ബ്ലാസ്റ്റേഴ്‌സിൽ വമ്പൻകൊഴിഞ്ഞു പോക്കിനു സാധ്യത, മൂന്നു വിദേശതാരങ്ങളും ഒരു ഇന്ത്യൻ താരവും ക്ലബ് വിട്ടേക്കും | Kerala Blasters

മൂന്നു വർഷമായി കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനൊപ്പമുള്ള പരിശീലകൻ ഇവാൻ വുകോമനോവിച്ച് ക്ലബ് വിടുകയാണെന്ന തീരുമാനം ടീമിൽ വലിയ മാറ്റങ്ങളുണ്ടാക്കാൻ സാധ്യത. റിപ്പോർട്ടുകൾ പ്രകാരം ഇവാൻ വുകോമനോവിച്ചിന് പിന്നാലെ നിരവധി താരങ്ങൾ ക്ലബ് വിടാനുള്ള സാധ്യതയുണ്ട്. പുതിയൊരു സിസ്റ്റം ഉണ്ടാക്കിയെടുക്കാനുള്ള തയ്യാറെടുപ്പിലാണ് ബ്ലാസ്റ്റേഴ്‌സ് നേതൃത്വം.

മൂന്നു സീസണുകളായി കേരള ബ്ലാസ്റ്റേഴ്‌സിന്റെ പ്രധാന താരവും ഇവാന്റെ പദ്ധതികളിൽ പ്രധാനിയുമായ അഡ്രിയാൻ ലൂണയാണ് ക്ലബ് വിടാൻ സാധ്യതയുള്ള ഒരു താരം. ബ്ലാസ്റ്റേഴ്‌സ് ആരാധകരുടെ പ്രിയപ്പെട്ട കളിക്കാരനാണെങ്കിലും ഇവാൻ പോയതിനു പിന്നാലെ ഗോവ താരത്തിനായി ശ്രമം നടത്തുന്നുണ്ട്. ലൂണയുടെ ബ്ലാസ്റ്റേഴ്‌സ് കരാർ ഈ സീസണോടെ അവസാനിക്കാനും പോവുകയാണ്.

ക്ലബ് വിടാൻ സാധ്യതയുള്ള മറ്റൊരു താരം കഴിഞ്ഞ രണ്ടു സീസണുകളായി ടീമിന്റെ പ്രധാന സ്‌ട്രൈക്കറായ ദിമിത്രിയോസാണ്. കരാർ അവസാനിക്കാൻ പോകുന്ന താരം അത് പുതുക്കാൻ കൂടുതൽ പ്രതിഫലം ആവശ്യപ്പെട്ടത് ബ്ലാസ്റ്റേഴ്‌സ് നേതൃത്വം ഇതുവരെ പരിഗണിച്ചിട്ടില്ല. ഇവാൻ വുകോമനോവിച്ചും പോകുന്നതോടെ ദിമിത്രിയോസ് ക്ലബിൽ തുടരാനുള്ള സാധ്യത കൂടുതൽ മങ്ങുകയാണ്.

ഇവാനു കീഴിൽ കഴിഞ്ഞ മൂന്നു സീസണുകളായി കളിക്കുന്ന പ്രതിരോധതാരം മാർകോ ലെസ്‌കോവിച്ചും ക്ലബ് വിടാനുള്ള സാധ്യതയുണ്ട്. കരാർ അവസാനിക്കുന്ന താരം തുടരാൻ സാധ്യതയില്ലെന്ന് നേരത്തെ തന്നെ റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇവാനും പോകുന്നതോടെ ലെസ്‌കോ തുടരില്ലെന്ന് ഉറപ്പായിട്ടുണ്ട്. താരത്തിനു പകരക്കാരനെ ബ്ലാസ്റ്റേഴ്‌സ് കണ്ടെത്തിയെന്നാണ് റിപ്പോർട്ടുകൾ.

ഇതിനു പുറമെ ബ്ലാസ്റ്റേഴ്‌സ് മധ്യനിരയിലെ മലയാളി താരമായ വിബിൻ മോഹനന് ഓഫറുകൾ വരുന്നുണ്ടെന്നും റിപ്പോർട്ടുകൾ പറയുന്നു. ഈ സീസണോടെ അവസാനിക്കുന്ന താരത്തിന്റെ കരാർ പുതുക്കിയെന്ന് റിപ്പോർട്ടുകൾ ഉണ്ടായിരുന്നെങ്കിലും അക്കാര്യം സ്ഥിരീകരിച്ചിട്ടില്ല. എന്തായാലും ഇവാന്റെ മടക്കം ബ്ലാസ്റ്റേഴ്‌സിൽ വലിയ പ്രത്യാഘാതം ഉണ്ടാക്കുമെന്നതിൽ സംശയമില്ല.

Many Kerala Blasters Players Might Leave Club