ദിമിയുടെ കാര്യത്തിൽ നേരിയ പ്രതീക്ഷക്കു വകയുണ്ട്, പുതിയ വിവരങ്ങളുമായി ഇവാൻ വുകോമനോവിച്ച് | Dimitrios

ഇന്ത്യൻ സൂപ്പർ ലീഗിന്റെ പ്ലേഓഫ് മത്സരങ്ങൾക്കായി ഒരുങ്ങുന്ന കേരള ബ്ലാസ്റ്റേഴ്‌സിനുള്ള പ്രധാനപ്പെട്ട വെല്ലുവിളി ടീമിലെ താരങ്ങളുടെ പരിക്കാണ്. സീസണിന്റെ തുടക്കം മുതൽ തുടങ്ങിയ പരിക്കിന്റെ തിരിച്ചടികൾ അവസാനം വരെ തുടർന്നപ്പോൾ നിർണായകമായ പ്ലേ ഓഫ് മത്സരങ്ങൾക്ക് വേണ്ടത്ര വിദേശതാരങ്ങൾ ഇല്ലെന്ന അവസ്ഥയിലാണ് ടീം നിൽക്കുന്നത്.

അഡ്രിയാൻ ലൂണ പരിക്കിൽ നിന്നും തിരിച്ചെത്തുമെന്ന പ്രതീക്ഷയുണ്ടെങ്കിലും ഏറ്റവും വലിയ തിരിച്ചടി ടീമിന്റെ ടോപ് സ്കോററായ ദിമിത്രിയോസിന്റെതാണ്. താരത്തിന് പരിക്കേറ്റെന്ന് ഹൈദെരാബാദിനെതിരെ നടക്കുന്ന മത്സരത്തിന് മുന്നോടിയായി ഇവാൻ വ്യക്തമായിരുന്നു. എന്നാൽ താരത്തിന്റെ കാര്യത്തിൽ നേരിയ പ്രതീക്ഷക്ക് വകയുണ്ടെന്നാണ് ഇവാന്റെ വാക്കുകളിൽ നിന്നും വ്യക്തമാകുന്നത്.

“ദിമിത്രിയോസ് ഇപ്പോഴുള്ളത് മെഡിക്കൽ സ്റ്റാഫിനൊപ്പമാണ്. നിലവിൽ താരം ടീമിനൊപ്പം മുഴുവനായും പരിശീലനം നടത്തുന്നില്ല. അതുകൊണ്ടു തന്നെ നമുക്ക് എന്ത് സംഭവിക്കുമെന്ന് നോക്കാം. ഹൈദെരാബാദിലേക്ക് പോകുന്ന ടീമിനൊപ്പം താരമുണ്ടാകില്ല. അവിടെ നിന്നും തിരിച്ചെത്തുമ്പോൾ എന്താണ് അപ്പോഴത്തെ അവസ്ഥയെന്നും ടീമിനൊപ്പം എങ്ങിനെയാണ് താരം തുടരുന്നതെന്നും നമുക്ക് പരിശോധിക്കാം.”

“നമ്മൾ വളരെ പെട്ടന്ന് തന്നെ പ്ലേഓഫ് മത്സരങ്ങളിലേക്ക് പോകുമെന്നതിനാൽ താരം തിരിച്ചു വരുമോയെന്ന കാര്യത്തിൽ സംശയങ്ങൾ നിലനിൽക്കുന്നുണ്ട്. എന്നാൽ താരം അപ്പോഴേക്കും ഓക്കേ ആകുമെന്നും അടുത്ത വാരം തന്നെ ടീമിനൊപ്പം ചേരുമെന്നും നമുക്ക് പ്രതീക്ഷിക്കാം.” മാധ്യമങ്ങളുടെ ചോദ്യങ്ങൾക്ക് ഇവാൻ മറുപടി നൽകി.

ഇവാന്റെ വാക്കുകളിൽ നിന്നും ഗുരുതരമായ പരിക്കല്ല ദിമിത്രിയോസിനെ ബാധിച്ചിരിക്കുന്നതെന്ന് വ്യക്തമാണ്. ഉടനെ താരം ടീമിനൊപ്പം ചേരാനുള്ള സാധ്യതയുണ്ട്. ഒരുപക്ഷെ പ്ലേഓഫ് മത്സരം കളിച്ചില്ലെങ്കിലും അവിടെ നിന്നും മുന്നേറിയാൽ ദിമിത്രിയോസ് സെമി കളിക്കാനുണ്ടായേക്കും. മുൻപ് ലൂണ പ്ലേ ഓഫ് കളിക്കാൻ സാധ്യതയില്ലെന്ന് ആശാൻ പറഞ്ഞെങ്കിലും ലൂണ തിരിച്ചുവന്നത് ഇക്കാര്യത്തിൽ പ്രതീക്ഷയാണ്.
Dimitrios May Available For Play Off Matches