പരിശീലകൻ ആരായാലും ഗോവക്കൊപ്പമുള്ളതിനേക്കാൾ മികച്ച പ്രകടനം നോഹ സദൂയി നടത്തും, ഉറപ്പു നൽകി മാർക്കസ് മെർഗുലാവോ | Noah Sadaoui

ഈ സീസണിലും കിരീടമില്ലാത്ത അവസാനിപ്പിക്കേണ്ടി വന്ന കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് സന്തോഷം നൽകുന്ന വാർത്തയുമായി എത്തിയിരിക്കുകയാണ് പ്രമുഖ ട്രാൻസ്‌ഫർ എക്സ്പെർട്ടായ മാർക്കസ് മെർഗുലാവോ. കേരള ബ്ലാസ്റ്റേഴ്‌സ് എഫ്‌സി ഗോവ താരമായ നോഹ സദൂയിയെ സ്വന്തമാക്കിയെന്ന അഭ്യൂഹങ്ങൾ നേരത്തെ തന്നെ പുറത്തു വന്നിരുന്നെങ്കിലും മാർക്കസ് സ്ഥിരീകരിച്ചതോടെ അത് ഔദ്യോഗിക പ്രഖ്യാപനം പോലെയാണ്.

ഏതാണ്ട് ഒരു മാസം മുൻപ് തന്നെ നോഹയുമായി കേരള ബ്ലാസ്റ്റേഴ്‌സ് ചർച്ചകൾ നടത്തുന്നുണ്ടെന്ന അഭ്യൂഹങ്ങൾ പുറത്തു വന്നിരുന്നു. അതിനു ശേഷം പ്രീ കോണ്ട്രാക്റ്റ് ഒപ്പിട്ടുവെന്ന വാർത്തകളും ശക്തമായി. ഇപ്പോൾ മാർക്കസ് തന്നെ ഇക്കാര്യം സ്ഥിരീകരിച്ചതോടെ ട്രാൻസ്‌ഫർ ഉറപ്പിക്കാം. ട്രാൻസ്‌ഫർ പ്രഖ്യാപനത്തിനൊപ്പം അദ്ദേഹം കുറിച്ച വാക്കുകൾ ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആവേശം നൽകുന്നതാണ്.

“രണ്ടു വർഷത്തെ കരാറിൽ നോഹ സദൂയി അടുത്ത സീസണിൽ കേരള ബ്ലാസ്റ്റേഴ്‌സിലേക്ക് ചേക്കേറും. ബ്ലാസ്റ്റേഴ്‌സിന്റെ പുതിയ പരിശീലകനായി എത്തുന്നത് ആരു തന്നെയായാലും നോഹ ടീമിനൊപ്പം മികച്ച പ്രകടനം നടത്തും. കഴിഞ്ഞ രണ്ടു സീസണുകളിൽ എഫ്‌സി ഗോവക്ക് വേണ്ടി നടത്തിയ പ്രകടനത്തെക്കാൾ മികച്ച പ്രകടനം നടത്താൻ താരത്തിന് കഴിഞ്ഞേക്കും.” ഇതാണ് മാർക്കസ് കുറിച്ചത്.

കഴിഞ്ഞ രണ്ടു സീസണുകളിൽ എഫ്‌സി ഗോവക്കായി മികച്ച പ്രകടനമാണ് നോഹ സദൂയി നടത്തിയത്. ആദ്യത്തെ സീസണിൽ പത്ത് ഗോളും പത്ത് അസിസ്റ്റുമായി ഇരുപതു ഗോളുകളിൽ പങ്കാളിയായ താരം അതിനു ശേഷം ഈ സീസണിൽ പതിനൊന്നു ഗോളും അഞ്ച് അസിസ്റ്റും സ്വന്തമാക്കി. ഐഎസ്എല്ലിലെ ഏറ്റവും മികച്ച താരം തന്നെയാണ് അടുത്ത സീസണിൽ ബ്ലാസ്റ്റേഴ്‌സിൽ എത്തുന്നത്.

നോഹ സദൂയി എത്തുന്നതോടെ ബ്ലാസ്റ്റേഴ്‌സ് ഒരു അഴിച്ചുപണിക്ക് കൂടിയാണ് തുടക്കം കുറിക്കുന്നത്. ഇവാൻ വുകോമനോവിച്ചിന്റെ ശൈലിയിൽ നിന്നും മറ്റൊരു ശൈലിയിലേക്ക് മാറുന്നതിന്റെ തുടക്കം കൂടിയാണിത്. ഈ അഴിച്ചുപണിയിൽ ഏതൊക്കെ താരങ്ങൾ പുറത്തു പോകുമെന്നും ആരൊക്കെ ടീമിലേക്ക് വരുമെന്നും ഉറ്റു നോക്കുകയാണ് ആരാധകർ.

fpm_start( "true" ); /* ]]> */

Noah Sadaoui To Kerala Blasters Confirmed By Marcus Mergulhao