ചെർണിച്ചും പരിക്കിന്റെ പിടിയിലോ, കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രതീക്ഷകൾ അസ്‌തമിക്കുന്നു | Fedor Cernych

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ ഏറ്റവുമധികം തിരിച്ചടികൾ നേരിട്ട ടീമാണ് കേരള ബ്ലാസ്റ്റേഴ്‌സ്. സീസണിന്റെ തുടക്കം മുതൽ അവരുടെ കൂടെയുള്ള പരിക്കിന്റെ ശാപം സീസൺ അവസാനിക്കാറായ സമയത്തും അവർക്കൊപ്പമുണ്ട്. ഈ സീസണിന്റെ ആദ്യപകുതി കഴിഞ്ഞപ്പോൾ ഒന്നാം സ്ഥാനത്തു നിന്നിരുന്ന ടീം ഇപ്പോൾ അഞ്ചാം സ്ഥാനത്തേക്ക് വീണതിന്റെ കാരണവും അതു തന്നെയാണ്.

ഇപ്പോൾ പ്ലേ ഓഫ് മത്സരങ്ങൾ അടുത്തിരിക്കുന്ന സമയത്തും പരിക്കിന്റെ തിരിച്ചടി ബ്ലാസ്റ്റേഴ്‌സ് നേരിടുന്നുണ്ട്. ഈ സീസണിലെ ഗോൾവേട്ടക്കാരിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന ദിമിത്രിയോസിനു പരിക്കേറ്റതിനാൽ താരം പ്ലേ ഓഫ് മത്സരങ്ങൾ കളിക്കുമോയെന്ന കാര്യത്തിൽ ഉറപ്പില്ല. അതിനു പുറമെ മറ്റൊരു വിദേശസ്‌ട്രൈക്കർ ഫെഡോർ ചെർണിച്ചിനും പരിക്ക് പറ്റിയെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ.

ഔദ്യോഗികമായ ഉറവിടങ്ങളിൽ നിന്നും ഇതുവരെ സ്ഥിരീകരിക്കപ്പെട്ടിട്ടില്ല എങ്കിലും ഫെഡോർ ചെർണിച്ചിന് ഹാംസ്ട്രിങ് ഇഞ്ചുറിയാണ് പറ്റിയതെന്നാണ് ലഭ്യമായ വിവരങ്ങൾ സൂചിപ്പിക്കുന്നത്. ഫുട്ബോൾ താരങ്ങളെ സംബന്ധിച്ച് ഏറ്റവും ഗുരുതരമായ പരിക്കുകളിൽ ഒന്നാണ് ഹാംസ്ട്രിങ് ഇഞ്ചുറി. അത് ബാധിക്കപ്പെട്ടാൽ മാസങ്ങളോളം താരങ്ങൾ പുറത്തിരിക്കേണ്ടി വരാറുണ്ട്.

ചെർണിച്ചിന്റെ പരിക്കിന്റെ ഗുരുതരാവസ്ഥ എത്രത്തോളമുണ്ടെന്ന കാര്യത്തിലും വ്യക്തത ലഭിച്ചിട്ടില്ല. ചെറിയ അസ്വസ്ഥതകൾ മാത്രമേ താരം നേരിടുന്നുള്ളൂവെങ്കിൽ പ്ലേ ഓഫ് മത്സരങ്ങൾക്ക് മുൻപ് ഫിറ്റ്നസ് വീണ്ടെടുക്കാൻ കഴിയുമെന്ന് പ്രതീക്ഷിക്കാം. അതല്ലെങ്കിൽ ഇന്ത്യയിലെ സാഹചര്യങ്ങളുമായി ഒത്തുവരുന്ന താരത്തെ പ്ലേ ഓഫിൽ ഇറക്കാൻ ബ്ലാസ്റ്റേഴ്‌സിന് കഴിയില്ല.

ടീമിലെ ഒരേയൊരു വിദേശസ്‌ട്രൈക്കറായ ചെർണിച്ച് ഇല്ലെങ്കിൽ പ്ലേ ഓഫ് ബ്ലാസ്റ്റേഴ്‌സിന് വലിയൊരു കടമ്പയാകും എന്ന കാര്യത്തിൽ സംശയമില്ല. ചെർണിച്ചും ദിമിത്രിയോസും പുറത്തിരിക്കാൻ സാധ്യതയുണ്ടെന്നാണ് ടീമിന് മുന്നിലുള്ള പ്രധാന ഭീഷണി. ഈ സാഹചര്യം കണക്കിലെടുത്ത് ഇഷാൻ പണ്ഡിറ്റയെ തയ്യാറെടുപ്പിക്കുക എന്നത് മാത്രമേ ഇനി ചെയ്യാനുള്ളൂ.

Fedor Cernych Of Kerala Blasters Injured