തന്റെ പ്രിയപ്പെട്ട അഞ്ചംഗ ടീമിനെ തിരഞ്ഞെടുത്ത് എർലിങ് ഹാലൻഡ്, മാഞ്ചസ്റ്റർ സിറ്റിയിൽ നിന്നും ഒരു താരം പോലുമില്ല | Erling Haaland

തന്റെ പ്രിയപ്പെട്ട അഞ്ചംഗ ടീമിനെ തിരഞ്ഞെടുത്തപ്പോൾ മാഞ്ചസ്റ്റർ സിറ്റി സഹതാരങ്ങളിൽ ഒരാളെപ്പോലും പരിഗണിക്കാതെ സൂപ്പർതാരം എർലിങ് ഹാലാൻഡ്. അതേസമയം ഫുട്ബോൾ ലോകത്തെ അടക്കി ഭരിച്ചിരുന്ന സൂപ്പർതാരങ്ങളായ ലയണൽ മെസി, ക്രിസ്റ്റ്യാനോ റൊണാൾഡോ എന്നിവരെ ഹാലാൻഡ് തന്റെ ടീമിൽ ഉൾപ്പെടുത്തി. കഴിഞ്ഞ ദിവസം ഒരു പോഡ്‌കാസ്റ്റിനോട് സംസാരിക്കുകയായിരുന്നു താരം.

തന്റെ ടീമിൽ ബ്രസീലിയൻ താരങ്ങളെ ഉൾപ്പെടുത്താൻ താൽപര്യമുണ്ടെന്ന് ഹാലാൻഡ് പറഞ്ഞെങ്കിലും ഒരു ബ്രസീലിയൻ താരത്തെ മാത്രമാണ് തിരഞ്ഞെടുത്തത്. ക്രിസ്റ്റ്യാനോ റൊണാൾഡോ, ലയണൽ മെസി എന്നിവരെ തന്റെ ടീമിലേക്ക് ഉൾപ്പെടുത്തിയ ഹാലാൻഡ് അതിനു പുറമെ ബ്രസീലിയൻ താരം റൊണാൾഡീന്യോ ഇറ്റാലിയൻ ഇതിഹാസം പൗലോ മാൽഡിനി എന്നിവരെക്കൂടി ടീമിലേക്ക് തിരഞ്ഞെടുത്തു.

ഗോൾകീപ്പറായി സ്‌പാനിഷ്‌ ഇതിഹാസം ഇകർ കസിയസിനെയാണ് ഹാലാൻഡ് തിരഞ്ഞെടുത്തതെങ്കിലും മാഞ്ചസ്റ്റർ സിറ്റിയുടെ ബ്രസീലിയൻ ഗോൾകീപ്പറായ എഡേഴ്‌സണെ താരം വളരെയധികം പ്രശംസിച്ചു. ഫൈവ്‌സ് ഫുട്ബോൾ കളിക്കുന്ന മൈതാനങ്ങളിൽ എഡേഴ്‌സനു ഷൂട്ട് ചെയ്യാൻ അവസരം ലഭിച്ചാൽ താരം പതിനഞ്ചു ഗോളുകളെങ്കിലും നേടുമെന്നാണ് ഹാലാൻഡ് പറയുന്നത്.

മാഞ്ചസ്റ്റർ സിറ്റിക്ക് വേണ്ടി ഈ സീസണിലും മികച്ച പ്രകടനമാണ് ഹാലാൻഡ് നടത്തുന്നത്. പതിനേഴു മത്സരങ്ങളിൽ ഇറങ്ങിയ താരം പതിനാലു ഗോളുകൾ അടക്കം പത്തൊൻപത് ഗോളുകളിൽ പങ്കാളിയായി. ചാമ്പ്യൻസ് ലീഗിലും അഞ്ചു ഗോളുകൾ നേടിയ താരത്തിന് കഴിഞ്ഞ സീസണിലെ നേട്ടങ്ങൾ ആവർത്തിക്കാൻ കഴിഞ്ഞാൽ അടുത്ത തവണ വ്യക്തിഗത പുരസ്‌കാരങ്ങൾ നേടിയെടുക്കാൻ കഴിയും.

Erling Haaland Picks His 5 A Side Team