ലോകകപ്പ് ഫൈനലിനെ ഓർമിപ്പിക്കുന്ന കിടിലൻ സേവ്, അവസാനമിനുട്ടിൽ വീണ്ടും രക്ഷകനായി എമിലിയാനോ മാർട്ടിനസ് | Emiliano Martinez

എമിലിയാനോ മാർട്ടിനെസെന്ന പേര് ഫുട്ബോൾ ആരാധകർക്കിടയിൽ ചർച്ചയാകാൻ തുടങ്ങിയിട്ട് ഏതാനും വർഷങ്ങൾ മാത്രമേയായിട്ടുള്ളൂ. ആഴ്‌സണലിൽ ലഭിച്ച അവസരം കൃത്യമായി മുതലെടുത്ത് ആരാധകരുടെ ശ്രദ്ധ പിടിച്ചു പറ്റിയ താരം പിന്നീട് ആസ്റ്റൺ വില്ലയിലേക്ക് ചേക്കേറി. തുടർന്ന് ദേശീയ ടീമിലും അവസരം ലഭിച്ച എമിലിയാനോക്ക് പിന്നീട് തിരിഞ്ഞു നോക്കേണ്ടി വന്നിട്ടില്ല.

അർജന്റീനക്കൊപ്പം സാധ്യമായ എല്ലാ കിരീടങ്ങളും സ്വന്തമാക്കിയ എമിലിയാനോ മാർട്ടിനസ് ആസ്റ്റൺ വില്ലക്ക് വേണ്ടിയും മികച്ച പ്രകടനമാണ് നടത്തുന്നത്. ഈ സീസണിൽ ചാമ്പ്യൻസ് ലീഗ് യോഗ്യതക്കായി പൊരുതുന്ന ആസ്റ്റൺ വില്ലയുടെ കുതിപ്പിനു പിന്നിൽ എമിലിയാനോ മാർട്ടിനസിന്റെ കരങ്ങളുമുണ്ട്. കഴിഞ്ഞ ദിവസവും താരം ടീമിന്റെ വിജയത്തിന് പിന്നിലെ നിർണായക സാന്നിധ്യമായി.

ഫുൾഹാമുമായി നടന്ന മത്സരത്തിലാണ് എമിലിയാനോ മാർട്ടിനസ് ടീമിന്റെ രക്ഷകനായത്. മത്സരം തൊണ്ണൂറു മിനുട്ട് പിന്നിട്ടപ്പോൾ ഒന്നിനെതിരെ രണ്ടു ഗോളുകൾക്ക് ആസ്റ്റൺ വില്ല മുന്നിലായിരുന്നു. ആ സമയത്ത് ഫുൾഹാം നടത്തിയ മുന്നേറ്റം ഗോളിലേക്ക് എത്തേണ്ടതായിരുന്നു. എന്നാൽ എമിലിയാനോ മാർട്ടിനസ് അവിശ്വസനീയമായ രീതിയിൽ അതിനെ തടഞ്ഞിട്ട് ടീമിന്റെ വിജയമുറപ്പിച്ചു.

ലോകകപ്പ് ഫൈനലിൽ എമിലിയാനോ മാർട്ടിനസ് നടത്തിയ രണ്ടു സേവുകളെ ഓർമിപ്പിക്കുന്നതായിരുന്നു ആ രക്ഷപ്പെടുത്തൽ. ഓസ്‌ട്രേലിയക്കെതിരെ നടന്ന പ്രീ ക്വാർട്ടർ പോരാട്ടത്തിലും ഫ്രാൻസിനെതിരെ നടന്ന ലോകകപ്പ് ഫൈനലിലും നിർണായകമായ സേവുകൾ താരം നടത്തി. ആ സേവുകളും അവസാന മിനുട്ടിലാണ് വന്നതെന്ന പ്രത്യേകത കൂടിയുണ്ട്.

മത്സരത്തിൽ വിജയം നേടിയതോടെ ടോപ് ഫോറിൽ തുടരാൻ ആസ്റ്റൺ വില്ലക്ക് കഴിഞ്ഞു. ഇരുപത്തിയഞ്ചു മത്സരങ്ങളിൽ നിന്നും നാല്പത്തിയൊമ്പത് പോയിന്റാണ് ആസ്റ്റൺ വില്ലക്ക് ഇപ്പോഴുള്ളത്. ഈ പ്രകടനം തുടരാൻ കഴിഞ്ഞാൽ ആസ്റ്റൺ വില്ലക്ക് അടുത്ത സീസണിൽ ചാമ്പ്യൻസ് ലീഗ് യോഗ്യത ലഭിക്കാനുള്ള എല്ലാ സാധ്യതകളുമുണ്ട്.

Emiliano Martinez Save Against Fulham