സേഫ് സോണിൽ നിന്നാണ് ലയണൽ മെസിയുടെ കളികൾ, മുന്നിലുള്ളത് രണ്ടു ലക്ഷ്യങ്ങൾ | Lionel Messi

ലോകഫുട്ബോളിൽ ഇനി നേടാനൊന്നും ബാക്കിയില്ലാത്ത താരമാണ് ലയണൽ മെസി. ഒരുപാട് വിമർശനങ്ങൾ ഏറ്റു വാങ്ങിയെങ്കിലും കരിയറിന്റെ അവസാനസമയത്ത് അവയെല്ലാം ഇല്ലാതാക്കി ലോകകപ്പ് അടക്കം എല്ലാ നേട്ടങ്ങളും സ്വന്തമാക്കാൻ ലയണൽ മെസിക്ക് കഴിഞ്ഞു. ഇനി ബാക്കിയുള്ള കരിയറിൽ നേടുന്നതെല്ലാം അർജന്റീന താരത്തെ സംബന്ധിച്ച് ബോണസാണ്.

ഇനി നേടാനൊന്നും ബാക്കിയില്ലെങ്കിലും കരിയറിൽ വളരെ യുക്തിപരമായാണ് ലയണൽ മെസി മുന്നോട്ടു പോകുന്നത്. മുപ്പത്തിയാറുകാരനായ താരത്തിന് ശാരീരികപരമായ പ്രശ്‌നങ്ങൾ പലപ്പോഴും ഉണ്ടാകുന്നുണ്ട്. കഴിഞ്ഞ വർഷം ഫിറ്റ്നസ് പ്രശ്‌നങ്ങൾ കാരണം ഇന്റർ മിയാമിയുടെ പല പ്രധാനപ്പെട്ട മത്സരങ്ങളും മെസിക്ക് തുടർച്ചയായി നഷ്‌ടമാകുന്ന സാഹചര്യം ഉണ്ടായിരുന്നു.

എന്നാൽ ഈ സീസണിൽ അതിനെയെല്ലാം മറികടക്കുന്ന സമീപനമാണ് മെസിയിൽ നിന്നും ഉണ്ടാകുന്നത്. പരിക്കിന്റെ ബുദ്ധിമുട്ടുകൾ വരാനുള്ള സാധ്യതയുണ്ടെന്നു തോന്നുമ്പോൾ തന്നെ മത്സരങ്ങളിൽ നിന്നും മെസി വിട്ടു നിൽക്കുന്നു. മൊൺട്രിയലിനെതിരെ നടന്ന മത്സരത്തിൽ ഒരു കൂട്ടിയിടിക്ക് വിധേയനായ താരം അതിനു തൊട്ടു പിന്നാലെ ഒർലാണ്ടോ സിറ്റിക്കെതിരെ നടന്ന മത്സരത്തിൽ നിന്നും വിട്ടു നിന്നിരുന്നു.

ഈ സീസണിൽ ഇതിനു മുൻപ് രണ്ടു തവണ മെസിക്ക് പരിക്കിന്റെ ബുദ്ധിമുട്ടുകൾ ഉണ്ടായിരുന്നു. അതിൽ രണ്ടാമത്തെ തവണ അഞ്ചോളം മത്സരങ്ങളാണ് താരത്തിന് നഷ്‌ടമായത്. കരിയറിൽ വലിയ റിസ്‌ക് എടുക്കാതെ സേഫ് സോണിലൂടെ മുന്നോട്ടു പോവാനുള്ള തീരുമാനം താരം എടുത്തതിന്റെ കാരണമതാണ്. അതേസമയം കളത്തിലിറങ്ങുമ്പോൾ ഏറ്റവും മികച്ച പ്രകടനം നടത്താനും താരത്തിന് കഴിയുന്നു.

എല്ലാം സ്വന്തമാക്കിയെങ്കിലും മെസിയിപ്പോൾ ലക്‌ഷ്യം വെക്കുന്നത് രണ്ടു കാര്യങ്ങളാണ്. അർജന്റീനക്കൊപ്പം കോപ്പ അമേരിക്കയും അതിനു ശേഷം ഇന്റർ മിയാമിയെ എംഎൽഎസ് പ്ലേ ഓഫിൽ എത്തിക്കുകയെന്നതും. ഇതിനു രണ്ടിനും പ്രധാന പങ്കു വഹിക്കാൻ മെസിക്ക് കഴിയും. സ്വന്തം ശരീരത്തെ താരം കൃത്യമായി കാത്തു സൂക്ഷിച്ചാൽ മെസിയുടെ മാജിക്ക് ഇനിയും ഒരുപാട് കാലം ആരാധകർക്ക് ആസ്വദിക്കാനും കഴിയും.

Lionel Messi Not Taking Any Risks Now