കിരീടമുയർത്തേണ്ടത് ഞാനല്ല, മുൻ നായകനെ വിളിച്ച് ആംബാൻഡ്‌ കൈമാറി മെസി; കയ്യടിച്ച് ഫുട്ബോൾ ലോകം | Messi

ലയണൽ മെസി വന്നതിനു ശേഷം തുടർച്ചയായ ഏഴാമത്തെ മത്സരത്തിലും വിജയം നേടിയ ഇന്റർ മിയാമി ലീഗ്‌സ് കപ്പ് കിരീടവും സ്വന്തമാക്കുകയുണ്ടായി. ഇന്ന് നടന്ന മത്സരത്തിൽ മുഴുവൻ സമയത്ത് രണ്ടു ടീമുകളും സമനിലയിൽ പിരിഞ്ഞതോടെ പെനാൽറ്റി ഷൂട്ടൗട്ടിലാണ് നാഷ്‌വില്ലേക്കെതിരെ ഇന്റർ മിയാമി വിജയം നേടിയത്. ഇന്റർ മിയാമിയുടെ ചരിത്രത്തിൽ ആദ്യമായാണ് ഒരു കിരീടം അവർ സ്വന്തമാക്കുന്നത്. ഈ മത്സരങ്ങളിലെല്ലാം മെസി ഗോളുകൾ നേടിയെന്നതും ശ്രദ്ധേയമാണ്.

ലയണൽ മെസി എത്തിയതിനു ശേഷം ടീമിന്റെ നായകനായി അദ്ദേഹത്തെ അവരോധിച്ചിരുന്നു. ഒരു നായകൻറെ പ്രകടനം തന്നെയാണ് ഇന്റർ മിയാമിക്കൊപ്പം ലയണൽ മെസി നടത്തിയത്. തോൽവി ഉറപ്പിച്ച പല മത്സരങ്ങളിലും ടീമിനായി നിർണായക ഗോളുകൾ നേടി ടീമിനെ രക്ഷിക്കാൻ മെസിക്ക് കഴിഞ്ഞു. ഇന്റർ മിയാമിയെ മുന്നോട്ടു നയിച്ച നായകനാണെങ്കിലും ഇന്ന് നേടിയ കിരീടമുയർത്താൻ ടീമിന്റെ മുൻ നായകനെ ക്ഷണിച്ച മെസിയുടെ പ്രവൃത്തിയാണ് ഇപ്പോൾ ചർച്ചയായി മാറുന്നത്.

ലീഗ്‌സ് കപ്പ് കിരീടം വാങ്ങാൻ പോഡിയത്തിലേക്ക് മെസി തന്നെയാണ് കയറിയത്. എന്നാൽ കിരീടം കയ്യിൽ വാങ്ങാൻ തയ്യാറാകാതെ സഹതാരം ഡിആന്ദ്രേ യെഡ്‌ലിനെ മെസി വിളിക്കുകയായിരുന്നു. തന്റെ ക്യാപ്റ്റൻ ആംബാൻഡും അമേരിക്കൻ താരത്തിന് മെസി നൽകി. മെസി വരുന്നതിനു മുൻപ് യെഡ്‌ലിൻ ആയിരുന്നു ഇന്റർ മിയാമി നായകൻ. അതുകൊണ്ട് താരമാണ് കപ്പുയർത്താൻ യോഗ്യനെന്നാണ് മെസി പറഞ്ഞത്. ഒടുവിൽ യെഡ്‌ലിൻ കപ്പ് വാങ്ങി മെസിക്കൊപ്പം തന്നെ ഉയർത്തുകയും ചെയ്‌തു.

മെസിയുടെ പ്രവൃത്തിക്ക് വളരെയധികം അഭിനന്ദനമാണ് ഫുട്ബോൾ ലോകത്ത് നിന്നും വരുന്നത്. ഇങ്ങിനെയുള്ള കാര്യങ്ങളെല്ലാം ശ്രദ്ധിച്ച് ചെയ്യുന്നതു കൊണ്ടാണ് മെസി എല്ലാവർക്കും പ്രിയങ്കരനും ലോകത്തിലെ ഏറ്റവും മികച്ച താരവുമായി മാറുന്നതെന്ന് ആരാധകർ പറയുന്നു. താൻ വന്നതിനു ശേഷമാണ് കിരീടം നേടിയതെങ്കിലും മുഴുവൻ ക്രെഡിറ്റും തന്നിലേക്ക് പോകാതെ സഹതാരങ്ങളെക്കൂടി കൃത്യമായി പരിഗണിക്കാൻ എല്ലായിപ്പോഴും മെസി ശ്രദ്ധിക്കുന്നുണ്ട്.

Messi Called Yedlin To Lift Trophy