ക്യാപ്റ്റൻ ലിത്വാനിയയുടെ കമന്റ് സൂചിപ്പിക്കുന്നതെന്ത്, കേരള ബ്ലാസ്റ്റേഴ്‌സ് താരം മോഹൻ ബഗാനിലേക്കു ചേക്കേറുമോ | Fedor Cernych

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസൺ അവസാനിക്കാറായതോടെ നിരവധി ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾ പുറത്തു വരാൻ തുടങ്ങിയിരിക്കുന്നു. അടുത്ത സീസണിലേക്കായി നിരവധി ടീമുകൾ അഴിച്ചുപണികൾ നടത്തുന്നതിനാൽ പല താരങ്ങളും ക്ലബുകൾ മാറാനുള്ള സാധ്യതയുണ്ട്. കേരള ബ്ലാസ്റ്റേഴ്‌സിലേയും നിരവധി താരങ്ങളെ മറ്റുള്ള ക്ലബുകൾ റാഞ്ചാനുള്ള ശ്രമം ആരംഭിച്ചു കഴിഞ്ഞിരിക്കുന്നു.

കേരള ബ്ലാസ്റ്റേഴ്‌സുമായി ബന്ധപ്പെട്ട പ്രധാനപ്പെട്ട അഭ്യൂഹങ്ങളിൽ ഒന്നാണ് ടീമിന്റെ മധ്യനിര താരമായ ജിക്‌സൻ സിങ് ക്ലബ് വിടാൻ സാധ്യതയുണ്ടെന്നത്. ഇരുപത്തിരണ്ടു വയസുള്ള താരത്തിന്റെ കരാർ അടുത്ത സീസണോടെ അവസാനിക്കാനിരിക്കെ മോഹൻ ബഗാനാണ് രംഗത്തു വന്നിട്ടുള്ളത്. വളരെ മികച്ച ഓഫറാണ് മോഹൻ ബഗാൻ താരത്തിനും കേരള ബ്ലാസ്റ്റേഴ്‌സിനും വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌.

ജീക്സൺ മോഹൻ ബഗാനിലേക്ക് ചേക്കേറുമെന്ന അഭ്യൂഹങ്ങളുടെ ഇടയിൽ ഫെഡോർ ചെർണിച്ച് കഴിഞ്ഞ ദിവസം താരത്തിന്റെ പോസ്റ്റിൽ ഇട്ട കമന്റ് ആരാധകരുടെ ആശങ്ക വർധിപ്പിക്കുന്നതാണ്. കേരള ബ്ലാസ്റ്റേഴ്‌സിലെ ഈ സീസണിനെക്കുറിച്ച് ജീക്സൺ ഇട്ട പോസ്റ്റിൽ “എല്ലാറ്റിനും നന്ദി മൈക്കൽ, എടികെയിൽ എല്ലാ ആശംസകളും നേരുന്നു” എന്നാണു ഫെഡോർ കുറിച്ചത്.

ജീക്സൺ സിംഗിനെ മൈക്കൽ ജീക്സൺ എന്നുദ്ദേശിച്ചാണ് ഫെഡോർ അഭിസംബോധന ചെയ്‌തിരിക്കുന്നത്‌. ക്യാപ്റ്റൻ ലിത്വാനിയയുടെ കമന്റ് താരം മോഹൻ ബഗാനിലേക്ക് ചേക്കേറുമെന്ന വ്യക്തമായ സൂചന നൽകുന്നതാണ്. കമന്റ് ഇട്ടു കുറച്ചു കഴിഞ്ഞതിനു ശേഷം ഫെഡോർ അത് ഡിലീറ്റ് ചെയ്‌തത്‌ ആരാധകരിൽ വലിയ രീതിയിൽ ആശയക്കുഴപ്പമുണ്ടാക്കിയിട്ടുണ്ട്.

ജീക്സൺ സിംഗിനായി രണ്ടു കോടിയിലധികം രൂപയാണ് മോഹൻ ബഗാൻ വാഗ്‌ദാനം ചെയ്‌തിരിക്കുന്നത്‌. കരാർ അവസാനിക്കാനിരിക്കുന്ന താരത്തെ നൽകിയാൽ അത് ടീമിനെ അഴിച്ചുപണിയാനുള്ള തുക ലഭിക്കാൻ സഹായിക്കുമെന്നതിനാൽ ബ്ലാസ്റ്റേഴ്‌സ് അത് പരിഗണിക്കാനുള്ള സാധ്യത കൂടുതലാണ്. പക്ഷെ മികച്ച ഒരു യുവതാരത്തെ ബ്ലാസ്റ്റേഴ്‌സിന് നഷ്‌ടമാകുമെന്നതിൽ സംശയമില്ല.

Fedor Cernych Comment On Jeakson Singhs Post