അത്ഭുതഗോൾ നേടിയ ഇന്ത്യൻ താരത്തെ ടോട്ടനം ഹോസ്‌പർ സ്വന്തമാക്കുമോ, ആരാധകർക്ക് ആവേശമുണ്ടാക്കുന്ന അഭ്യൂഹം | Jay Gupta

ഇന്ത്യൻ സൂപ്പർ ലീഗിൽ ഈ സീസണിൽ ഏറ്റവുമധികം ശ്രദ്ധിക്കപ്പെട്ട താരമാണ് ജയ് ഗുപ്‌ത. പൂനെ സിറ്റി അടക്കമുള്ള ക്ലബുകളിൽ കളിച്ചതിനു ശേഷം യൂറോപ്പിലേക്ക് ചേക്കേറിയ താരം ഈ സീസണിന് മുന്നോടിയായാണ് ഇന്ത്യയിലേക്ക് തിരിച്ചെത്തിയത്. എഫ്‌സി ഗോവ സ്വന്തമാക്കിയ താരം ഈ സീസണിൽ ക്ലബിനായി മിന്നുന്ന പ്രകടനവും നടത്തുന്നുണ്ട്.

ലെഫ്റ്റ് ബാക്കായി കളിക്കുന്ന താരം ഇന്ത്യൻ ഫുട്ബോളിൽ നിന്നും ഉണ്ടായിട്ടുള്ള ഏറ്റവും മികച്ച പ്രതിഭയാണെന്നാണ് കഴിഞ്ഞ ദിവസം ഒരു ഫുട്ബോൾ അനലിസ്റ്റ് അഭിപ്രായപ്പെട്ടത്. ട്വിറ്ററിൽ ഇൻവെർട്ട് ദി വിങ് എന്ന പേരിലുള്ള അക്കൗണ്ടിൽ നിന്നുമാണ് ജയ് ഗുപ്‌തക്ക് പ്രശംസ ലഭിച്ചത്. ടോട്ടനം ഹോസ്പേറുമായി ബന്ധപ്പെട്ട കാര്യങ്ങൾ കൂടുതൽ പോസ്റ്റ് ചെയ്യുന്ന അക്കൗണ്ടാണിത്.

അദ്ദേഹം പറയുന്നത് പ്രകാരം മാർക്കറ്റ് വികസിപ്പിക്കുന്നതിന്റെ ഭാഗമായി ടോട്ടനം ജയ് ഗുപ്‌തയെ സ്വന്തമാക്കാനുള്ള സാധ്യതയുണ്ടെന്നാണ്. സൗത്ത് കൊറിയൻ താരമായ ഹ്യുങ് മിൻ സോണിനെ സ്വന്തമാക്കിയതോടെ ആ രാജ്യത്ത് നിന്നും ടോട്ടനത്തിനു ഒരുപാട് ആരാധകരെ ലഭിച്ചിട്ടുണ്ട്. സമാനമായ രീതിയിൽ ഇന്ത്യയിൽ നിന്നുള്ള ആരാധകരെ ഉണ്ടാക്കുക കൂടി ടോട്ടനം ലക്ഷ്യമിടുന്നു.

ഇന്ത്യൻ സൂപ്പർ ലീഗിന്റെ ഈ സീസണിൽ കണ്ട ഏറ്റവും മികച്ച താരമാണ് ജയ് ഗുപ്തയെന്ന് അവർ പറയുന്നു. ടോട്ടനത്തിനു പുറമെ പ്രീമിയർ ലീഗിലെ തന്നെ മറ്റൊരു ക്ലബായ ബ്രൈട്ടണും താരത്തെ സ്വന്തമാക്കാൻ ശ്രമം നടത്തിയേക്കുമെന്നും ഇന്ത്യൻ താരങ്ങൾക്ക് പ്രീമിയർ ലീഗിൽ കളിക്കാനുള്ള നിലവാരമില്ലെന്ന് അടച്ചു വിശ്വസിക്കാൻ കഴിയില്ലെന്നും അദ്ദേഹം പറയുന്നു.

ഏതാനും ദിവസങ്ങൾക്കു മുൻപ് പുറത്തു വന്ന ഈ റിപ്പോർട്ടുകളോട് ജയ് ഗുപ്‌ത കഴിഞ്ഞ ദിവസം ലോകോത്തര ഗോൾ നേടിയാണ് പ്രതികരിച്ചത്. ഒഡിഷയും ഗോവയും തമ്മിൽ നടന്ന മത്സരത്തിൽ ബോക്‌സിന് പുറത്തു നിന്നും താരം നേടിയ ഗോളാണ് മത്സരത്തിൽ ഗോവ സമനില നേടാൻ കാരണമായത്. ഈ സീസണിൽ രണ്ടു ഗോളും രണ്ട് അസിസ്റ്റുമാണ് താരം സ്വന്തമാക്കിയിട്ടുള്ളത്.

Jay Gupta Linked With Tottenham Hotspur