എൻസോ ഫെർണാണ്ടസിനു ബാഴ്‌സലോണയിലേക്ക് ചേക്കേറണം, അർജന്റീന താരം ചെൽസി വിടാനുള്ള സാധ്യതയേറുന്നു | Enzo Fernandez

ഖത്തർ ലോകകപ്പിൽ അർജന്റീന കിരീടം സ്വന്തമാക്കിയതിനു പിന്നാലെയാണ് ടൂർണമെന്റിലെ ഏറ്റവും മികച്ച യുവതാരമായി തിരഞ്ഞെടുക്കപ്പെട്ട എൻസോ ഫെർണാണ്ടസിനെ ചെൽസി സ്വന്തമാക്കിയത്. ബെൻഫിക്കയിൽ കളിച്ചിരുന്ന താരം ലോകകപ്പിൽ ലഭിച്ച അവസരം ഏറ്റവും മികച്ച രീതിയിൽ ഉപയോഗപ്പെടുത്തി ലോകത്തിന്റെ ശ്രദ്ധ പിടിച്ചു പറ്റിയതിനു പിന്നാലെ തന്നെ ചെൽസിയിലേക്ക് ചേക്കേറുകയായിരുന്നു.

തങ്ങളുടെ ചരിത്രത്തിലെ തന്നെ ഏറ്റവുമുയർന്ന തുകയാണ് എൻസോ ഫെർണാണ്ടസിനെ സ്വന്തമാക്കാൻ ചെൽസി മുടക്കിയത്. എൻസോ ഫെർണാണ്ടസ് അടക്കം നിരവധി താരങ്ങളെ സ്വന്തമാക്കുകയും പുതിയ പരിശീലകനായി മൗറീസിയോ പോച്ചട്ടിനോയെ എത്തിക്കുകയും ചെയ്‌തിട്ടും മോശം ഫോമിലാണ് ചെൽസി. പ്രീമിയർ ലീഗിൽ 23 മത്സരങ്ങൾ കളിച്ചതിൽ ഒമ്പതെണ്ണത്തിൽ മാത്രം വിജയിച്ച ടീം പതിനൊന്നാം സ്ഥാനത്താണ് നിൽക്കുന്നത്.

അതിനിടയിൽ ടീമിന്റെ റെക്കോർഡ് സൈനിങ്ങുകളിൽ ഒന്നായ എൻസോ ക്ലബ് വിടുമെന്ന അഭ്യൂഹങ്ങൾ ഉയർന്നിരുന്നു. എന്നാൽ കഴിഞ്ഞ മത്സരത്തിൽ ഫ്രീകിക്ക് ഗോൾ നേടിയതിനു ശേഷം ചെൽസിയിൽ തന്നെ തുടരുമെന്നാണ് താരം വ്യക്തമാക്കിയത്. എങ്കിലും താരവുമായി ബന്ധപ്പെട്ട അഭ്യൂഹങ്ങൾക്ക് അവസാനമില്ല. ഇപ്പോൾ ബാഴ്‌സലോണയിലേക്ക് എൻസോ ചേക്കേറാനുള്ള സാധ്യതയുണ്ടെന്നാണ് റിപ്പോർട്ടുകൾ.

ഇരുപത്തിമൂന്നുകാരനായ താരത്തിന് ചെൽസിയുമായി 2032 വരെ കരാറുണ്ട്. എന്നാൽ ചെൽസിക്കൊപ്പം ഏറ്റവും മികച്ച പ്രകടനം നടത്താൻ കഴിയാത്തതും ടീമിന്റെ നിലവാരം ഉയരാത്തതിനാൽ ചാമ്പ്യൻസ് ലീഗ് അടക്കമുള്ള ടൂർണമെന്റുകളിൽ കളിക്കാൻ കഴിയില്ലെന്നതിനാലുമാണ് എൻസോ ബാഴ്‌സലോണയിലേക്ക് ചേക്കേറാൻ ആഗ്രഹിക്കുന്നതെന്ന് ഡിയാരിയോ സ്പോർട്ട് റിപ്പോർട്ട് ചെയ്യുന്നു.

ബാഴ്‌സലോണയ്ക്ക് വേണ്ടി കളിക്കാൻ എൻസോക്ക് നേരത്തെ തന്നെ ആഗ്രഹമുണ്ടായിരുന്നുവെന്നും റിപ്പോർട്ടുകൾ പറയുന്നു. എൻസോ എത്തുകയാണെങ്കിൽ സെർജിയോ ബുസ്‌ക്വറ്റ്‌സിന് പകരക്കാരനെന്ന നിലയിൽ ഏറ്റവും മികച്ച താരത്തെ ബാഴ്‌സക്ക് ലഭിക്കും. എന്നാൽ ബാഴ്‌സയുടെ സാമ്പത്തികപ്രതിസന്ധി താരത്തെ സ്വന്തമാക്കുന്നതിനു തടസം നിൽക്കുന്നുണ്ട്.

Enzo Fernandez Reportedly Offered Himself To Barcelona