എമിലിയാനോയെ നിഷ്പ്രഭനാക്കി എൻസോയുടെ ഫ്രീകിക്ക് ഗോൾ, ആസ്റ്റൺ വില്ല എഫ്എ കപ്പിൽ നിന്നും പുറത്ത് | Enzo Fernandez

ഈ സീസണിൽ മോശം ഫോമിൽ പതറുന്ന ചെൽസിക്ക് ആശ്വാസമായി എഫ്എ കപ്പിന്റെ നാലാം റൗണ്ടിൽ ആസ്റ്റൺ വില്ലക്കെതിരെയുള്ള വിജയം. ഇന്നലെ നടന്ന മത്സരത്തിൽ ഒന്നിനെതിരെ രണ്ടു ഗോളുകൾക്കാണ് ചെൽസി വിജയം സ്വന്തമാക്കിയത്. നേരത്തെ ഇഎഫ്എൽ കപ്പിന്റെ ഫൈനലിൽ എത്തിയ ചെൽസിക്ക് മറ്റൊരു കിരീടത്തിനു കൂടിയുള്ള സാധ്യതകൾ തുറക്കുന്നതാണ് ഈ വിജയം.

മത്സരത്തിന്റെ പതിനൊന്നാം മിനുട്ടിൽ തന്നെ ചെൽസി മുന്നിലെത്തി. നോനി മദൂക്കെയുടെ അസിസ്റ്റിൽ നിന്നും കൊണാർ ഗല്ലാഗർ നേടിയ ഗോളിലാണ് ചെൽസി മത്സരത്തിൽ മുന്നിലെത്തിയത്. അതിനു പിന്നാലെ ടീമിന്റെ ലീഡ് ഉയർത്തി. മാലോ ഗുസ്തോയുടെ അസിസ്റ്റിൽ നിന്നും സ്‌ട്രൈക്കറായ നിക്കോളാസ് ജാക്ക്‌സനാണു ടീമിന്റെ രണ്ടാമത്തെ ഗോൾ നേടി ആദ്യപകുതിയിൽ നില ഭദ്രമാക്കിയത്.

മത്സരത്തിന്റെ രണ്ടാം പകുതിയിലാണ് ഏറ്റവും മനോഹരമായ ഗോൾ പിറന്നത്. അർജന്റീന താരമായ എൻസോ ഫെർണാണ്ടസ് എടുത്ത ഫ്രീകിക്ക് ലോകോത്തര ഗോളിയായ എമിലിയാനോ മാർട്ടിനസിനു യാതൊരു അവസരവും നൽകാതെയാണ് പോസ്റ്റിന്റെ മൂലയിലേക്ക് വളഞ്ഞിറങ്ങിയത്. മത്സരത്തിലെ ഏറ്റവും മനോഹരമായ നിമിഷമായിരുന്നു അതെന്നതിൽ യാതൊരു തർക്കവുമില്ല.

ഗോളിന് ശേഷം താൻ ചെൽസി വിടുമെന്ന അഭ്യൂഹങ്ങളോട് എൻസോ പ്രതികരിക്കുകയുമുണ്ടായി. ചെൽസിയുടെ മോശം ഫോം കാരണം താരം ക്ലബ് വിടാൻ ഒരുങ്ങുകയാണെന്നാണ് കുറച്ചു ദിവസമായി വാർത്തകൾ ഉണ്ടായിരുന്നത്. എന്നാൽ തന്റെ ജേഴ്‌സി ഉയർത്തി ഗോൾ ആഘോഷിച്ച താരം ഇവിടെത്തന്നെ തുടരുമെന്ന് ആരാധകർക്ക് ഉറപ്പും നൽകി.

തോൽവിയോടെ ഒരു കിരീടം സ്വന്തമാക്കാമെന്ന ആസ്റ്റൺ വില്ലയുടെ മോഹങ്ങളാണ് ഇല്ലാതായത്. സീസണിന്റെ ആദ്യപകുതി വരെ മികച്ച ഫോമിൽ കളിച്ചു കൊണ്ടിരുന്ന ആസ്റ്റൺ വില്ല ഇപ്പോൾ കുറച്ചു പുറകോട്ടു പോയിട്ടുണ്ട്. അതേസമയം ഈ മാസാവസാനം ലിവർപൂളിനെ ഇഎഫ്എൽ കപ്പിന്റെ ഫൈനലിൽ നേരിടുന്ന ചെൽസിക്ക് ഈ വിജയം ആത്മവിശ്വാസം നൽകും.

Enzo Fernandez Free Kick Against Aston Villa