ആരും പ്രതീക്ഷിക്കാത്ത നീക്കം, റൊണാൾഡോയുടെ നാട്ടിൽ നിന്നും ലിവർപൂളിന് പുതിയ പരിശീലകൻ | Liverpool

ലിവർപൂൾ പരിശീലകനായ യാർഗൻ ക്ലോപ്പ് ഈ സീസൺ കൂടിയേ ടീമിനൊപ്പം ഉണ്ടാകൂവെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിരുന്നു. ഒരു കാലത്ത് യൂറോപ്പിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായിരുന്ന, പിന്നീട് മോശം ഫോമിലേക്ക് വീണ ലിവർപൂളിനെ ഉയർത്തെഴുന്നേൽപ്പിച്ചു കൊണ്ടുവന്നത് ക്ലോപ്പ് ആയിരുന്നു എന്നതിനാൽ തന്നെ ആരാധകർക്ക് വലിയ നിരാശയുണ്ടാക്കുന്നതായിരുന്നു ആ പ്രഖ്യാപനം.

ക്ലോപ്പിനു അതിനൊത്ത പകരക്കാരനെ തന്നെ വേണമെന്നതിനാൽ ബയേർ ലെവർകൂസൻ പരിശീലകൻ സാബി അലോൺസോയുടെ പേരാണ് തുടക്കത്തിൽ പറഞ്ഞു കേട്ടത്. എന്നാൽ അടുത്ത സീസണിലും താൻ ലെവർകൂസനിൽ തന്നെ ഉണ്ടാകുമെന്ന് അലോൺസോ വ്യക്തമാക്കിയതോടെ മറ്റൊരു പരിശീലകനെ കണ്ടെത്താൻ ശ്രമം നടത്തിയ ലിവർപൂൾ അതിൽ വിജയിച്ചുവെന്നാണ് പുതിയ റിപ്പോർട്ടുകൾ.

സ്കൈ സ്പോർട്ട്സ് ജർമനി വെളിപ്പെടുത്തുന്നത് പ്രകാരം നിലവിൽ പോർച്ചുഗൽ ക്ലബായ സ്പോർട്ടിങ് ലിസ്ബണിന്റെ പരിശീലകനായ റൂബൻ അമോറിമിനെയാണ് ലിവർപൂൾ ടീമിലെത്തിക്കാൻ പോകുന്നത്. ഈ സീസൺ അവസാനിച്ചാൽ സ്പോർട്ടിങ് വിടാമെന്ന് കരാറിലുള്ള പോർച്ചുഗൽ പരിശീലകൻ ലിവർപൂളുമായി മൂന്നു വർഷത്തെ കരാറൊപ്പിടാൻ സമ്മതം മൂളിയെന്നു റിപ്പോർട്ടുകൾ പറയുന്നു.

വെറും മുപ്പത്തിയൊമ്പത് വയസ് മാത്രം പ്രായമുള്ള പരിശീലകനാണെങ്കിലും ഒരുപാട് നേട്ടങ്ങൾ അദ്ദേഹം സ്വന്തമാക്കിയിട്ടുണ്ട്. ബ്രാഗക്കൊപ്പം ഒരു കിരീടം സ്വന്തമാക്കിയ അദ്ദേഹം 2020-21 സീസണിൽ സ്പോർട്ടിങ്ങിനൊപ്പം ലീഗ് സ്വന്തമാക്കി. അതിനു പുറമെ മൂന്നു കിരീടങ്ങൾ കൂടി സ്പോർട്ടിങ്ങിനു നേടിക്കൊടുത്ത അദ്ദേഹത്തിനു കീഴിൽ ഈ സീസണിലും ലീഗിൽ സ്പോർട്ടിങ് ഒന്നാമതാണ്.

അമോറിമിനെ സ്വന്തമാക്കാനുള്ള ലിവർപൂളിന്റെ നീക്കം ആരും പ്രതീക്ഷിക്കാത്ത ഒന്നായിരുന്നുവെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. കളിക്കാരനെന്ന നിലയിലും പരിശീലകനെന്ന നിലയിലും കരിയറിന്റെ ഭൂരിഭാഗവും പോർച്ചുഗലിൽ ചിലവഴിച്ച അദ്ദേഹത്തിന് പ്രീമിയർ ലീഗിലേക്കുള്ള വരവിൽ ശോഭിക്കാൻ കഴിയുമോയെന്ന് കണ്ടറിയുക തന്നെ വേണം.

Liverpool Reached Agreement With Ruben Amorim