ലോകകപ്പ് യോഗ്യത നേടാൻ ഇതൊന്നുമല്ല ചെയ്യേണ്ടത്, ഇന്ത്യൻ പരിശീലകൻ പറഞ്ഞ കാര്യങ്ങൾക്ക് പിന്തുണ നൽകി ഇവാനാശാൻ | Ivan Vukomanovic

അഫ്‌ഗാനിസ്ഥാനെതിരായ ലോകകപ്പ് യോഗ്യത മത്സരത്തിൽ ഇന്ത്യ നടത്തിയ മോശം പ്രകടനം ആരാധകരുടെ പ്രതിഷേധത്തിന് ഇടയാക്കിയിരുന്നു. അഫ്‌ഗാനിസ്ഥാന്റെ സി ടീം എന്ന് വിളിക്കാൻ കഴിയുന്ന ടീമിനോടാണ് സ്വന്തം മൈതാനത്ത് ഇന്ത്യ തോൽവി വഴങ്ങിയത്. ഇതിനെത്തുടർന്ന് പരിശീലകൻ ഇഗോർ സ്റ്റിമാച്ചിനെ പുറത്താക്കണമെന്ന ആവശ്യവും ആരാധകർ ഉയർത്തി.

എന്നാൽ ഇന്ന് മാധ്യമങ്ങളോട് സംസാരിക്കുമ്പോൾ സ്റ്റിമാച്ചിന് പിന്തുണ നൽകുകയാണ് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകൻ ഇവാൻ വുകോമനോവിച്ച് ചെയ്‌തത്‌. സ്റ്റിമാച്ചല്ല ഇന്ത്യൻ ടീമിന്റെ മോശം പ്രകടനത്തിന് കാരണമെന്നും ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ തലപ്പത്തുള്ളവരുടെ പദ്ധതികൾ ശരിയായ രീതിയിലല്ലെന്നുമാണ് ഇവാൻ വുകോമനോവിച്ച് പറയുന്നത്.

“കളിക്കാരെ ഉണ്ടാക്കിയെടുക്കേണ്ടത് താനല്ലെന്ന ദേശീയ ടീം പരിശീലകൻ ഇഗോർ സ്റ്റിമാച്ചിന്റെ വാദം ശരിയാണ്. അത് ക്ലബുകളുടെ ഉത്തരവാദിത്വമാണ്. ക്ലബുകളുടെ യൂത്ത് സിസ്റ്റമാണ് താരങ്ങളെ ഉണ്ടാക്കേണ്ടത്. പ്രത്യേക രീതിയിലുള്ള, ഒരു പ്രൊഫൈലിലുള്ള താരങ്ങളെ അവർ ഉണ്ടാക്കിയെടുക്കണം. ദേശീയടീമിലേക്ക് പോകുമ്പോൾ അവിടെ വെച്ച് അവരുടെ നിലവാരം നിർണയിക്കപ്പെടും.”

“കഴിഞ്ഞ പത്ത് വർഷം നോക്കുകയാണെങ്കിൽ വിദേശത്തു നിന്നുമുള്ള താരങ്ങളായിരിക്കും സെൻട്രൽ സ്‌ട്രൈക്കറായും സെൻട്രൽ ഡിഫെൻഡറായും കളിച്ചു കൊണ്ടിരിക്കുന്നത്. ഓരോ പൊസിഷനിലേക്കുമുള്ള സെൻട്രൽ സ്‌ട്രൈക്കർമാരെയും ഡിഫെൻഡർമാരെയും നമ്മൾ കൂടുതൽ ഉണ്ടാക്കിയെടുക്കണം. അതുണ്ടായാൽ മാത്രമേ വിദേശതാരങ്ങളെ ആ പൊസിഷനിൽ കളിപ്പിക്കുന്നത് ക്ലബുകൾ അവസാനിപ്പിക്കൂ.”

“അണ്ടർ 23 അല്ലെങ്കിൽ അണ്ടർ 21 കാറ്റഗറിയിലുള്ള ഒരു താരത്തെ ടീമിൽ എന്തായാലും കളിപ്പിക്കണം എന്നതടക്കം നിരവധി നിയമങ്ങൾ നിങ്ങൾക്ക് സൃഷ്‌ടിക്കാം. താരങ്ങൾക്ക് അവസരങ്ങൾ നൽകി നിങ്ങളുടെ പണി ചെയ്യുക. നിലവാരത്തിൽ പ്രശ്‌നങ്ങളുണ്ടാകാം. പക്ഷെ അങ്ങിനെ മാത്രമേ ഇതൊക്കെ മുന്നോട്ടു പോകൂ. ഒടുവിൽ ഗുണം ലഭിക്കുന്നത് ദേശീയടീമിന് തന്നെയായിരിക്കും.”

ഇവാൻ വുകോമനോവിച്ചിന്റെ വാക്കുകൾ വളരെ കൃത്യമായ നിരീക്ഷണമാണ്. ദേശീയടീമിന്റെ വളർച്ചക്ക് കൃത്യമായ പ്രവർത്തനങ്ങൾ ഓൾ ഇന്ത്യ ഫുട്ബോൾ ഫെഡറേഷന്റെ ഭാഗത്തു നിന്നും ഉണ്ടാകുന്നില്ല. ഫെഡറേഷന്റെ പ്രവർത്തനങ്ങൾ ശരിയായി മുന്നോട്ടു പോവുകയാണെങ്കിൽ മാത്രമേ ഇന്ത്യൻ ഫുട്ബോൾ ടീമിന് ലോകകപ്പ് യോഗ്യതയടക്കമുള്ളവ സ്വപ്‌നം കാണാൻ കഴിയൂ.

Ivan Vukomanovic Support Igor Stimac