മുൻ റയൽ മാഡ്രിഡ് താരം ഐഎസ്എല്ലിലേക്ക് വരുന്നു, അപ്രതീക്ഷിത നീക്കവുമായി വമ്പന്മാർ | Jese

ഇന്ത്യൻ സൂപ്പർ ലീഗ് ക്ലബുകൾ അടുത്ത സീസണിലേക്കുള്ള ഒരുക്കങ്ങൾ ആരംഭിച്ചതോടെ ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾ നിരവധിയാണ്. വിവിധ രാജ്യങ്ങളിലെ നിരവധി താരങ്ങളുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾ പുറത്തു വരുന്നുണ്ട്. ഓരോ ക്ലബുകളുടെയും ആരാധകർ അടുത്ത സീസണിൽ തങ്ങളുടെ ക്ലബ് ആരെയാണ് ടീമിലെത്തിക്കാൻ പോകുന്നതെന്ന് ഉറ്റു നോക്കുകയുമാണ്.

അതിനിടയിൽ ഇന്ത്യയിലെ ഫുട്ബോൾ പ്രേമികൾക്കെല്ലാം ആവേശം നൽകുന്ന ഒരു ട്രാൻസ്‌ഫർ അഭ്യൂഹവും പുറത്തു വരുന്നുണ്ട്. മുൻ റയൽ മാഡ്രിഡ് താരമായ ജെസെ റോഡ്രിഗസിനെ സ്വന്തമാക്കാൻ ഐഎസ്എൽ ക്ലബ് ശ്രമിക്കുന്നുണ്ടെന്നാണ് പുറത്തു വരുന്നത്. ഐഎസ്എല്ലിലെ വമ്പൻ ടീമുകളിൽ ഒന്നായ ബെംഗളൂരു എഫ്‌സിയാണ് ജെസെക്കു വേണ്ടി ശ്രമം നടത്തുന്നത്.

മുൻ ഐഎസ്എൽ ജേതാക്കളായ ബെംഗളൂരു എഫ്‌സിയുടെ കഴിഞ്ഞ സീസണിലെ പ്രകടനം വളരെ മോശമായിരുന്നു. പന്ത്രണ്ടു ടീമുകൾ കളിക്കുന്ന ലീഗിൽ പത്താം സ്ഥാനത്താണ് ബെംഗളൂരു ഫിനിഷ് ചെയ്‌തത്‌. അടുത്ത സീസണിൽ അതിൽ മാറ്റം വരുത്താനും കൂടുതൽ മികച്ച പ്രകടനം നടത്താനുമുള്ള ഒരുക്കങ്ങൾ അവർ നടത്തിക്കൊണ്ടിരിക്കുകയാണ്.

റയൽ മാഡ്രിഡ് അക്കാദമിയിലൂടെ ഉയർന്നു വന്ന ജെസെ 2011 മുതൽ 2016 സീനിയർ ടീമിലുണ്ടായിരുന്നു. ഒരു ലീഗും രണ്ടു ചാമ്പ്യൻസ് ലീഗുമുൾപ്പെടെ നിരവധി കിരീടനേട്ടങ്ങളിൽ പങ്കാളിയായ താരം അതിനു ശേഷം പിഎസ്‌ജിയിലേക്ക് ചേക്കേറി. അവിടെ നാല് വർഷം കളിച്ചതിനു ശേഷം സ്പെയിൻ, ഇംഗ്ലണ്ട്, പോർച്ചുഗൽ, തുർക്കി, ബ്രസീൽ തുടങ്ങിയ രാജ്യങ്ങളിലെ വിവിധ ക്ലബുകളിലാണ് ജെസെ ഉണ്ടായിരുന്നത്.

അവസാനം ബ്രസീലിയൻ ക്ലബായ കോറിറ്റിബാക്ക് വേണ്ടിയാണ് ജെസെ ബൂട്ട് കെട്ടിയത്. ആറു മത്സരങ്ങൾ മാത്രം അവർക്ക് വേണ്ടി കളിച്ച താരം നിലവിൽ ഫ്രീ ഏജന്റാണ്. അഞ്ചു കോടിയിലധികം ട്രാൻസ്‌ഫർ മൂല്യമുള്ള താരത്തെ സ്വന്തമാക്കാൻ ബെംഗളൂരുവിനു കഴിയുമെന്നതിൽ സംശയമില്ല. നടന്നാൽ ഇന്ത്യൻ സൂപ്പർ ലീഗിൽ അടുത്ത സീസണിൽ കളിക്കുന്ന വമ്പൻ താരമാകും ജെസെ.

Jese Is A Target Of Bengaluru FC