റയൽ മാഡ്രിഡിനു മുന്നിൽ മൂന്നു ഡിമാൻഡുകളുമായി എംബാപ്പെ, ഫ്രീ ഏജന്റായ താരത്തെ സ്വന്തമാക്കാൻ വമ്പൻ തുക മുടക്കേണ്ടി വരും | Kylian Mbappe

ഈ സീസണോടെ പിഎസ്‌ജി കരാർ അവസാനിക്കാനിരിക്കുന്ന കിലിയൻ എംബാപ്പയുമായി ബന്ധപ്പെട്ട ട്രാൻസ്‌ഫർ അഭ്യൂഹങ്ങൾ വീണ്ടും ശക്തമായിരിക്കുന്നു. താരത്തെ നിലനിർത്താൻ പിഎസ്‌ജിക്ക് കഴിയുമോ, അതോ റയൽ മാഡ്രിഡ് സ്വന്തമാക്കുമോയെന്നാണ് പ്രധാനമായും അഭ്യൂഹങ്ങളിലുള്ളത്. അതിനിടയിൽ ലിവർപൂളും എംബാപ്പയെ സ്വന്തമാക്കാൻ സാധ്യതയുള്ള ക്ലബായി ഉയർന്നു വന്നിട്ടുണ്ട്.

ഏറ്റവും പുതിയ റിപ്പോർട്ടുകൾ പ്രകാരം റയൽ മാഡ്രിഡുമായി കരാറൊപ്പിടാൻ മൂന്നു ഡിമാൻഡുകൾ എംബാപ്പെ മുന്നോട്ടു വെച്ചിട്ടുണ്ട്. അതിലെ ഏറ്റവും പ്രധാനപ്പെട്ടത് 105 മില്യൺ പൗണ്ട് സൈനിങ്‌ ഓൺ ഫീസാണ്. ഫ്രീ ഏജന്റായ തന്നെ സ്വന്തമാക്കാൻ റയൽ മാഡ്രിഡ് ട്രാൻസ്‌ഫർ ഫീസ് ഒന്നും നൽകേണ്ടതില്ല എന്നതിനാലാണ് സൈനിങ്‌ ഓൺ ഫീയായി ഇത്രയും വലിയ തുക എംബാപ്പെ ആവശ്യപ്പെട്ടിരിക്കുന്നത്.

കദന സെറിന്റെ റിപ്പോർട്ടുകൾ പ്രകാരം താരം റയൽ മാഡ്രിഡിലെ ഏറ്റവും ഉയർന്ന പ്രതിഫലം വാങ്ങുന്ന താരമായി മാറാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഒരു വർഷത്തിൽ 43 മില്യൺ പൗണ്ടാണ് കിലിയൻ എംബാപ്പെ ആവശ്യപ്പെട്ടിരിക്കുന്നത്. അടുത്ത സീസൺ മുതൽ റയൽ മാഡ്രിഡിൽ ഉയർന്ന പ്രതിഫലം വാങ്ങുന്ന താരങ്ങളായ വിനീഷ്യസ്, ബെല്ലിങ്ങ്ഹാം എന്നിവരുടെ ഇരട്ടി പ്രതിഫലമാണ് എംബാപ്പെ ആവശ്യപ്പെടുന്നത്.

അതിനു പുറമെ തന്റെ ഇമേജ് റൈറ്റ്സ് വഴി കിട്ടുന്ന പണത്തിന്റെ ഒരു നിശ്ചിത ശതമാനവും എംബാപ്പെ ആവശ്യപ്പെടുന്നുണ്ട്. പൊതുവേ റയൽ മാഡ്രിഡ് ഒരു താരത്തിന് ഇമേജ് റൈറ്റ്സ് വഴിൽ ലഭിക്കുന്ന തുകയുടെ അമ്പതു ശതമാനമാണ് നൽകുക. എന്നാൽ എംബാപ്പയുടെ കാര്യത്തിൽ അറുപതു ശതമാനം താരത്തിനും നാല്പതു ശതമാനം ക്ലബിനുമെന്ന താരത്തിലാകാൻ സാധ്യതയുണ്ട്.

റയൽ മാഡ്രിഡും എംബാപ്പയും തമ്മിൽ ചർച്ചകൾ നടക്കുന്നുണ്ടാകുമെന്ന കാര്യത്തിൽ യാതൊരു സംശയവുമില്ല. അതിനിടയിൽ താരത്തെ നിലനിർത്താൻ പിഎസ്‌ജി സജീവമായ ഇടപെടലുകൾ നടത്തുന്നുണ്ട്. ആരാണ് ഈ പോരാട്ടത്തിൽ വിജയിക്കുകയെന്ന് വ്യക്തമല്ല. ഇതിനു മുൻപ് രണ്ടു തവണ എംബാപ്പയെ സ്വന്തമാക്കാൻ ശ്രമിച്ച് റയൽ മാഡ്രിഡ് പരാജയപ്പെട്ടിരുന്നു.

Kylian Mbappe Three Demands To Join Real Madrid