ഇന്ത്യയിലെ മറ്റെവിടെ കളിച്ചാലും ഈ അനുഭവം ലഭിക്കില്ല, ബ്ലാസ്റ്റേഴ്‌സ് ആരാധകരെ പ്രശംസിച്ച് ഇവാൻ വുകോമനോവിച്ച് | Ivan Vukomanovic

കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർ നൽകുന്ന അവിശ്വസനീയമായ പിന്തുണയെ പ്രശംസിച്ച് പരിശീലകൻ ഇവാൻ വുകോമനോവിച്ച്. കഴിഞ്ഞ ദിവസം രേഖ മേനോനുമായി നടത്തിയ അഭിമുഖം യൂട്യൂബ് ചാനലിലൂടെ പുറത്തു വന്നതിലാണ് ബ്ലാസ്റ്റേഴ്‌സ് ആരാധകർ നൽകുന്ന പിന്തുണ ടീമിന്റെ മികച്ച പ്രകടനത്തിൽ ചെലുത്തുന്ന സ്വാധീനം എത്രത്തോളമുണ്ടെന്ന് ഇവാൻ വുകോമനോവിച്ച് വ്യക്തമാക്കിയത്.

“കേരള ബ്ലാസ്റ്റേഴ്‌സിനൊപ്പം തുടർച്ചയായ മൂന്നാമത്തെ സീസണാണ് കളിക്കുന്നതെന്നതിൽ എല്ലാവരും ആവേശഭരിതരാണ്. ഞങ്ങളുടെ ജോലിയുടെ രീതിയിലും പ്രവർത്തന ശൈലിയിലും പുതിയ കാര്യങ്ങൾ നടപ്പിലാക്കിയത് കൂടുതൽ ആവേശമുണ്ടാക്കാൻ സഹായിച്ചു. ടീം തുടർച്ചയായ മൂന്നാം വർഷവും മികച്ച പ്രകടനം നടത്തുന്നുണ്ടെന്നത് കൂടുതൽ സന്തോഷം നൽകുന്ന കാര്യമാണ്.”

“ടീം മുൻനിരയിൽ നിൽക്കുന്നതും കിരീടത്തിനായി ശ്രമിക്കുകയും ചെയ്യുന്നത് കാണുന്നത് കൂടുതൽ പ്രതീക്ഷ നൽകും. ക്ലബിന് പുറത്തും ക്ലബിന്റെ ഉള്ളിലും മികച്ച അനുഭവമാണ് ലഭിക്കുന്നതെന്നത് ഒരു തരത്തിൽ പ്രിവിലേജ് ആണ്. മൈതാനത്ത് ഉണ്ടാവുന്നതും ഒരുപാട് ആരാധകരുടെ മധ്യത്തിൽ നിൽക്കാൻ കഴിയുന്നതും എനിക്ക് ഒരുപാട് സന്തോഷം നൽകുന്ന കാര്യമാണ്.”

“കേരള ബ്ലാസ്റ്റേഴ്‌സ് ടീമിനെതിരെ ഏറ്റവും മികച്ച മത്സരം കളിക്കാനാണ് മറ്റുള്ള ക്ലബുകൾ ആഗ്രഹിക്കുന്നത്. എന്റെ അനുഭവം വെച്ച് നോക്കിയാൽ കൊച്ചിയിലെ ഈ സ്റ്റേഡിയത്തിൽ, ഇത്രയും ജനങ്ങൾക്ക് മുന്നിൽ കളിക്കുമ്പോൾ ലഭിക്കുന്ന അനുഭവം ഇന്ത്യയിലെ മറ്റൊരു സ്റ്റേഡിയത്തിൽ കളിച്ചാലും ലഭിക്കില്ലെന്ന് ഉറപ്പാണ്. മറ്റു ക്ളബുകളെ ബഹുമാനിച്ചു കൊണ്ടു തന്നെ പറയുന്നു.” ഇവാൻ വുകോമനോവിച്ച് പറഞ്ഞു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ രണ്ടാം പകുതിയിൽ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യത്തെ ഹോം മത്സരമാണ് അടുത്തത് നടക്കാൻ പോകുന്നത്. ബ്ലാസ്‌റ്റേഴ്‌സിനെ സംബന്ധിച്ച് കഴിഞ്ഞ മത്സരത്തിലെ തോൽവിയുടെ ക്ഷീണം മറന്ന് കിരീടത്തിനുള്ള സാധ്യതകൾ നിലനിർത്തുകയാണ് ലക്‌ഷ്യം. അടുത്ത മത്സരത്തിൽ പഞ്ചാബ് എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിന്റെ എതിരാളികൾ.

Ivan Vukomanovic On Support Of Kerala Blasters Fans