തീരുമാനമെടുത്തത് ഇവാൻ തന്നെ, ഐഎസ്എൽ ക്ലബിൽ നിന്നും സെർബിയൻ പരിശീലകന് ഓഫർ | Ivan Vukomanovic

ഇവാൻ വുകോമനോവിച്ച് കേരള ബ്ലാസ്റ്റേഴ്‌സ് പരിശീലകസ്ഥാനത്ത് നിന്നും പടിയിറങ്ങുന്നുവെന്ന വാർത്ത ആരാധകർക്ക് വലിയ ഞെട്ടലാണ് നൽകിയത്. ചരിത്രത്തിൽ ആദ്യമായി മൂന്നു സീസണുകളിൽ തുടർച്ചയായി ക്ലബ്ബിനെ പ്ലേ ഓഫിലെത്തിച്ച അദ്ദേഹം ഒരു സീസൺ കൂടി ടീമിനൊപ്പം തുടരുമെന്ന് ഏവരും പ്രതീക്ഷിച്ചു നിൽക്കെയാണ് അപ്രതീക്ഷിതമായ പ്രഖ്യാപനം ഉണ്ടായത്.

ബ്ലാസ്റ്റേഴ്‌സ് വിടാനുള്ള തീരുമാനം ഇവാൻ വുകോമനോവിച്ച് തന്നെയാണ് എടുത്തതെന്നാണ് ലഭിക്കുന്ന സൂചനകൾ. ഇവാന് കീഴിൽ ക്ലബ് മികച്ച പ്രകടനം നടത്തിയെന്ന് ഏവരും കരുതുമ്പോഴും അദ്ദേഹം പൂർണമായും തൃപ്‌തനായിരുന്നില്ല. ഒഡിഷ എഫ്‌സിക്കെതിരെ നടന്ന പ്ലേ ഓഫ് മത്സരത്തിൽ തോൽവി വഴങ്ങി ബ്ലാസ്റ്റേഴ്‌സ് പുറത്തായതോടെയാണ് അദ്ദേഹം ടീം വിടാനുള്ള തീരുമാനം എടുക്കുന്നത്.

ഒരു വർഷത്തെ കരാർ കൂടി ബ്ലാസ്റ്റേഴ്‌സ് നൽകാൻ തയ്യാറായിരുന്നെങ്കിലും അത് നിരസിച്ച ഇവാൻ വുകോമനോവിച്ചിന് ഐഎസ്എല്ലിലെ ഒരു ക്ലബിൽ നിന്നും ഓഫർ വന്നിട്ടുണ്ട്. ബ്ലാസ്റ്റേഴ്‌സ് നൽകിയതിനേക്കാൾ ഉയർന്ന പ്രതിഫലമാണ് അവർ വാഗ്‌ദാനം നൽകിയിരിക്കുന്നത്. ഇന്ത്യയിൽ ഇനി മറ്റൊരു ക്ലബിനെയും പരിശീലിപ്പിക്കില്ലെന്ന് അദ്ദേഹം പറഞ്ഞിട്ടുള്ളതിനാൽ ആ ഓഫർ സ്വീകരിക്കാൻ സാധ്യത കുറവാണ്.

അതിനു പുറമെ സ്വന്തം രാജ്യത്തു നിന്നും യൂറോപ്യൻ ക്ലബുകളിൽ നിന്നുമെല്ലാം അദ്ദേഹത്തിന് ഓഫറുകൾ ലഭിക്കുന്നുണ്ട്. മൂന്നു വർഷമായി ഇവാൻ വുകോമനോവിച്ച് ഇന്ത്യയിൽ തന്നെ തുടരുകയാണ്. അതിനാൽ തന്നെ നാട്ടിലേക്ക് മടങ്ങാൻ കഴിയുന്ന ഓഫർ അദ്ദേഹം സ്വീകരിച്ചേക്കും. ഇന്ത്യയിലെ കടുത്ത ചൂടും ഇവാൻ വുകോമനോവിച്ചിന് ബുദ്ധിമുട്ടുണ്ടാക്കുന്ന കാര്യമാണ്.

കുടുംബത്തിനൊപ്പം സമയം ചിലവഴിക്കാൻ കഴിയുമെന്നതിനാൽ ഇവാൻ നാട്ടിലെ ക്ലബുകളുടെ ഓഫർ സ്വീകരിക്കാൻ തന്നെയാണ് സാധ്യത. എന്നാൽ തീരുമാനം എടുക്കാൻ സമയമെടുക്കും എന്നതിനാൽ മറ്റുള്ള ഓഫറുകൾ സ്വീകരിക്കുമോയെന്നും പറയാൻ കഴിയില്ല. എന്തായാലും ബ്ലാസ്റ്റേഴ്‌സിന് ഈ തീരുമാനം വലിയ തിരിച്ചടി നൽകുമെന്നതിൽ സംശയമില്ല.

Ivan Vukomanovic Took Decision To Leave Kerala Blasters