ഐഎസ്എല്ലിലെ വമ്പൻ ക്ലബുകളാണെങ്കിലും അക്കാര്യത്തിൽ മോശമാണ്, അതുകൊണ്ടാണവർ ബ്ലാസ്റ്റേഴ്‌സ് താരങ്ങളെ നോട്ടമിടുന്നതെന്ന് ഇവാനാശാൻ | Ivan Vukomanovic

കേരള ബ്ലാസ്റ്റേഴ്‌സ് താരവും ഈ സീസണിൽ ഐഎസ്എല്ലിലെ ടോപ് സ്കോറർമാരിൽ ഒരാളുമായ ദിമിത്രിയോസ് ഡയമെന്റാക്കോസിന്റെ ക്ലബിലെ ഭാവിയെക്കുറിച്ച് സംസാരിച്ച് ഇവാൻ വുകോമനോവിച്ച്. സ്‌കൗട്ടിങ് സിസ്റ്റം ദുർബലമായ വമ്പൻ ക്ലബുകൾ താരത്തെ നോട്ടമിടുന്നത് സ്വാഭാവികമാണെന്നും അവർ മുന്നോട്ടു വെക്കുന്ന ഓഫറിനെ മറികടക്കാൻ ബ്ലാസ്റ്റേഴ്‌സിന് എപ്പോഴും കഴിയണമെന്നില്ലെന്നുമാണ് അദ്ദേഹം പറഞ്ഞത്.

“ദിമിത്രിയോസ് വളരെ മികച്ച താരമാണ്. തുടർച്ചയായ രണ്ടാമത്തെ വർഷവും ഇന്ത്യൻ സൂപ്പർ ലീഗിലെ ടോപ് സ്കോററായി മാറാൻ കഴിയുമെന്ന് താരം തെളിയിച്ചു. അതുകൊണ്ടു തന്നെ താരത്തിൽ താൽപര്യമുള്ള നിരവധിപേരുണ്ടാകും. പ്രത്യേകിച്ചും മോശം വിദേശസ്‌കൗട്ടിങ്ങുള്ള ഈ ലീഗുകളിലെ ക്ലബുകൾ തന്നെ. പെരേര ഡയസ്, അൽവാരോ എന്നിവരുടെ കാര്യത്തിലും മുൻപ് ഇതു തന്നെ സംഭവിച്ചിട്ടുണ്ട്.”

“തീർച്ചയായും ഈ താരങ്ങളെ നിലനിർത്തണമെന്ന് നിങ്ങൾ ആഗ്രഹിച്ചാലും ചില ഓഫറുകളോട് പൊരുതി നിൽക്കാൻ ഒരിക്കലും കഴിയില്ല, അത് ട്രാൻസ്‌ഫർ മാർക്കറ്റിലെ എഴുതപ്പെടാത്ത നിയമമാണ്. നിങ്ങളിങ്ങോട്ടു വരൂ, ഞങ്ങൾ കൂടുതൽ മികച്ച പാക്കേജുകൾ തരാമെന്നു പറയുന്ന ക്ലബുകൾ എപ്പോഴുമുണ്ടാകും. അതാണ് ഫുട്ബോൾ, ഏറ്റവും മികച്ച താരങ്ങളെ നിലനിർത്താൻ ആഗ്രഹിച്ചാലും അതിനു പരിമിതികളുണ്ട്.”

ദിമിത്രിയോസിന്റെ ഭാവിയിൽ തീരുമാനമെടുക്കുക താരം തന്നെയാകുമെന്ന വ്യക്തമായ സൂചനയാണ് ഇവാൻ നൽകിയത്. കേരള ബ്ലാസ്റ്റേഴ്‌സ് ഗ്രീക്ക് താരത്തെ നിലനിർത്താൻ ഓഫർ നൽകിയിട്ടുണ്ടെങ്കിലും അതിനേക്കാൾ മികച്ച ഓഫറുകൾ മറ്റു ക്ലബുകൾ നൽകാൻ സാധ്യതയുണ്ടെന്നും അത് ചിലപ്പോൾ ദിമിത്രിയോസിനെ ആകർഷിച്ചേക്കാമെന്നുമാണ് ഇവാൻ പറയുന്നത്.

എന്തായാലും ദിമിത്രിയോസിനു വേണ്ടി രംഗത്തുള്ള മുംബൈ സിറ്റിയെ പരോക്ഷമായി കളിയാക്കുന്നത് കൂടിയാണ് ഇവാന്റെ വാക്കുകൾ. വിദേശത്തു നിന്നുമുള്ള സ്‌കൗട്ടിങ് മോശമായ ക്ലബ് എന്ന് ഇവാൻ ഉദ്ദേശിച്ചത് മുംബൈ സിറ്റിയെ തന്നെയാണ്. ഇതിനു മുൻപ് മികച്ച പാക്കേജ് നൽകി ബ്ലാസ്റ്റേഴ്‌സിന്റെ പെരേര ഡയസിനെ മുംബൈ സിറ്റി റാഞ്ചിയിരുന്നു.

Ivan Vukomanovic On Future Of Dimitrios