മിയാമിയിലേക്ക് നെയ്‌മറെ സ്വാഗതം ചെയ്‌ത്‌ ബെക്കാം, സംഭവത്തിൽ വലിയൊരു ട്വിസ്റ്റുണ്ട് | Neymar

ഫുട്ബോൾ ലോകം കണ്ട ഏറ്റവും മികച്ച മുന്നേറ്റനിര ഏതാണെന്ന ചോദ്യത്തിന് ഭൂരിഭാഗം ആളുകളും പറയുന്ന ഉത്തരം ലയണൽ മെസി, ലൂയിസ് സുവാരസ്, നെയ്‌മർ എന്നിവർ ഒത്തുചേർന്ന എംഎസ്എൻ ത്രയത്തിന്റെ പേരായിരിക്കും. മൈതാനത്തിനകത്തും പുറത്തും ഒരുപോലെ ഒറ്റക്കെട്ടായി നിന്നിരുന്ന ഈ കൂട്ടുകെട്ട് പിരിഞ്ഞത് നെയ്‌മർ ബാഴ്‌സലോണ വിട്ടു പിഎസ്‌ജിയിലേക്ക് ചേക്കേറാൻ തീരുമാനമെടുത്തതോടെയാണ്.

ബാഴ്‌സലോണ വിട്ടത് നെയ്‌മറുടെ കരിയറിലെ തന്നെ ഏറ്റവും മോശം തീരുമാനങ്ങളിൽ ഒന്നായിരുന്നു എന്ന കാര്യത്തിൽ സംശയമില്ല. കളിക്കളത്തിലിറങ്ങുമ്പോഴെല്ലാം മികച്ച പ്രകടനം നടത്തിയിരുന്നെങ്കിലും തുടർച്ചയായ പരിക്കുകളും മോശം പെരുമാറ്റവും താരത്തെ ആരാധകരിൽ നിന്നും അകറ്റി. ഒടുവിൽ ആരാധകരുടെ പ്രതിഷേധം കൊണ്ടു കൂടി നെയ്‌മർക്ക് പിഎസ്‌ജി വിടേണ്ടിയും വന്നു.

പിഎസ്‌ജി വിട്ടതിനു ശേഷം സൗദി അറേബ്യൻ ക്ലബായ അൽ ഹിലാലിലേക്ക് നെയ്‌മർ ചേക്കേറിയെങ്കിലും കുറച്ച് മത്സരങ്ങൾ മാത്രമാണ് താരം കളിച്ചത്. ഇപ്പോൾ പരിക്ക് കാരണം പുറത്തിരിക്കുന്ന താരം വരുന്ന സമ്മറിൽ അൽ ഹിലാൽ വിടുമെന്ന റിപ്പോർട്ടുകളുണ്ട്. അതിനിടയിൽ ഇന്റർ മിയാമി ഉടമയായ ഡേവിഡ് ബെക്കാം ഇട്ട പോസ്റ്റ് ഇപ്പോൾ ചർച്ചയായി മാറുന്നുണ്ട്.

നിലവിൽ മിയാമിയിലുള്ള നെയ്‌മർ ബെക്കാമിനെയും സന്ദർശിച്ചിരുന്നു. ആ ചിത്രം ഇൻസ്റ്റാഗ്രാമിൽ പോസ്റ്റ് ചെയ്‌ത ബെക്കാം മിയാമിയിലേക്ക് സ്വാഗതം നെയ്‌മർ എന്നാണ് അതിനു ക്യാപ്ഷ്യനായി നൽകിയിരിക്കുന്നത്. അതിനൊപ്പം ‘ഡിന്നറിന് വേണ്ടി മാത്രം’ എന്നത് കൂടി ബെക്കാം രസകരമായി ചേർത്തിട്ടുണ്ട്. നെയ്‌മറുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ ഒഴിവാക്കുന്നതിന് വേണ്ടിയാണതെന്ന് വ്യക്തം.

ഇന്റർ മിയാമിയിലേക്ക് ചേക്കേറാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ലെന്ന് നെയ്‌മർ മുൻപ് സൂചന നൽകിയിരുന്നു. അൽ ഹിലാൽ വിടുകയാണെങ്കിൽ നെയ്‌മർ യൂറോപ്യൻ ക്ലബുകളെ പരിഗണിക്കുമോയെന്നു വ്യക്തമല്ല. യൂറോപ്യൻ ക്ളബുകളിലേക്ക് ചേക്കേറിയില്ലെങ്കിൽ നെയ്‌മർ ഇന്റർ മിയാമിയിൽ തന്നെയാവും എത്തുക. എംഎസ്എൻ ത്രയം വീണ്ടുമൊരുമിക്കുന്നത് അതോടെ കാണാൻ കഴിയും.

fpm_start( "true" ); /* ]]> */

Neymar Welcomed To Miami By David Beckham