ഗോവയെ മറികടന്ന് ഫ്രീകിക്ക് സ്പെഷ്യലിസ്റ്റിനെ സ്വന്തമാക്കി, കേരള ബ്ലാസ്റ്റേഴ്‌സിന്റെ തകർപ്പൻ നീക്കം | Kerala Blasters

വരാനിരിക്കുന്ന സീസണിൽ ടീമിനെ മെച്ചപ്പെടുത്താനുള്ള പ്രവർത്തനങ്ങൾ നേരത്തെ തന്നെ തുടങ്ങി വെച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. റിപ്പോർട്ടുകൾ പ്രകാരം മിസോറാം സ്വദേശിയായ ഒരു മുന്നേറ്റനിര താരത്തെ ബ്ലാസ്റ്റേഴ്‌സ് പ്രീ കോൺട്രാക്റ്റിലൂടെയാണ് സ്വന്തമാക്കിയത്. നിലവിൽ ഐസ്വാൾ എഫ്‌സിക്ക് വേണ്ടി കളിക്കുന്ന ലാൽത്താൻമാവിയ റെന്ത്‌ലിയുമായാണ് ബ്ലാസ്റ്റേഴ്‌സ് കരാറിലെത്തിയിരിക്കുന്നത്.

ബ്ലാസ്റ്റേഴ്‌സ് ഇരുപത്തിയൊന്നുകാരനായ താരത്തെ സ്വന്തമാക്കിയെന്ന റിപ്പോർട്ടുകൾ പുറത്തു വരുന്നുണ്ടെങ്കിലും അക്കാര്യത്തിൽ ഔദ്യോഗികമായ യാതൊരു സ്ഥിരീകരണവും വന്നിട്ടില്ല. നിലവിൽ ഐഎസ്എല്ലിൽ ഏറ്റവും മികച്ച പ്രകടനം നടത്തുന്ന ഗോവ നോട്ടമിട്ടിരുന്ന താരങ്ങളിൽ ഒരാളാണ് റെന്ത്‌ലി. അവരെ മറികടന്ന് താരത്തെ സ്വന്തമാക്കാൻ ബ്ലാസ്റ്റേഴ്‌സിന് കഴിഞ്ഞത് ഒരു വലിയ നേട്ടം തന്നെയാണ്.

2021 മുതൽ ഐ ലീഗ് ക്ലബായ ഐസ്വാൾ എഫ്‌സിക്ക് വേണ്ടി കളിക്കുന്ന താരമാണ് റെന്ത്‌ലി. മുപ്പത്തിനാല് മത്സരങ്ങളിൽ നിന്നും അഞ്ചു ഗോളും എട്ട് അസിസ്റ്റും സ്വന്തമാക്കിയ താരം ഗോളടിക്കാനും ഗോളവസരങ്ങൾ ഒരുക്കി നൽകാനുമുള്ള തന്റെ മികവ് കൃത്യമായി പ്രദർശിപ്പിച്ചിട്ടുണ്ട്. അതിനു പുറമെ മനോഹരമായി ഫ്രീ കിക്ക് എടുക്കാനുള്ള കഴിവും ഇരുപത്തിയൊന്നുകാരാനായ താരത്തിനുണ്ട്.

ഐസ്വാളുമായി ഒരു വർഷം കരാർ ബാക്കി നിൽക്കെയാണ് ബ്ലാസ്റ്റേഴ്‌സ് താരത്തെ സ്വന്തമാക്കിയത്. വിങ്ങിൽ വേഗതയുള്ള നീക്കങ്ങൾ നടത്താൻ കഴിയുന്ന താരം അടുത്ത സീസണിൽ ടീമിന്റെ മുന്നേറ്റനിരയിൽ പ്രധാന പങ്കു വഹിക്കുമെന്ന പ്രതീക്ഷ ആരാധകർക്കുണ്ട്. മൂന്നു വർഷത്തെ കരാറാണ് താരം കേരള ബ്ലാസ്റ്റേഴ്‌സുമായി ഒപ്പിട്ടിരിക്കുന്നത്.

നിലവിൽ ഐഎസ്എൽ പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്തു നിൽക്കുന്ന ബ്ലാസ്റ്റേഴ്‌സ് അടുത്ത മത്സരത്തിൽ പഞ്ചാബ് എഫ്‌സിയെയാണ് നേരിടുന്നത്. ഈ സീസണിൽ കിരീടം നേടാമെന്ന പ്രതീക്ഷ ബ്ലാസ്റ്റേഴ്‌സിന് ഇപ്പോഴുമുണ്ട്. എന്തായാലും അടുത്ത സീസണിലേക്കുള്ള തയ്യാറെടുപ്പുകൾ ബ്ലാസ്റ്റേഴ്‌സ് ഇപ്പോൾ തന്നെ നടത്തുന്നതും പോസിറ്റിവായ കാര്യമാണ്.

Kerala Blasters Reportedly Signed Lalthanmawia Rentlei