എമിലിയാനോയെ ഓർമിപ്പിച്ച സേവ്, മാഞ്ചസ്റ്റർ സിറ്റിയെ രക്ഷിച്ച് പകരക്കാരൻ ഗോൾകീപ്പർ ഒർട്ടേഗ | Stefan Ortega

ഇംഗ്ലീഷ് പ്രീമിയർ ലീഗ് പോരാട്ടം ആവേശകരമായ അന്ത്യത്തിലേക്ക്‌ അടുത്ത് കൊണ്ടിരിക്കെ കിരീടത്തിനു വേണ്ടിയുള്ള പോരാട്ടത്തിൽ ഏറ്റവും നിർണായകമായ, ഇന്നലെ നടന്ന മത്സരത്തിൽ വിജയം സ്വന്തമാക്കി മാഞ്ചസ്റ്റർ സിറ്റി. ടോട്ടനത്തിന്റെ മൈതാനത്ത് നടന്ന മത്സരത്തിൽ ഒരു സമനില നേടിയാൽ പോലും കിരീടത്തിനുള്ള സാധ്യത കുറയുമെന്നിരിക്കെ എതിരില്ലാത്ത രണ്ടു ഗോളുകൾക്കാണ് സിറ്റി വിജയിച്ചത്.

മത്സരത്തിൽ ടീമിന്റെ രണ്ടു ഗോളുകളും നേടിയത് ടീമിന്റെ പ്രധാന സ്‌ട്രൈക്കറായ എർലിങ് ഹാലൻഡാണ്. അൻപതാം മിനുട്ടിൽ കെവിൻ ഡി ബ്രൂയ്‌ന്റെ അസിസ്റ്റിൽ ആദ്യത്തെ ഗോൾ നേടിയ താരം അതിനു ശേഷം ഇഞ്ചുറി ടൈമിലാണ് രണ്ടാമത്തെ ഗോൾ കണ്ടെത്തിയത്. വിജയത്തോടെ ആഴ്‌സണലുമായി രണ്ടു പോയിന്റിന്റെ വ്യത്യാസത്തിൽ ഒന്നാം സ്ഥാനത്താണ് മാഞ്ചസ്റ്റർ സിറ്റി.

മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി കടപ്പെട്ടിരിക്കേണ്ടത് പകരക്കാരനായി ഇറങ്ങിയ ഗോൾകീപ്പർ സ്റ്റെഫാൻ ഒർട്ടേഗയോടു കൂടിയാണ്. മത്സരത്തിന്റെ എഴുപതാം മിനുട്ടിലാണ് ക്രിസ്റ്റ്യൻ റൊമേറോയുമായി കൂട്ടിയിടിച്ച് പരിക്കേറ്റ് എഡേഴ്‌സൺ മൈതാനം വിടുന്നത്. അതിനു പകരമാണ് മുപ്പത്തിയൊന്നുകാരനായ ജർമൻ ഗോൾകീപ്പർ ഒർട്ടേഗ കളത്തിലിറങ്ങിയത്.

മത്സരത്തിന്റെ എൺപത്തിയഞ്ചാം മിനുട്ടിൽ സമനില നേടാനുള്ള മികച്ചൊരു അവസരം ടോട്ടനം താരമായ സോണിനു ലഭിച്ചിരുന്നു. ഗോൾകീപ്പർ മാത്രം മുന്നിൽ നിൽക്കെ താരം തൊടുത്ത ഗ്രൗണ്ടർ ഷോട്ട് പക്ഷെ ഒർട്ടേഗ തന്റെ കാലു കൊണ്ടാണ് തടുത്തിട്ടത്. ലോകകപ്പ് ഫൈനലിൽ കൊളോ മുവാനിയുടെ ഷോട്ട് എമിലിയാനോ മാർട്ടിനസ് തടുത്തതിനെ ഓർമിപ്പിക്കുന്നതായിരുന്നു ആ സേവ്.

മത്സരത്തിൽ മാഞ്ചസ്റ്റർ സിറ്റി വിജയം നേടിയതിനു നന്ദി പറയേണ്ടത് ഒർട്ടേഗയോടാണെന്ന് പരിശീലകൻ പെപ് ഗ്വാർഡിയോള തന്നെ അഭിപ്രായപ്പെട്ടിരുന്നു. ആ സേവ് ഇല്ലായിരുന്നെങ്കിൽ ആഴ്‌സണൽ പ്രീമിയർ ലീഗ് നേടുമായിരുന്നുവെന്നാണ് അദ്ദേഹം പറഞ്ഞത്. എന്തായാലും ഇനി വെസ്റ്റ് ഹാമിനെതിരായ അവസാന മത്സരത്തിൽ കൂടി വിജയം നേടിയാൽ കിരീടം സിറ്റിക്ക് സ്വന്തമാക്കാം.

Stefan Ortega Save Against Tottenham Hotspur