മെസിക്കൊപ്പം ഒരുമിക്കാൻ ഏഞ്ചൽ ഡി മരിയ, അർജന്റീന താരവുമായി ഇന്റർ മിയാമി ചർച്ചകൾ ആരംഭിച്ചു | Angel Di Maria

അർജന്റീന ആരാധകരെ സംബന്ധിച്ചിടത്തോളം ലയണൽ മെസിയും ഏഞ്ചൽ ഡി മരിയയും ഒരു വികാരമാണ്. യൂത്ത് ടീമിനൊപ്പം വമ്പൻ നേട്ടങ്ങൾ സ്വന്തമാക്കി പിന്നീട് സീനിയർ ടീമിലെത്തിയ അവർ ഒരുപാട് പ്രതിസന്ധികളിലൂടെയും വിമർശനങ്ങളിലൂടെയും കടന്നു പോയിട്ടുണ്ട്. എന്നാൽ അതിനെല്ലാം അവസാനം കുറിച്ച് കരിയറിന്റെ അവസാനഘട്ടത്തിൽ സാധ്യമായ എല്ലാ കിരീടങ്ങളും അവർ സ്വന്തമാക്കി.

ദേശീയ ടീമിന് പുറമെ ക്ലബ് തലത്തിലും ഈ രണ്ടു താരങ്ങൾ വീണ്ടും ഒരുമിക്കുമെന്നാണ് ഏറ്റവും പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഇതിനു മുൻപ് പിഎസ്‌ജിയിൽ ഇരുവരും ഒരുമിച്ച് കളിച്ചിട്ടുണ്ട്. ഈ സീസൺ കഴിയുന്നതോടെ പോർച്ചുഗീസ് ക്ലബായ ബെൻഫിക്കയുമായുള്ള കരാർ അവസാനിക്കുന്ന ഏഞ്ചൽ ഡി മരിയയെ സ്വന്തമാക്കാൻ മെസിയുടെ ക്ലബായ ഇന്റർ മിയാമി ശ്രമം നടത്തുന്നുണ്ട്.

അർജന്റീന ദേശീയടീമുമായും അതിലെ താരങ്ങളുമായും ബന്ധപ്പെട്ട വിശ്വസ്‌തമായ വിവരങ്ങൾ നൽകുന്ന ജേർണലിസ്റ്റായ ഗാസ്റ്റാൻ എഡ്യൂളാണ് ഇക്കാര്യം പുറത്തു വിട്ടത്. ഇന്റർ മിയാമി ഏഞ്ചൽ ഡി മരിയയുമായി കരാർ ചർച്ചകൾ ആരംഭിച്ചിട്ടുണ്ടെന്ന് അദ്ദേഹം പറയുന്നു. ജൂണിൽ കോപ്പ അമേരിക്ക ആരംഭിക്കുന്നതിനു മുൻപേ താരവുമായി ധാരണയിൽ എത്താനാണ് ഇന്റർ മിയാമി ശ്രമിക്കുന്നത്.

ലയണൽ മെസിക്കൊപ്പം ഏഞ്ചൽ ഡി മരിയയെ സ്വന്തമാക്കാൻ ഇന്റർ മിയാമി ശ്രമം നടത്തിയിരുന്നു. എന്നാൽ യൂറോപ്യൻ ഫുട്ബോളിൽ നിന്നും മാറിയാൽ വരുന്ന കോപ്പ അമേരിക്ക ടീമിലെ തന്റെ സ്ഥാനത്തെ അത് ബാധിക്കുമോയെന്ന ആശങ്ക കാരണം ഡി മരിയ ബെൻഫിക്കയിലേക്ക് പോവുകയായിരുന്നു. കോപ്പ അമേരിക്കക്ക് ശേഷം ദേശീയ ടീമിൽ നിന്നും വിരമിക്കാനിരിക്കുന്ന താരം ഇന്റർ മിയാമിയെ പരിഗണിച്ചേക്കും.

ഡി മരിയ കൂടിയെത്തിയാൽ ലയണൽ മെസിയുടെ വലിയൊരു സൗഹൃദവലയമാകും ടീമിനൊപ്പം ഉണ്ടാവുക. ഇപ്പോൾ തന്നെ ജോർഡി ആൽബ, സെർജിയോ ബുസ്‌ക്വറ്റ്സ്, ലൂയിസ് സുവാരസ് എന്നിവർ ഇന്റർ മിയാമിയിൽ കളിക്കുന്നുണ്ട്. അവർക്കൊപ്പം ഏഞ്ചൽ ഡി മരിയ കൂടി ചേർന്നാൽ മെസി ആരാധകരെ സംബന്ധിച്ച് അത് വലിയ സന്തോഷം നൽകുന്ന കാര്യമായിരിക്കും.

Angel Di Maria In Talks With Inter Miami