കേരള ബ്ലാസ്റ്റേഴ്‌സിന്റെ മികച്ചൊരു നീക്കം, വിദേശതാരവുമായി കരാർ പുതുക്കാനുള്ള ചർച്ചകൾ ആരംഭിച്ചു | Kerala Blasters

അടുത്ത സീസൺ ഐഎസ്എല്ലിലേക്ക് ടീമിനെ തയ്യാറെടുപ്പിക്കാനുള്ള നീക്കങ്ങളാരംഭിച്ച് കേരള ബ്ലാസ്റ്റേഴ്‌സ്. ടീമിനെ മുഴുവനായി പൊളിച്ചു പണിയുന്നതിന് പകരം ടീമിലുള്ള മികച്ച പ്രകടനം നടത്തുന്ന കളിക്കാരെ നിലനിർത്താനുള്ള പദ്ധതികൾ ബ്ലാസ്റ്റേഴ്‌സ് ആരംഭിച്ചു. റിപ്പോർട്ടുകൾ പ്രകാരം ഒരു വിദേശതാരവുമായി കരാർ പുതുക്കാനുള്ള ചർച്ചകൾ നേതൃത്വം ആരംഭിച്ചിട്ടുണ്ട്.

മോണ്ടിനെഗ്രോ പ്രതിരോധതാരമായ മീലൊസ് ഡ്രിഞ്ചിച്ചുമായി കരാർ പുതുക്കാനുള്ള ചർച്ചകളാണ് ബ്ലാസ്റ്റേഴ്‌സ് നേതൃത്വം തുടങ്ങിയിരിക്കുന്നത്. ഈ സീസണിന്റെ തുടക്കത്തിലാണ് ഡ്രിഞ്ചിച്ച് കേരള ബ്ലാസ്റ്റേഴ്‌സിൽ എത്തിയത്. ഒരു വർഷത്തെ കരാർ മാത്രമൊപ്പിട്ട് ക്ലബ്ബിലേക്ക് വന്ന താരം സീസണിന് ശേഷം ഫ്രീ ഏജന്റായി മാറുമെന്നിരിക്കെയാണ് പുതിയ കരാർ ചർച്ചകൾ നടക്കുന്നത്.

ഇരുപത്തിയഞ്ചു വയസ് മാത്രം പ്രായമുള്ള താരം കരാർ ഒപ്പിടാൻ സമ്മതം മൂളുമെന്ന ഉറച്ച പ്രതീക്ഷ ബ്ലാസ്റ്റേഴ്‌സ് നേതൃത്വത്തിനുണ്ട്. നിലവിൽ മറ്റുള്ള ക്ലബുകളിൽ നിന്നും ഡ്രിഞ്ചിച്ചിനെ സ്വന്തമാക്കാൻ നീക്കങ്ങളൊന്നും ഉണ്ടായിട്ടില്ല. ബ്ലാസ്റ്റേഴ്‌സ് ആരാധകരെ വളരെയധികം ഇഷ്‌ടപ്പെടുന്ന താരം ടീമിനൊപ്പം തുടരുമെന്ന് തന്നെയാണ് ഏവരും പ്രതീക്ഷിക്കുന്നത്.

ബെലാറസ് ക്ലബായ ഷാക്റ്റിയോറിൽ നിന്നുമാണ് മിലോസ് ഡ്രിഞ്ചിച്ച് ബ്ലാസ്റ്റേഴ്‌സിലേക്ക് ചേക്കേറിയത്. ഇന്ത്യൻ ഫുട്ബോളിന്റെ സാഹചര്യങ്ങളുമായി പൊരുത്തപ്പെടാൻ താരത്തിന് എളുപ്പത്തിൽ കഴിഞ്ഞു. ബ്ലാസ്റ്റേഴ്‌സ് പ്രതിരോധത്തെ നയിക്കാനുള്ള കഴിവുണ്ടെന്ന് തെളിയിച്ച താരം അടുത്ത സീസണിലും ടീമിനൊപ്പമുണ്ടെങ്കിൽ അത് കൂടുതൽ കരുത്ത് നൽകുമെന്നതിൽ സംശയമില്ല.

പ്രതിരോധത്തിലെ പ്രധാനിയായ താരം ലെസ്കോവിച്ചുമായി ചേർന്നുള്ള സഖ്യം ടൂർണമെന്റിൽ മികച്ച പ്രകടനം നടത്തിയിരുന്നു. എന്നാൽ ബ്ലാസ്റ്റേഴ്‌സ് പരിക്കിന്റെ പിടിയിലേക്ക് കൂടുതൽ പോയതോടെ ടീമിന്റെ ഫോമിൽ വലിയ മാറ്റങ്ങളുണ്ടായത് തിരിച്ചടിയായി. പ്രതിരോധതാരമാണെങ്കിലും ഈ സീസണിൽ രണ്ടു ഗോളുകൾ ബ്ലാസ്റ്റേഴ്‌സിന് വേണ്ടി നേടാൻ താരത്തിന് കഴിഞ്ഞിട്ടുണ്ട്.

Kerala Blasters In Talks To Extend Milos Drincic Contract