റൊണാൾഡോ മാഞ്ചസ്റ്റർ സിറ്റിക്കൊപ്പമാണ്, ആഴ്‌സണൽ ലീഗ് വിജയിക്കില്ലെന്ന് ക്രിസ്റ്റ്യാനോ റൊണാൾഡോ | Cristiano Ronaldo

പ്രീമിയർ ലീഗിൽ കിരീടപ്പോരാട്ടം നിർണയിക്കുന്ന ദിവസമാണിന്ന്. നിലവിൽ ഒന്നാം സ്ഥാനത്തു നിൽക്കുന്ന മാഞ്ചസ്റ്റർ സിറ്റിയും രണ്ടു പോയിന്റിന്റെ മാത്രം വ്യത്യാസത്തിൽ രണ്ടാം സ്ഥാനത്തു നിൽക്കുന്ന ആഴ്‌സണലും കിരീടം പ്രതീക്ഷിച്ച് ഇന്നിറങ്ങുകയാണ്. മാഞ്ചസ്റ്റർ സിറ്റി പോയിന്റ് നഷ്ടപ്പെടുത്തിയാൽ മാത്രമേ നിരവധി വർഷങ്ങൾക്ക് ശേഷം കിരീടം നേടാമെന്ന പ്രതീക്ഷ ആഴ്‌സണലിനുള്ളൂ.

മാഞ്ചസ്റ്റർ സിറ്റി സ്വന്തം മൈതാനത്ത് വെസ്റ്റ് ഹാം യുണൈറ്റഡിനെയാണ് നേരിടാൻ പോകുന്നത്. അതേസമയം ആഴ്‌സണലും സ്വന്തം മൈതാനത്താണ് മത്സരം. എവെർട്ടനാണ് അവരുടെ എതിരാളികൾ. ഇന്ന് രാത്രി എട്ടരയ്ക്ക് നടക്കുന്ന മത്സരത്തിൽ ഏതു ടീം പോയിന്റ് നഷ്‌ടമാക്കിയാലും അതവർക്ക് കിരീടം നേടാനുള്ള സാധ്യതയെ പൂർണമായും ഇല്ലാതാക്കാൻ സാധ്യതയുണ്ട്.

അതിനിടയിൽ മാഞ്ചസ്റ്റർ യുണൈറ്റഡ് ഇതിഹാസമായ ക്രിസ്റ്റ്യാനോ റൊണാൾഡോ കഴിഞ്ഞ ദിവസം പ്രീമിയർ ലീഗ് കിരീടപ്പോരാട്ടത്തെക്കുറിച്ച് പറഞ്ഞ വാക്കുകളാണ് ശ്രദ്ധേയമാകുന്നത്. കഴിഞ്ഞ ദിവസം ഫ്യൂറിയും ഉസൈക്കും തമ്മിലുള്ള ബോക്‌സിങ് പോരാട്ടത്തിന് റൊണാൾഡോയും എത്തിയിരുന്നു. ആഴ്‌സണൽ ഇത്തവണ പ്രീമിയർ ലീഗ് നേടില്ലെന്നാണ് റൊണാൾഡോ പറഞ്ഞത്.

മാഞ്ചസ്റ്റർ യുണൈറ്റഡിൽ നിരവധി വർഷങ്ങൾ കളിച്ച് ഒരുപാട് കിരീടങ്ങൾ സ്വന്തമാക്കിയ താരമാണ് ക്രിസ്റ്റ്യാനോ റൊണാൾഡോ. മാഞ്ചസ്റ്റർ സിറ്റിയാണെങ്കിൽ മാഞ്ചസ്റ്റർ യുണൈറ്റഡിന്റെ പ്രധാന എതിരാളികളുമാണ്. എന്നാൽ അവരെക്കാൾ കൂടുതൽ ആഴ്‌സണലിന്റെ തോൽവിയാണു റൊണാൾഡോ ആഗ്രഹിക്കുന്നതെന്ന് താരത്തിന്റെ വാക്കുകളിൽ നിന്നും വ്യക്തമാണ്.

ഇന്നത്തെ മത്സരത്തിന് ആരാധകർ ആകാംക്ഷയോടെയാണ് കാത്തിരിക്കുന്നത്. മാഞ്ചസ്റ്റർ സിറ്റി അവസാന മത്സരങ്ങളിൽ തോൽക്കുന്ന പതിവില്ലാത്തതിനാൽ തന്നെ ആഴ്‌സണലിന് കിരീടപ്രതീക്ഷ കുറവാണ്. അതേസമയം ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഏതു തരത്തിലുള്ള അട്ടിമറിയും പ്രതീക്ഷിക്കാമെന്നതിനാൽ തന്നെ അത്ഭുതങ്ങൾ സംഭവിക്കാനുള്ള സാധ്യത തള്ളിക്കളയാൻ കഴിയില്ല.

Cristiano Ronaldo Says Arsenal Not Gonna Win EPL