പ്രീമിയർ ലീഗിലെ വമ്പൻ ക്ലബുകളുടെ ഉറക്കം നഷ്‌ടമാകും. ക്ളോപ്പിനു പകരക്കാരനെ കണ്ടെത്തി ലിവർപൂൾ | Liverpool

ഈ സീസണിന് ശേഷം ലിവർപൂൾ വിടാൻ പോവുകയാണെന്ന യർഗൻ ക്ളോപ്പിന്റെ പ്രഖ്യാപനം വലിയ ഞെട്ടലാണ് ആരാധകർക്ക് നൽകിയത്. തന്റെ ഊർജ്ജം ഒരുപാട് നഷ്‌ടമായെന്നും അതുകൊണ്ടു തന്നെ ഒരു വർഷത്തേക്കെങ്കിലും ഫുട്ബോളിൽ നിന്നും ഇടവേള വേണമെന്നും പറഞ്ഞു കൊണ്ടാണ് 2015 മുതൽ ലിവർപൂളിനൊപ്പമുള്ള പരിശീലകൻ ഈ സീസണിനു ശേഷം വിടപറയുകയാണെന്ന് പ്രഖ്യാപിച്ചത്.

ഒരുപാട് നാളുകളായി നേട്ടങ്ങളൊന്നും സ്വന്തമാക്കാൻ കഴിയാതിരുന്ന ലിവർപൂൾ നിലവിൽ യൂറോപ്പിലെ ഏറ്റവും മികച്ച ടീമുകളിൽ ഒന്നായി മാറിയതിനു ക്ളോപ്പാണ് കാരണം. പ്രീമിയർ ലീഗും ചാമ്പ്യൻസ് ലീഗുമടക്കം ഏഴോളം കിരീടങ്ങൾ അദ്ദേഹത്തിന് കീഴിൽ ലിവർപൂൾ സ്വന്തമാക്കി. മൂന്നു തവണ ലിവർപൂളിനെ ചാമ്പ്യൻസ് ലീഗിന്റെ ഫൈനലിൽ എത്തിക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിരുന്നു.

ഇത്രയും നേട്ടങ്ങൾ ലിവർപൂളിന് സ്വന്തമാക്കി നൽകിയ പരിശീലകനായതിനാൽ തന്നെ അദ്ദേഹത്തിന്റെ വിടവാങ്ങൽ ആരാധകർക്ക് വലിയൊരു ശൂന്യത നൽകുമെന്നുറപ്പാണ്. എന്നാൽ ആരാധകരുടെ ആ വിഷമം പരിഹരിക്കാൻ തന്നെയാണ് ലിവർപൂൾ നേതൃത്വം ഒരുങ്ങുന്നത്. ക്ളോപ്പിനു പകരക്കാരനെ കണ്ടെത്തിയ അവർ അദ്ദേഹത്തെ സ്വന്തമാക്കാനുള്ള നീക്കങ്ങൾ ആരംഭിച്ചു കഴിഞ്ഞു.

റിപ്പോർട്ടുകൾ പ്രകാരം മുൻ ലിവർപൂൾ താരവും നിലവിൽ ബയേർ ലെവർകൂസൻ പരിശീലകനുമായ സാബി അലോൻസോയെ സ്വന്തമാക്കാനുള്ള നീക്കങ്ങളാണ് ലിവർപൂൾ നടത്തുന്നത്. കഴിഞ്ഞ സീസണിൽ ബയേർ ലെവർകൂസൻറെ പരിശീലകസ്ഥാനം ഏറ്റെടുത്ത സാബി അലോൻസോക്ക് കീഴിൽ ഒരു മത്സരം പോലും തോൽക്കാതെയാണ് ടീം ഒന്നാം സ്ഥാനത്തു നിന്നു മുന്നോട്ടു കുതിക്കുന്നത്.

സാബി അലോൻസോയെ സ്വന്തമാക്കാൻ ലിവർപൂളിന് കഴിഞ്ഞാൽ അത് ആരാധകർക്ക് വലിയൊരു ആവേശമാകും. ബയേൺ അടക്കമുള്ള ടീമുകളെ മറികടന്ന് അദ്ദേഹം ലെവർകൂസനെ മുന്നോട്ടു കൊണ്ടു പോകുന്നത് മനോഹരമായ ഫുട്ബോൾ കളിച്ചു കൊണ്ടാണ്. ക്ളോപ്പിന്റെ പാരമ്പര്യം തുടരാൻ ഏറ്റവും മികച്ചയാളും സാബി അലോൺസോ തന്നെയാണ്.

എന്നാൽ നിലവിൽ ബയേർ ലെവർകൂസനിൽ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കാനും അവരെ ജർമൻ ലീഗ് കിരീടത്തിലേക്ക് നയിക്കാനുമാണ് സാബി അലോൺസോ ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അതിനു ശേഷമാകും തന്റെ ഭാവിയെക്കുറിച്ച് അദ്ദേഹം തീരുമാനമെടുക്കുക. എന്നാൽ ലിവർപൂളിന്റെ ഓഫർ അദ്ദേഹം തള്ളാനുള്ള സാധ്യത കുറവാണെന്നാണ് സൂചനകൾ.

Liverpool Contact Xabi Alonso To Replace Klopp