കിരീടനേട്ടങ്ങളിൽ ഒരേയൊരു കിങ്ങായി ലയണൽ മെസി, ബ്രസീലിയൻ താരത്തിന്റെ റെക്കോർഡ് പഴങ്കഥ | Messi

നാഷ്‌വില്ലേക്കെതിരെ നടന്ന ലീഗ്‌സ് കപ്പ് ഫൈനലിൽ വിജയം നേടിയതോടെ അമേരിക്കയിലെ കരിയറിന് മികച്ച രീതിയിലാണ് ലയണൽ മെസി തുടക്കമിട്ടത്. ഇന്റർ മിയാമിയിൽ എത്തിയതിനു ശേഷം ഏഴു മത്സരങ്ങൾ കളിച്ച മെസിക്ക് ഏഴിലും ടീമിനെ വിജയത്തിലേക്ക് നയിക്കാനും ക്ലബിന്റെ ചരിത്രത്തിൽ ആദ്യത്തെ കിരീടം സ്വന്തമാക്കി നൽകാനും കഴിഞ്ഞു. ചരിത്രത്തിൽ ആദ്യമായി ഇന്റർ മിയാമിയെ കോൺകാഫ് ചാമ്പ്യൻസ് ലീഗിലെത്തിക്കാനും ലയണൽ മെസിക്കായി.

കരിയറിൽ സാധ്യമായ നേട്ടങ്ങളെല്ലാം സ്വന്തമാക്കി പൂർണതയിലെത്തിയ ലയണൽ മെസി മറ്റൊരു കിരീടം കൂടി തന്റെ നേട്ടങ്ങൾക്കൊപ്പം ചേർത്തു വെച്ചിട്ടുണ്ട്. ഇതോടെ കരിയറിൽ ഏറ്റവുമധികം കിരീടങ്ങൾ നേടിയ താരമെന്ന റെക്കോർഡിൽ ലയണൽ മെസി ഒറ്റക്ക് മുന്നിലെത്തി. ബ്രസീലിയൻ ഇതിഹാസവും ബാഴ്‌സയിൽ ലയണൽ മെസിയുടെ മുൻസഹതാരവുമായിരുന്നു ഡാനി ആൽവ്സിന്റെ കിരീടനേട്ടങ്ങളുടെ റെക്കോർഡാണ് മെസി ഇന്ന് മറികടന്നത്.

ഇന്റർ മിയാമിക്കൊപ്പം ലീഗ്‌സ് കപ്പ് സ്വന്തമാക്കിയതോടെ ലയണൽ മെസി 44 കിരീടങ്ങളാണ് കരിയറിൽ നേടിയത്. ഡാനി ആൽവ്സിന്റെ 43 കിരീടങ്ങളുടെ റെക്കോർഡ് ഇതോടെ രണ്ടാം സ്ഥാനത്തേക്ക് വീണു. ഡാനി ആൽവസ് ഇനി പ്രൊഫെഷണൽ ഫുട്ബോളിലേക്ക് തിരിച്ചു വരാനുള്ള സാധ്യതയില്ലാത്തതിനാൽ ഈ റെക്കോർഡ് വളരെക്കാലം ഭദ്രമായിരിക്കും. 39 കിരീടങ്ങൾ നേടിയ ഈജിപ്ഷ്യൻ താരം ഹൊസം അഷൂർ മൂന്നാം സ്ഥാനത്ത് നിൽക്കുമ്പോൾ 37 കിരീടങ്ങളുമായി ആന്ദ്രെസ് ഇനിയേസ്റ്റ നാലാം സ്ഥാനത്ത് നിൽക്കുന്നു.

ലയണൽ മെസി ഏറ്റവുമധികം കിരീടങ്ങൾ നേടിയിട്ടുള്ളത് ബാഴ്‌സലോണക്കൊപ്പം തന്നെയാണ്. 10 ലാ ലിഗയും നാല് ചാമ്പ്യൻസ് ലീഗുമുൾപ്പെടെ 35 കിരീടങ്ങൾ ബാഴ്‍സക്കൊപ്പം നേടിയ മെസി അർജന്റീനക്കായി ലോകകപ്പും കോപ്പ അമേരിക്കയും ഒളിമ്പിക് ഗോൾഡുമുൾപ്പെടെ അഞ്ചു കിരീടങ്ങൾ സ്വന്തമാക്കി. അതിനു പുറമെ പിഎസ്‌ജിക്കൊപ്പം രണ്ടു ലീഗുൾപ്പെടെ മൂന്നു കിരീടങ്ങൾ നേടിയ മെസിയിപ്പോൾ ഇന്റർ മിയാമിക്ക് ആദ്യത്തെ കിരീടം സ്വന്തമാക്കി നൽകിയാണ് റെക്കോർഡ് കുറിച്ചത്.

Messi Most Decorated Player In Football History