എമിയെ ട്രോളിയവർക്ക് ഇനി വായടച്ചു മിണ്ടാതിരിക്കാം, പറഞ്ഞ വാക്കു പാലിച്ച് അർജന്റൈൻ ഗോൾകീപ്പറുടെ ഹീറോയിസം | Emiliano Martinez

അർജന്റീന ഗോൾകീപ്പറായ എമിലിയാനോ മാർട്ടിനസ് അവരുടെ ആരാധകർക്ക് ഹീറോയാണെങ്കിൽ എതിരാളികൾക്ക് അഹങ്കാരിയാണ്. ഖത്തർ ലോകകപ്പിന്റെ ഫൈനൽ ഷൂട്ടൗട്ടിൽ താരം നടത്തിയ മൈൻഡ് ഗെയിമും കിരീടനേട്ടത്തിനു ശേഷം എംബാപ്പയെ കളിയാക്കിയ രീതിയുമെല്ലാം വലിയ രീതിയിലുള്ള വിമർശനങ്ങൾ താരത്തിന് നേരെ ഉയരാൻ കാരണമായിരുന്നു.

എന്നാൽ എതിരാളികൾ പോലും അംഗീകരിക്കുന്ന ഒരു സവിശേഷത എമിലിയാനോ മാർട്ടിനസിനുണ്ട്. താരം കളിക്കളത്തിൽ പുലർത്തുന്ന ആത്മവിശ്വാസം ഇക്കാലത്ത് എല്ലാ താരങ്ങൾക്കും അവകാശപ്പെടാൻ കഴിയില്ല. ആത്മവിശ്വാസത്തോടെ താൻ പറയുന്ന കാര്യങ്ങൾ ചെയ്‌തു കാണിച്ച് വിമർശകരുടെ വായടപ്പിക്കാൻ കഴിയുന്നുണ്ടെന്നത് എമിയെ ലോകത്തെ മികച്ച താരങ്ങളിലൊരാളാക്കി മാറ്റുന്നു.

ആഴ്‌സണലിൽ പകരക്കാരനായി ഒരുപാട് സീസൺ പൂർത്തിയാക്കി പിന്നീട് അവസരം ലഭിച്ചപ്പോൾ തന്റെ കഴിവ് തെളിയിച്ചതിനു ശേഷമാണ് എമിലിയാനോ ആസ്റ്റൺ വില്ലയിലെത്തിയത്. ആഴ്‌സണലിലും ആസ്റ്റൺ വില്ലയിലും നടത്തിയ പ്രകടനം അർജന്റീന ടീമിലേക്ക് വഴി തുറന്നപ്പോൾ എമിലിയാനോ പറഞ്ഞത് മെസിക്ക് വേണ്ടി ലോകകപ്പ് നേടണമെന്നും ലോകകപ്പിലെ മികച്ച ഗോൾകീപ്പർ ആകണമെന്നുമായിരുന്നു.

അന്നതിനെ പലരും കളിയാക്കിയെങ്കിലും ഖത്തർ ലോകകപ്പിൽ മെസിയുടെ നേതൃത്വത്തിൽ അർജന്റീന കിരീടം ഉയർത്തുമ്പോൾ അവിടെ ഹീറോ എമിലിയാനോ കൂടിയായിരുന്നു. ലോകകപ്പിലെ മികച്ച ഗോൾകീപ്പറായി മാറാനും താരത്തിന് കഴിഞ്ഞു. അതിനു ശേഷം കഴിഞ്ഞ വർഷം ക്ലബ് സീസൺ തുടങ്ങിയപ്പോൾ എമി പറഞ്ഞത് ആസ്റ്റൺ വില്ലയെ ചാമ്പ്യൻസ് ലീഗിലെത്തിക്കണമെന്നാണ്.

ഒരു മിഡ് ടേബിൾ ക്ലബായ ആസ്റ്റൺ വില്ലയെ ചാമ്പ്യൻസ് ലീഗ് കളിപ്പിക്കുകയെന്ന എമിയുടെ ആഗ്രഹം കേട്ടപ്പോഴും പലരും താരത്തെ കളിയാക്കി. എന്നാൽ ഇംഗ്ലീഷ് പ്രീമിയർ ലീഗിൽ ഇനി ഒരു റൌണ്ട് മത്സരം ബാക്കി നിൽക്കെ ചാമ്പ്യൻസ് ലീഗ് യോഗ്യത ആസ്റ്റൺ വില്ല നേടിക്കഴിഞ്ഞു. അതിൽ പ്രധാന പങ്കു വഹിക്കാൻ എമിലിയാനോ മാർട്ടിനസിനും കഴിഞ്ഞിട്ടുണ്ട്.

താൻ പറയുന്നത് വെറും വാക്കല്ലെന്നും അത് നടപ്പിലാക്കാൻ ഏതറ്റം വരെയും പോകുമെന്നും എമിലിയാനോ മാർട്ടിനസ് തെളിയിച്ചു. ആത്മവിശ്വാസത്തിന്റെ പ്രതിരൂപമായ താരത്തിന്റെ സാന്നിധ്യം ടീമിലുള്ള മറ്റു കളിക്കാർക്കും പ്രചോദനമാണ്. അടുത്ത മാസം കോപ്പ അമേരിക്ക നടക്കാനിരിക്കെ അർജന്റീനയുടെ പ്രതീക്ഷകളും എമിയിൽ തന്നെയാണ്.

Emiliano Martinez Helped Aston Villa To Reach UCL