മെസിയുടെ പിൻഗാമി തന്നെ, മുപ്പതുവാര അകലെ നിന്നും മിന്നൽ ഗോളുമായി അർജന്റീന താരം | Echeverri

ഇക്കഴിഞ്ഞ അണ്ടർ 17 ലോകകപ്പിലാണ് ക്‌ളൗഡിയോ എച്ചെവേരി എന്ന പേര് ലോകത്തിൻറെ ശ്രദ്ധയിലേക്ക് എത്തുന്നത്. ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തിയ താരം ബ്രസീലിനെതിരെ നേടിയ ഹാട്രിക്കോടെ ഏവരുടെയും ചർച്ചാവിഷയമായി. അതിനു പിന്നാലെ ഇംഗ്ലീഷ് പ്രീമിയർ ലീഗ് ക്ലബായ മാഞ്ചസ്റ്റർ സിറ്റി അർജന്റീന താരത്തെ സ്വന്തമാക്കുകയും ചെയ്‌തു.

മാഞ്ചസ്റ്റർ സിറ്റി സ്വന്തമാക്കിയെങ്കിലും ഇപ്പോഴും തന്റെ മുൻ ക്ലബായ റിവർപ്ലേറ്റിൽ തന്നെയാണ് എച്ചെവേരി കളിക്കുന്നത്. എച്ചെവേരിയെ ലോണിൽ അർജന്റീനിയൻ ക്ലബ്ബിലേക്ക് തന്നെ വിടാൻ മാഞ്ചസ്റ്റർ സിറ്റി തീരുമാനിക്കുകയായിരുന്നു. റിവർപ്ലേറ്റിന്റെ സീനിയർ ടീമിൽ കൂടുതൽ അവസരങ്ങൾ ലഭിക്കാൻ തുടങ്ങിയ താരം മികച്ച പ്രകടനമാണ് നടത്തുന്നത്.

കഴിഞ്ഞ ദിവസം നടന്ന കോപ്പ ലിബർട്ടഡോറസ് പോരാട്ടത്തിൽ എച്ചെവേരി നേടിയ ഗോളാണ് ഫുട്ബോൾ ലോകത്ത് ഇപ്പോൾ ചർച്ചാവിഷയം. യുറുഗ്വായ് ക്ലബായ നാഷനലിനെതിരെ റിവർപ്ലേറ്റ് രണ്ടു ഗോളുകൾക്ക് വിജയം നേടിയ മത്സരത്തിൽ ടീമിന്റെ വിജയഗോൾ നേടിയ താരം ലാറ്റിനമേരിക്കയിലെ ചാമ്പ്യൻസ് ലീഗെന്നറിയപ്പെടുന്ന ടൂർണമെന്റിലെ തന്റെ ആദ്യഗോൾ കൂടിയാണ് കുറിച്ചത്.

മത്സരത്തിന്റെ പതിനഞ്ചാം മിനുട്ടിലാണ് എച്ചെവേരിയുടെ ഗോൾ പിറക്കുന്നത്. ബോർഹ നൽകിയ പാസ് ഒന്ന് ഒതുക്കിയതിനു ശേഷം മുപ്പതു വാര അകലെ നിന്നുമാണ് താരം ഗോളിലേക്ക് പായിച്ചത്. തന്റെ മികവ് എത്രത്തോളമുണ്ടെന്ന് തെളിയിക്കുന്നതായിരുന്നു താരം നേടിയ ഗോൾ. ലയണൽ മെസിയെ അനുസ്‌മരിപ്പിക്കുന്ന ശൈലിയുള്ള താരത്തിന്റെ ഗോളിലും അതുണ്ടായിരുന്നു.

പതിനെട്ടുകാരനായ എച്ചെവേരി അർജന്റീനയിലെ സീസൺ അവസാനിക്കുന്നത് വരെയാണ് റിവർപ്ലേറ്റിൽ ഉണ്ടാവുക. അതിനു ശേഷം അടുത്ത ജനുവരി ട്രാൻസ്‌ഫർ ജാലകത്തിൽ താരം മാഞ്ചസ്റ്റർ സിറ്റിയിലേക്ക് ചേക്കേറും. ലയണൽ മെസിയെ തേച്ചു മിനുക്കിയെടുത്ത പെപ് ഗ്വാർഡിയോളക്ക് കീഴിൽ താരം ഇതിനേക്കാൾ മികച്ച പ്രകടനം നടത്തുമെന്നാണ് ഏവരുടെയും പ്രതീക്ഷ.

Echeverri First Goal In Copa Libertadores