സുവാരസിന്റെ മിന്നും പ്രകടനം, ലയണൽ മെസിയുടെ ഹെഡർ ഗോൾ; അതിഗംഭീര വിജയവുമായി ഇന്റർ മിയാമി | Inter Miami

മേജർ സോക്കർ ലീഗിൽ ഒർലാൻഡോ സിറ്റിക്കെതിരെ നടന്ന മത്സരത്തിൽ ഗംഭീര വിജയവുമായി ഇന്റർ മിയാമി. സുവാരസ് അതിഗംഭീര പ്രകടനം നടത്തിയ മത്സരത്തിൽ എതിരില്ലാത്ത അഞ്ചു ഗോളുകൾക്കാണ് ഇന്റർ മിയാമി വിജയം നേടിയത്. ലൂയിസ് സുവാരസ് രണ്ടു ഗോളുകൾ നേടുകയും രണ്ടു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്‌ത മത്സരത്തിൽ ലയണൽ മെസിയും ഇരട്ടഗോളുകൾ സ്വന്തമാക്കി.

മത്സരത്തിന്റെ നാലാം മിനുട്ടിൽ തന്നെ ഇന്റർ മിയാമി മുന്നിലെത്തി. അമേരിക്കൻ താരമായ ജൂലിയൻ ഗ്രെസ്സെൽ നൽകിയ പാസ് വെടിയുണ്ട പോലെ ഗോളിലേക്ക് പായിച്ചാണ് സുവാരസ് എംഎൽഎസിലെ തന്റെ ആദ്യത്തെ ഗോൾ നേടിയത്. പതിനൊന്നാം മിനുട്ടിൽ തന്നെ ഇന്റർ മിയാമി ലീഡുയർത്തി. ഗ്രെസ്സലിന്റെ തന്നെ പാസിൽ ഗോൾകീപ്പറെ കീഴടക്കി സുവാരസ് തന്നെയാണ് രണ്ടാമത്തെ ഗോൾ നേടിയത്.

മുപ്പതാം മിനുട്ടിൽ ഇന്റർ മിയാമി മൂന്നാമത്തെ ഗോൾ നേടുന്നത് റോബർട്ട് ടെയ്‌ലറിലൂടെയാണ്. ആ ഗോളിന് വഴിയൊരുക്കിയത് സുവാരസായിരുന്നു. താരത്തിന് നേരിട്ട് ഷൂട്ട് ചെയ്‌ത്‌ പുതിയ ക്ലബിനൊപ്പം ആദ്യത്തെ ഹാട്രിക്ക് സ്വന്തമാക്കാൻ അവസരമുണ്ടായിരുന്നെങ്കിലും അത് ടെയ്‌ലർക്ക് നൽകിയ സുവാരസ് ഒരിക്കൽക്കൂടി തന്റെ നിസ്വാർത്ഥമായ സമീപനം കളിക്കളത്തിൽ കാണിക്കുകയുണ്ടായി.

രണ്ടാം പകുതിയിലാണ് ലയണൽ മെസിയുടെ ഗോളുകൾ വരുന്നത്. ആദ്യത്തെ ഗോൾ മെസിയും ആൽബയും ചേർന്നുള്ള മുന്നേറ്റത്തിലൂടെയായിരുന്നു. മെസിയെ ഓർമിപ്പിക്കുന്ന ഒരു റൺ നടത്തിയ ആൽബ ഗോളിൽ വലിയ പങ്കു വഹിച്ചു. അതിനു ശേഷം സുവാരസിന്റെ ക്രോസിൽ ഒരു ഹെഡറിലൂടെ മെസി ടീമിന്റെ അഞ്ചാമത്തെ ഗോളും നേടി. അപൂർവമായാണ് ലയണൽ മെസി ഹെഡർ ഗോൾ നേടുന്നത്.

മത്സരത്തിൽ വിജയം നേടിയതോടെ അമേരിക്കൻ ലീഗിൽ ഒന്നാം സ്ഥാനത്താണ് ഇന്റർ മിയാമി. മൂന്നു മത്സരങ്ങളിൽ നിന്നും ഏഴു പോയിന്റുള്ള അവരെ മറികടക്കാൻ സാധ്യതയുള്ള ടീം പോർട്ട്ലാൻഡ് ടിംബേർസ് മാത്രമാണ്. അടുത്ത മത്സരത്തിൽ കൂടുതൽ ഗോൾ മാർജിനിൽ അവർക്ക് വിജയിക്കാൻ കഴിഞ്ഞാൽ ഇന്റർ മിയാമിയെ മറികടന്ന് ഒന്നാം സ്ഥാനത്തേക്ക് വരാം.

Inter Miami Won Against Orlando City In MLS