നാല് പോയിന്റ് വ്യത്യാസവുമായി ലീഗ് വിജയിച്ച അവർ ആകെ തോറ്റത് നാല് മത്സരങ്ങളിൽ മാത്രമാണ്. അടുത്ത സീസണിലേക്ക് ഐഎസ്എല്ലിലേക്ക് ഒരു മാസ് എൻട്രിയാണ് അവർ പദ്ധതിയിടുന്നത്. അതിനായി ഈ സീസണിലെ ടോപ് സ്‌കോററെത്തന്നെ ടീമിലെത്തിക്കാമെന്നാണ് കണക്കുകൂട്ടൽ.

മികച്ച ഓഫറുകൾ നൽകാൻ കഴിവുള്ള ക്ലബാണ് മൊഹമ്മദൻ. അതുകൊണ്ടു തന്നെ ഗ്രീക്ക് താരം ആഗ്രഹിക്കുന്നത് പോലെയൊരു കരാർ മുന്നോട്ടു വെക്കാൻ അവർക്ക് കഴിയും. ബ്ലാസ്റ്റേഴ്‌സിൽ തന്നെ തുടരാനാണ് ദിമിത്രിയോസ് ആഗ്രഹിക്കുന്നതെങ്കിലും ക്ലബ് തന്റെ ആവശ്യത്തോട് മുഖം തിരിച്ചു നിൽക്കുന്നതിനാൽ മറ്റുള്ള മികച്ച ഓഫർ താരം പരിഗണിക്കുമെന്നതിൽ സംശയമില്ല.

Dimitrios Is A Target Of Mohammedan SC