ഗോകുലം കേരളയുടെ പോരാട്ടവീര്യത്തെ പഞ്ചാബികൾ ഏറ്റെടുത്തു, ഡൽഹിയിൽ ലഭിച്ചത് ഗംഭീരപിന്തുണ | Gokulam Kerala

ഐ ലീഗിൽ ഇന്ന് നടന്ന മത്സരത്തിലും വിജയം സ്വന്തമാക്കിയതോടെ സീസണിന്റെ രണ്ടാം പകുതി ആരംഭിച്ചതോടെ തുടർച്ചയായ നാലാമത്തെ വിജയമാണ് ഗോകുലം കേരള സ്വന്തമാക്കിയത്. ഒരു സമനില നേടിയിരുന്നെങ്കിൽ പോലും കിരീടപ്പോരാട്ടത്തിൽ ടീമിന്റെ പ്രതീക്ഷകൾ ഇല്ലാതാകുമെന്നിരിക്കെയാണ് ഒരു ഗോളിന് പിന്നിൽ നിന്നതിനു ശേഷം രണ്ടു ഗോളുകൾ തിരിച്ചടിച്ച് ഗോകുലം കേരള വിജയം നേടിയത്.

മത്സരത്തിന്റെ ആദ്യപകുതിയുടെ ഇഞ്ചുറി ടൈമിൽ ഗസാമ നേടിയ ഗോളിലൂടെ ഡൽഹി എഫ്‌സിയാണ് മുന്നിലെത്തിയത്. അതിനു ശേഷം എൺപത്തിയഞ്ചാം മിനുട്ട് വരെ ഗോകുലം കേരള ഒരു ഗോളിന് പിന്നിൽ നിൽക്കുകയായിരുന്നു. എന്നാൽ അതിനു ശേഷം പെനാൽറ്റിയിലൂടെ സാഞ്ചസും ഹെഡറിലൂടെ രെന്ത്‌ലിയും ഗോകുലം കേരളയുടെ ഗോളുകൾ സ്വന്തമാക്കി വിജയം നേടിക്കൊടുത്തു.

മത്സരം നടന്നത് ഡൽഹി എഫ്‌സിയുടെ ഹോംഗ്രൗണ്ടായ നാംദാരി സ്പോർട്ട്സ് കോംപ്ലക്സിൽ ആയിരുന്നു. ഡൽഹിയുടെ മൈതാനമായിരുന്നിട്ടു കൂടി ഏറ്റവുമധികം പിന്തുണ ലഭിച്ചത് ഗോകുലം കേരളക്കായിരുന്നു. പഞ്ചാബിൽ സ്ഥിതി ചെയ്യുന്ന ഈ മൈതാനത്ത് മത്സരം കാണാനെത്തിയ പഞ്ചാബി ആരാധകർ എല്ലാവരും ഗോകുലം കേരളക്ക് വേണ്ടിയാണ് ആർപ്പു വിളിച്ചത്.

നാംദാരി മൈതാനത്ത് കളിക്കുന്ന മറ്റൊരു ക്ലബായ നാംദാരി എഫ്‌സി പഞ്ചാബിൽ നിന്നു തന്നെയുള്ളതാണ്. ഇവർ പ്രധാന എതിരാളികളായി കണക്കാക്കുന്നത് ഡൽഹി എഫ്‌സിയെയാണ്. അതുകൊണ്ടാണ് ഡൽഹിയുടെ മത്സരം സ്വന്തം സ്റ്റേഡിയത്തിൽ നടന്നപ്പോൾ അവർ പിന്തുണ ഗോകുലം കേരളക്ക് നൽകിയത്. ആ പിന്തുണയിൽ വിജയം നേടിയതിനു ശേഷം ഗോകുലം കേരള ആരാധകർക്ക് നന്ദി പറഞ്ഞിരുന്നു.

കേരളത്തിൽ നിന്നും ഇത്രയും അകലേക്ക് കളിക്കാൻ വന്നപ്പോൾ സ്വന്തം മൈതാനത്ത് കളിച്ച പ്രതീതിയാണ് ലഭിച്ചതെന്നാണ് ഗോകുലം കേരള കുറിച്ചത്. എന്തായാലും ആ പിന്തുണ വിജയം നേടാൻ ഗോകുലത്തിന് വലിയ പ്രചോദനമായെന്നതിൽ സംശയമില്ല. ഇന്നത്തെ വിജയത്തോടെ ഐ ലീഗ് പോയിന്റ് ടേബിളിൽ ഗോകുലം കേരളം രണ്ടാം സ്ഥാനത്തേക്ക് വീണ്ടുമെത്തിയിട്ടുണ്ട്.

Gokulam Kerala Get Big Support From Punjabi Fans