ഐഎസ്എല്ലിൽ വമ്പൻ മാറ്റത്തിന്റെ കാഹളം മുഴങ്ങുന്നു, മോശം പ്രകടനം നടത്തുന്ന ടീമുകളെ തരം താഴ്ത്തും | ISL

ഇന്ത്യൻ സൂപ്പർ ലീഗിൽ വലിയൊരു മാറ്റത്തിന്റെ കാഹളം മുഴങ്ങുന്നു. ഐഎസ്എൽ ആരംഭിച്ച് ഇതുവരെ നടപ്പിലാക്കിയിട്ടില്ലാത്ത തരം താഴ്ത്തൽ സംവിധാനമാണ് വരുന്ന സീസണുകളിൽ നടപ്പിലാക്കാൻ ഒരുങ്ങുന്നത്. ഇതോടെ അവസാനസ്ഥാനങ്ങളിൽ എത്തുന്ന ടീമുകൾ ഐഎസ്എല്ലിൽ നിന്നും രണ്ടാം ഡിവിഷൻ ടൂർണമെന്റ് ആയ ഐ ലീഗിലേക്ക് തരം താഴ്ത്തപ്പെടും.

ഐഎസ്എൽ ആരംഭിച്ചപ്പോൾ വളരെ കുറച്ച് ക്ലബുകൾ മാത്രമാണുണ്ടായിരുന്നത്. ഏതാനും വർഷങ്ങൾക്ക് ശേഷം ഐഎസ്എൽ ഇന്ത്യയിലെ ഒന്നാം ഡിവിഷൻ ലീഗായി മാറ്റി. പങ്കെടുക്കുന്ന ക്ലബുകളുടെ എണ്ണം കുറവായതിനാലും ഫ്രാഞ്ചൈസി ലീഗ് ആയതിനാലും തരം താഴ്ത്തൽ ഒഴിവാക്കിയിരുന്നെങ്കിലും കഴിഞ്ഞ രണ്ടു സീസണുകളിൽ ഐ ലീഗ് വിജയികൾക്ക് ഐഎസ്എല്ലിലേക്ക് സ്ഥാനക്കയറ്റം ഉണ്ടായിരുന്നു.

2026-27 സീസൺ മുതലാണ് ഐഎസ്എല്ലിൽ തരം താഴ്ത്തൽ ഏർപ്പെടുത്താനുള്ള നീക്കങ്ങൾ നടക്കുന്നത്. എഐഎഫ്എഫും ഐഎസ്എൽ സംഘാടകരായ എഫ്‌എസ്‌ഡിഎല്ലും തമ്മിലുള്ള കരാർ 2025 ഫെബ്രുവരിയിൽ അവസാനിക്കാൻ പോവുകയാണ്. ഐഎസ്എൽ തുടർന്ന് നടത്താനുള്ള കരാർ ഒപ്പിടുന്നതിനൊപ്പം തന്നെ റെലെഗേഷൻ കൊണ്ടുവരാനുള്ള പദ്ധതിയാണ് ആവിഷ്‌കരിക്കുന്നത്.

റെലെഗേഷൻ സംവിധാനം ഐഎസ്എല്ലിൽ കൊണ്ടുവന്നാൽ അത് ലീഗിനെ കൂടുതൽ ബാലൻസ്‌ഡ് ആകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇത് ഒന്നാം ഡിവിഷൻ ലീഗിലും രണ്ടാം ഡിവിഷൻ ലീഗിലും കൂടുതൽ മത്സരങ്ങൾ സൃഷ്‌ടിക്കും. അതേസമയം ഫ്രാഞ്ചൈസി ക്ലബുകൾ ഈ തീരുമാനം വന്നാൽ എങ്ങിനെ പ്രതികരിക്കുമെന്നത് കണ്ടറിയേണ്ട കാര്യമാണ്.

ISL Likely To Start Relegation From 2026