അർജന്റീനയെ ഉയർത്തെഴുന്നേൽപ്പിച്ച ഗോളിന്റെ ആവർത്തനം, മെസിയുടെ ഗോളിലും വിജയിക്കാനാവാതെ ഇന്റർ മിയാമി | Lionel Messi

ഖത്തർ ലോകകപ്പിൽ അർജന്റീന ടീമിനെ ഉയർത്തെഴുന്നേൽപ്പിച്ചത് മെക്‌സിക്കോക്കെതിരെ നടന്ന മത്സരത്തിലെ വിജയമായിരുന്നു. സൗദി അറേബ്യക്കെതിരെ നടന്ന ആദ്യത്തെ മത്സരത്തിൽ തോൽവി വഴങ്ങിയ ടീമിന്റെ എല്ലാ പ്രതീക്ഷകളും അവസാനിക്കാൻ പോകുന്നു എന്ന നിലയിൽ നിന്നും മെക്‌സിക്കോക്കെതിരെ വിജയം നേടിയപ്പോൾ അതിനു തുടക്കമിട്ടത് ലയണൽ മെസി നേടിയ മനോഹരമായ ഗോളായിരുന്നു.

ഇന്ന് രാവിലെ നടന്ന മത്സരത്തിൽ ആ ഗോളിന്റെ ആവർത്തനമെന്നതു പോലെയൊരു ഗോളാണ് ലയണൽ മെസി നേടിയത്. അറ്റ്‌ലാന്റാ യുണൈറ്റഡുമായി നടന്ന ലീഗ് മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് മെസിയുടെ ഗോൾ പിറന്നത്. ബുസ്‌ക്വറ്റ്‌സിൽ നിന്നും പന്ത് സ്വീകരിച്ച താരം ബോക്‌സിന് പുറത്തു നിന്നുള്ള ഒരു ഗ്രൗണ്ടർ ഷോട്ട് പോസ്റ്റിന്റെ മൂലയിലേക്ക് പായിച്ചപ്പോൾ ഗോൾകീപ്പർക്ക് മറുപടിയുണ്ടായിരുന്നില്ല.

എന്നാൽ മെസിയുടെ ഗോളിലും ഇന്റർ മിയാമിക്ക് തോൽവി വഴങ്ങാനായിരുന്നു വിധി. സാബയുടെ രണ്ടു ഗോളുകൾക്ക് അറ്റ്‌ലാന്റാ മുന്നിലെത്തിയതിനു ശേഷമാണ് ലയണൽ മെസി ഗോൾ നേടുന്നത്. അതിനു ശേഷം ജമാലിന്റെ ഗോളിൽ അറ്റ്‌ലാന്റാ വിജയമുറപ്പിച്ചു. ഇതോടെ അമേരിക്കൻ സോക്കർ ലീഗിലെ ഒന്നാം സ്ഥാനത്തിന് ഇന്റർ മിയാമിക്ക് ഭീഷണി ഉയർന്നിട്ടുണ്ട്.

ലയണൽ മെസി ഗോൾ നേടിയ മത്സരത്തിൽ താരത്തിന്റെ ക്ലബ് തോൽവി വഴങ്ങുന്നതും ലോകകപ്പിന് ശേഷം ആദ്യമായാണ്. ലോകകപ്പിൽ സൗദി അറേബ്യക്കെതിരെയാണ് മെസി ഗോൾ നേടിയിട്ട് മെസിയുടെ ടീം ഇതിനു മുൻപ് തോൽക്കുന്നത്. തോൽവി വഴങ്ങിയെങ്കിലും ഇപ്പോഴും മേജർ സോക്കർ ലീഗിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്നത് ഇന്റർ മിയാമി തന്നെയാണ്.

ഈ സീസണിൽ ഇന്റർ മിയാമിക്കായി മിന്നുന്ന പ്രകടനമാണ് മെസി നടത്തുന്നത്. പതിമൂന്നു മത്സരങ്ങളിൽ മാത്രം ഇറങ്ങിയ താരം പതിനൊന്നു ഗോളുകൾ നേടുകയും പന്ത്രണ്ടു ഗോളുകൾക്ക് വഴിയൊരുക്കുകയും ചെയ്‌തു. ലയണൽ മെസി കോപ്പ അമേരിക്കക്കുള്ള അർജന്റീന ദേശീയ ടീമിനൊപ്പം ചേരുമെന്നിരിക്കെ ഇനിയുള്ള പല മത്സരങ്ങളും നഷ്‌ടമാകുമെന്നുറപ്പാണ്.

Lionel Messi Scored Amazing Goal For Inter Miami