അവസാന മിനിറ്റുകളിലെ ഗോളുകളിൽ അവിശ്വസനീയ തിരിച്ചുവരവ്, കിരീടം വിട്ടുകൊടുക്കാനില്ലെന്നുറപ്പിച്ച് ഗോകുലം കേരള | Gokulam Kerala

ഐ ലീഗിന്റെ രണ്ടാം പകുതി ആരംഭിച്ചപ്പോൾ തുടർച്ചയായ നാലാമത്തെ വിജയവുമായി ഗോകുലം കേരള. ഇന്ന് നാംദാരി സ്റ്റേഡിയത്തിൽ വെച്ച് നടന്ന മത്സരത്തിൽ ഡൽഹി എഫ്‌സിയെയാണ് ഗോകുലം കേരള കീഴടക്കിയത്. ഇതോടെ ഐ ലീഗ് കിരീടപ്പോരാട്ടത്തിൽ സജീവമായി നിലനിൽക്കാൻ കഴിഞ്ഞ ഗോകുലം കേരള നിലവിൽ പോയിന്റ് ടേബിളിൽ രണ്ടാം സ്ഥാനത്താണ് നിൽക്കുന്നത്.

തുറന്ന സ്റ്റേഡിയമായ നാംദാരിയിൽ കനത്ത കാറ്റിന്റെ വെല്ലുവിളിയെ അതിജീവിച്ചാണ് ഗോകുലം കേരള വിജയം സ്വന്തമാക്കിയത്. ഐ ലീഗിൽ തുടർച്ചയായി മൂന്നു മത്സരങ്ങളിൽ വിജയവുമായെത്തിയ ഗോകുലം കേരളക്കായിരുന്നു മത്സരത്തിൽ മുൻതൂക്കമെങ്കിലും ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ സെനഗൽ താരമായ ഗസാമയിലൂടെ ഡൽഹി എഫ്‌സി മുന്നിലെത്തി.

അതിനു ശേഷം രണ്ടാം പകുതിയിൽ ഗോകുലം കേരള തിരിച്ചടിക്കാൻ നിരവധി ശ്രമങ്ങൾ നടത്തിയെങ്കിലും എൺപത്തിയഞ്ചാം മിനുട്ട് വരെ മത്സരത്തിൽ ഡൽഹി മുന്നിട്ടു നിന്നു. തുടർന്നാണ് ഗോകുലം കേരളയുടെ തിരിച്ചുവരവ് കണ്ടത്. എൺപത്തിയഞ്ചാം മിനുട്ടിൽ ഒരു ഹാൻഡ് ബോളിനു ലഭിച്ച പെനാൽറ്റിയിലൂടെ നായകനായ അലക്‌സ് സാഞ്ചസ് ഗോകുലത്തിന്റെ സമനില ഗോൾ നേടി.

അതിനു ശേഷം രണ്ടു തവണ ഗോകുലത്തിനു മുന്നിലെത്താൻ അവസരമുണ്ടായിരുന്നെങ്കിലും വമ്പൻ ചാൻസുകൾ ബാബോവിച്ചും അലക്‌സ് സാഞ്ചസും തുലച്ചു കളയുന്നതാണ് കണ്ടത്. എന്നാൽ ഇഞ്ചുറി ടൈമിൽ ഗോകുലത്തിന്റെ വിജയഗോൾ പിറന്നു. നൗഫൽ ബോക്‌സിൽ നടത്തിയ മുന്നേറ്റത്തിനൊടുവിൽ നൽകിയ ക്രോസിൽ തലവെച്ച് ലാലിൻസങ്ങ രെന്ത്ലീയാണ് ടീമിനെ മുന്നിലെത്തിച്ചത്.

വിജയത്തോടെ ലീഗിൽ പതിനഞ്ചു മത്സരങ്ങളിൽ നിന്നും ഇരുപത്തിയൊൻപത് പോയിന്റുമായി രണ്ടാം സ്ഥാനത്താണ് ഗോകുലം നിൽക്കുന്നത്. അത്രയും മത്സരങ്ങളിൽ നിന്നും മുപ്പത്തിനാല് പോയിന്റുള്ള മുഹമ്മദൻസ് ഒന്നാം സ്ഥാനത്തു നിൽക്കുമ്പോൾ ഒരു മത്സരം കുറവ് കളിച്ച് 26 പോയിന്റുള്ള റിയൽ കാശ്‌മീർ, രണ്ടു മത്സരം കുറവ് കളിച്ച് 26 പോയിന്റുള്ള ശ്രീനിധി ഡെക്കാൻ എന്നിവർ ഗോകുലത്തിനു വെല്ലുവിളിയാണ്.

Gokulam Kerala Comeback Against Delhi FC